പി.ജയരാജന്‍ കീഴടങ്ങി; ജയിലിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റി
text_fieldsതലശ്ശേരി: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജ് വധക്കേസില്‍ സി.ബി.ഐ പ്രതിചേര്‍ത്ത സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ കീഴടങ്ങി. തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജി വി.ജി. അനില്‍കുമാര്‍ മുമ്പാകെയാണ് വെള്ളിയാഴ്ച കീഴടങ്ങിയത്. മാര്‍ച്ച് 11 വരെ റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു. യു.എ.പി.എ പ്രകാരം 30 ദിവസമാണ് റിമാന്‍ഡ്.
എന്നാല്‍, ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് പിന്നീട് അദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നാലുതവണ ആന്‍ജിയോപ്ളാസ്റ്റി നടത്തിയ ജയരാജന് ഹൃദയസംബന്ധമായ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനക്കുശേഷം ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചത്. എത്രയും വേഗം ഏറ്റവും അടുത്ത ഹൃദയശസ്ത്രക്രിയാ സംവിധാനമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും നിര്‍ദേശിച്ചു. അതിനിടെ, ജില്ലാ കോടതിയില്‍ സി.ബി.ഐ കസ്റ്റഡി അപേക്ഷ നല്‍കി. 16 മുതല്‍ മൂന്നുദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
മുന്‍കൂര്‍ ജാമ്യ ഹരജി ഹൈകോടതി തള്ളിയതിനാല്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് വാങ്ങിയാണ് ജയരാജന്‍ കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രിയുടെ മൊബൈല്‍ ഐ.സി.യു ആംബുലന്‍സില്‍ രാവിലെ 10.45ന് തലശ്ശേരി കോടതിയിലത്തെിയത്. 11ന് കോടതി ചേര്‍ന്ന ഉടന്‍ ജയരാജന്‍ കീഴടങ്ങുന്നതായി അഭിഭാഷകന്‍ കെ. വിശ്വന്‍ അറിയിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം 11.50ന് പുറത്തിറങ്ങി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് പുറപ്പെട്ടു. ഭാര്യ യമുന, ഇളയ മകന്‍ ആഷിഷ് പി. രാജ്, സഹോദരിയും മുന്‍ എം.പിയുമായ പി. സതീദേവി തുടങ്ങിയ ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളായ സംസ്ഥാന സമിതിയംഗം എം.വി. ജയരാജന്‍, കെ.പി. സഹദേവന്‍, കെ.കെ. രാഗേഷ് എം.പി, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എം. സുരേന്ദ്രന്‍, വത്സന്‍ പനോളി, എന്‍. ചന്ദ്രന്‍, കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്‍റ് ഒ.കെ. വാസു തുടങ്ങിയവരും കോടതിയിലത്തെിയിരുന്നു. ജയരാജന്‍ ജയിലിലേക്ക് പുറപ്പെടുമ്പോള്‍ മുദ്രാവാക്യം വിളിക്കാനൊരുങ്ങിയ പ്രവര്‍ത്തകരെ വിലക്കിയ നേതാക്കള്‍, കോടതി വളപ്പിന് പുറത്തിറങ്ങി വിളിക്കാന്‍ നിര്‍ദേശിച്ചു. ഭാവിയില്‍ ജാമ്യ നടപടി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തലശ്ശേരി സെഷന്‍സ് കോടതിയില്‍ ആരംഭിക്കുമെന്ന് അഡ്വ. കെ. വിശ്വന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.