തുഞ്ചന്‍ ഉത്സവത്തിന് ക്ഷണിക്കാത്തത് താന്‍ താഴ്ന്ന ജാതിയില്‍ പെട്ടതിനാൽ -ടി. പത്മനാഭന്‍
text_fieldsപെരിന്തല്‍മണ്ണ: തുഞ്ചന്‍ ഉത്സവത്തിന് ക്ഷണിക്കാതിരിക്കാന്‍ കാരണമാകുന്നത് താന്‍ താഴ്ന്ന ജാതിയില്‍ പെട്ടവനായത് കൊണ്ടാണോയെന്ന് സാഹിത്യകാരന്‍ ടി. പത്മനാഭന്‍. പെരിന്തല്‍മണ്ണ കീഴാറ്റൂരില്‍ പൂന്താനം സ്മാരക സമിതി സംഘടിപ്പിച്ച പൂന്താനം സാഹിത്യോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ താഴ്ന്ന ജാതിയില്‍പെട്ടവന്‍ തന്നെയാണ്. എങ്കിലും ഈ വിഷയത്തില്‍ തനിക്കൊരു മോക്ഷം വേണ്ടേ?. തന്നെ സ്ഥിരമായി മാറ്റിനിര്‍ത്തണോ. എത്രയോ കൊല്ലമായി അവഗണന നേരിടുന്നു. തുഞ്ചത്തെഴുത്തച്ഛന്‍റെ ആരാധകനായ തനിക്ക് ഇന്നുവരെ ഒരു ക്ഷണവും ലഭിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാറിന്‍റെയും സംസ്ഥാന സര്‍ക്കാറിന്‍റെയും ഗ്രാന്‍റ് ഉപയോഗിച്ചാണ് അവിടെ പരിപാടി സംഘടിപ്പിക്കുന്നത്. പക്ഷേ, ടി. പത്മനാഭന്‍ ആ വഴിക്ക് വരരുതെന്നാണ് നിലപാട്. എന്ത് കുറ്റമാണ് താന്‍ ചെയ്തതെന്ന് അറിയില്ലെന്നും പത്മനാഭന്‍ പറഞ്ഞു.
എഴുത്തച്ഛനിലുള്ള അങ്ങേയറ്റത്തെ ആരാധനയെ കുറിച്ച് താന്‍ പറയാറുണ്ട്. മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കാറുമുണ്ട്. തുഞ്ചന്‍ ഉത്സവത്തിന് ക്ഷണിക്കാത്തതില്‍ താന്‍ അതീവ ദുഃഖിതനുമാണ്. എഴുത്തച്ഛന്‍റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം നല്‍കാറുണ്ട്. സര്‍ക്കാറിന്‍റെ ഏറ്റവും വലിയ ഈ പുരസ്കാരം പണ്ടേ കിട്ടുകയെന്ന ഭാഗ്യം തനിക്കുണ്ടായിട്ടുണ്ട്. ഇത്രയുമൊക്കെയായിട്ടും ക്ഷണിച്ചു കൊണ്ടുള്ള ഒരു കാര്‍ഡ് പോലും തനിക്ക് ലഭിച്ചിട്ടില്ല. ഈ ദുഃഖം ഇല്ലാതാകുന്നത് പൂന്താനം സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
പൂന്താനം സ്മാരക സമിതി ഏര്‍പ്പെടുത്തിയ പൂന്താനം കവിതാ അവാര്‍ഡ് സമര്‍പ്പണത്തിന് ശേഷമാണ് അദ്ദേഹം വികാരാധീനനായി സംസാരിച്ചത്. ഇന്നാണ് തിരൂരില്‍ തുഞ്ചല്‍ ഉത്സവം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.