ശതകോടികളുടെ തിരിമറി: കെ.പി. യോഹന്നാനും കുടുംബത്തിനുമെതിരെ അമേരിക്കയില്‍ ഹരജി
text_fieldsപത്തനംതിട്ട: ജീവകാരുണ്യ പ്രവര്‍ത്തനത്തിനെന്നപേരില്‍ സ്വരൂപിച്ച കോടിക്കണക്കിന് ഡോളര്‍ സ്വകാര്യ സാമ്രാജ്യം പടുത്തുയര്‍ത്താന്‍ ഉപയോഗിച്ചെന്നാരോപിച്ച് ബിഷപ് കെ.പി. യോഹന്നാനെയും കുടുംബത്തെയും അദ്ദേഹത്തിന്‍െറ ഗോസ്പല്‍ ഫോര്‍ ഏഷ്യ സംഘടനാ ഭാരവാഹികളെയും പ്രതികളാക്കി അമേരിക്കന്‍ കോടതിയില്‍ കേസ്. അര്‍ക്കന്‍സാസ് സംസ്ഥാനത്തെ ജില്ലാ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. അമേരിക്കയിലെ ഏറ്റവും വലിയ മിഷനറി സംഘടനകളിലൊന്നായ ഗോസ്പല്‍ ഫോര്‍ ഏഷ്യ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പരിച്ചെടുത്ത നൂറുകണക്കിന് മില്യന്‍ ഡോളര്‍ ലാഭകരമായ കച്ചവടത്തിനും ആഡംബര ആസ്ഥാന നിര്‍മാണത്തിനും വിനിയോഗിച്ചെന്നാണ് ഹരജിയില്‍ ആരോപിക്കുന്നത്.
അമേരിക്കയില്‍ ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് അംഗീകാരം നല്‍കുന്ന ഇവാഞ്ചലിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഫിനാന്‍ഷ്യന്‍ അക്കൗണ്ടബിലിറ്റി (ഇ.സി.എഫ്.എ) എന്ന ഏജന്‍സിയുടെ ഏഴ് അടിസ്ഥാന നിയമങ്ങളില്‍ അഞ്ചും ഗോസ്പല്‍ ഫോര്‍ ഏഷ്യ ലംഘിച്ചെന്നാണ് ഹരജിയിലെ ആരോപണം. 2007-13 കാലത്ത് ഗോസ്പല്‍ ഫോര്‍ ഏഷ്യ അമേരിക്കയില്‍നിന്ന് മാത്രം 45 കോടി ഡോളര്‍ (ഉദ്ദേശം 2700 കോടി രൂപ)സംഭാവനയായി സ്വരൂപിച്ചെന്ന് ഹരജിയില്‍ പറയുന്നു.
ഇന്ത്യയിലെ പാവങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാനെന്നുപറഞ്ഞ് 2012ല്‍ 35 ലക്ഷം ഡോളര്‍ അമേരിക്കയില്‍നിന്ന് പിരിച്ചിരുന്നു. എന്നാല്‍, ഇന്ത്യന്‍ സര്‍ക്കാറിന് സമര്‍പ്പിച്ച കണക്കുകളില്‍ കിണര്‍ നിര്‍മാണത്തിന് അഞ്ചുലക്ഷം ഡോളര്‍ ചെലവഴിച്ചെന്നാണ് കാണിച്ചിരിക്കുന്നത്. 2013ല്‍ ലോകത്താകമാനംനിന്ന് 11.50 കോടി ഡോളര്‍ പിരിച്ചിരുന്നു. അതില്‍ 1,46,44,642 ഡോളര്‍ മാത്രമാണ് ചെലവഴിച്ചതെന്നും പറയുന്നു.
ബിഷപ് കെ.പി. യോഹന്നാന്‍, ഭാര്യ ഗിസേല പുന്നൂസ്, മകനും ഗോസ്പല്‍ ഫോര്‍ ഏഷ്യ ഡയറക്ടര്‍ ബോര്‍ഡ് അംഗവും വൈസ് പ്രസിഡന്‍റുമായ ദാനിയല്‍ പുന്നൂസ്, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ഡേവിഡ് കാരള്‍, സംഘടനയുടെ കാനഡകാര്യ തലവനും അമേരിക്കന്‍ പൗരനുമായ പാറ്റ് എമറിക് എന്നിവരാണ് പ്രതികള്‍. അമേരിക്കയിലെ ഡള്ളാസ് വാസികളായ മാത്യു, ജന്നിഫര്‍ ഡിക്സണ്‍ എന്നിവരാണ് കേസ് ഫയല്‍ ചെയ്തത്.
ബ്ളാക്മെയില്‍ ചെയ്ത് പണം തട്ടുന്ന സംഘമാണ് കേസിനുപിന്നിലെന്ന് കെ.പ. യോഹന്നാന്‍െറ പ്രൈവറ്റ് സെക്രട്ടറിയും പി.ആര്‍.ഒയുമായ ഫാ. സിജു ജോസ് പറഞ്ഞു. ഒന്നര വര്‍ഷമായി ഈ സംഘം ഇത്തരം പ്രവൃത്തികളുമായി ഗോസ്പല്‍ ഫോര്‍ ഏഷ്യക്കെതിരെ നീങ്ങുകയാണ്. കേരളത്തിലെ ഇവരുടെ ഏജന്‍റുമാര്‍ കേസ് പിന്‍വലിക്കുന്നതിന് 10 കോടി രൂപ ആവശ്യപ്പെട്ട് സമീപിച്ചിരുന്നു. അവര്‍ ബ്ളാക്മെയില്‍ ചെയ്യുന്നെന്നുകാട്ടി ക്രിമിനല്‍ കേസടക്കം നല്‍കാന്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യ തീരുമാനിച്ചിട്ടുണ്ടെന്നും ഫാ. സിജു ജോസ് പറഞ്ഞു.
എല്ലാ നിയമങ്ങളും പാലിച്ചാണ് ഗോസ്പല്‍ ഫോര്‍ ഏഷ്യ പ്രവര്‍ത്തിക്കുന്നത്. വിദേശ സംഭാവന നിയന്ത്രണ നിയമം അനുസരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് എല്ലാ കണക്കുകളും സമര്‍പ്പിക്കുന്നുണ്ട്. 2011ല്‍ ആരോപണം ഉയര്‍ന്നപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം നടത്തി എല്ലാ അക്കൗണ്ടുകളും കൃത്യമാണെന്ന് കേരള ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.