'ആരോഗ്യ കിരണം' പദ്ധതിയില്‍ അപകട ചികിത്സയും ഉൾപ്പെടുത്തും
text_fieldsതിരുവനന്തപുരം: 'ആരോഗ്യ കിരണം' പദ്ധതിയില്‍ അപകട ചികിത്സയും ഉള്‍പ്പെടുത്തുമെന്ന് യു.ഡി.എഫ് സർക്കാരിന്‍റെ ബജറ്റ് വാഗ്ദാനം. കാന്‍സര്‍ ബാധിതരായ പട്ടിക ജാതിക്കാര്‍ക്ക് പരിപൂര്‍ണ സൗജന്യ ചികിത്സ ലഭ്യമാക്കും. എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അലോപ്പതി, ആയുര്‍വേദ, ഹോമിയോ ചികിത്സാ സംവിധാനങ്ങളുള്ള ആദ്യ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി വ്യക്തമാക്കി.
ആരോഗ്യ മേഖലക്കായി 1013.11 കോടി രൂപ വകയിരുത്തിയ ബജറ്റിൽ ഹോമിയോ വിദ്യാഭ്യാസത്തിന് 19.81 കോടിയും ആയുര്‍വേദ ഡിസ്പെന്‍സറികള്‍ ശക്തിപ്പെടുത്താൻ 2.5 കോടിയും ആയുര്‍വേദ മെഡിക്കല്‍ കോളേജുകള്‍ക്ക് 33 കോടിയും നീക്കിവെച്ചിട്ടുണ്ട്. 'മൃതസഞ്ജീവനി' പദ്ധതിക്ക് രണ്ട് കോടി, സ്ത്രീകളുടെയും ശിശുക്കളുടെയും ആശുപത്രികള്‍ക്ക് 18.3 കോടി, കുതിരവട്ടം ആശുപത്രിക്ക് 30 കോടി, കൊച്ചി കാന്‍സര്‍ ആശുപത്രിക്ക് 20 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
മഞ്ചേരി മെഡിക്കല്‍ കോളജിലെ ജനറല്‍ ആശുപത്രി മാറ്റി സ്ഥാപിക്കും. പാല ജനറല്‍ ആശുപത്രിയില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് തുക അനുവദിക്കും. ഹരിപ്പാട് പുതിയതായി നഴ്സിങ് കോളജ് തുടങ്ങും. കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ കാത്ത്‌ലാബ് സ്ഥാപിക്കും.
പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച ബജറ്റിൽ മെഡിക്കല്‍ കോളേജിന് 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ച് നിശ്ചിത യോഗ്യതയുള്ള ജീവനക്കാരെ മാത്രമെ പരിയാരത്ത് നിലനിര്‍ത്താനാകൂവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.