സ്നേഹാക്ഷരങ്ങളുടെ മഹാശില്‍പി
text_fieldsഇലകളില്‍നിന്നും ഹിമകണികകള്‍ തെരുതെരെയിറ്റിറ്റുതിരുന്ന നിസ്വനംപോലെ, ഒരു തിര വന്നു മണല്‍·തരികളെ കിരുകിരെ കെട്ടിപ്പുണരുന്നതിന്‍െറ സീല്‍ക്കാരം പോലെ, ഒരു തരുവിന്‍െറ മുടിയിഴ മെല്ലെ വകഞ്ഞുപോവുന്ന കാറ്റിന്‍െറ മര്‍മരം പോലെ അരുമയായ് വന്നു നമ്മെ തഴുകുന്ന വിലോലമായ സ്നേഹാക്ഷരങ്ങളുടെ മഹാശില്‍പി. കേരളത്തിലെ സമരതീക്ഷ്ണമായ രാഷ്ട്രീയ ഭൂതകാലത്തിന് പൊന്നരിവാളിന്‍െറ മൂര്‍ച്ച കൊടുത്ത കാവ്യസൗന്ദര്യം. എത്രയും ജീര്‍ണമായൊരീ ജീവിതസത്രത്തിലാര്‍ത്ത രായൊത്തുചേരും പഥികര്‍ക്കുവേണ്ടി ഒരു കോണിലിരുന്ന് പുരാതന കിന്നരം മീട്ടിപ്പാടുന്ന ഗായകന്‍. ഒറ്റപ്ലാവില്‍ നീലകണ്ഠന്‍ വേലുക്കുറുപ്പിനെ ചിലര്‍ വിപ്ലവകവിയെന്നു വിളിച്ചു. ചിലര്‍ കാല്‍പനിക കവിയെന്നു വിളിച്ചു. മറ്റു ചിലര്‍ ആധുനിക കവിയെന്നും. വൈലോപ്പിള്ളി പറഞ്ഞതുപോലെ ഒരു തൊപ്പിയിലുമൊതുങ്ങാത്ത ചുരുള്‍മുടികള്‍ ചൂഴ്ന്ന്, ഒരു കുറ്റിയിലുമൊതുങ്ങാത്ത മുന്തിരിവള്ളികള്‍ വീശി, ഭാവവും ഭാവനയും ഭാഷയും സംഗീതവും തമ്മില്‍ തമ്മിലലിഞ്ഞ് ലയിക്കുന്ന കാവ്യചൈതന്യം. നിത്യയുവത്വമാര്‍ന്ന വാക്കുകളും വരികളും കൊണ്ട് മലയാള ഭാഷയെ ധന്യമാക്കിയ ഒ.എന്‍.വിക്ക് ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരം.
കടലില്‍ നിന്ന് മുത്തുകള്‍ വിളയുന്നതുപോലെ മാനവികതയില്‍നിന്ന് കവിത വിളയുന്നു എന്നു വിശ്വസിച്ച് അരനൂറ്റാണ്ടിലധികമായി അനുസ്യൂതം തുടരുന്ന കാവ്യസപര്യക്ക് ജ്ഞാനപീഠം വൈകിയെത്തിയ അംഗീകാരം. എഴുത്തിന്‍െറ തുടക്കത്തില്‍ ധാരാളം രക്തപുഷ്പങ്ങള്‍ വിരിയിച്ചുകൊണ്ട് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ വിപ്ളവത്തിനും സാമൂഹിക നവോത്ഥാനത്തിനും വേണ്ട സാംസ്കാരികോര്‍ജം പകര്‍ന്നുവെങ്കിലും കമ്യൂണിസ്റ്റ് കാവ്യസരണിയില്‍ തളച്ചിടപ്പെട്ടില്ല. തരള കാല്‍പനികമായ പദാവലികളിലൂടെ ജീവിതത്തിന്‍െറ ഉള്‍ത്തുടിപ്പുകള്‍ തൊട്ടറിഞ്ഞ് അതിന്‍െറ മൃദുഭാവങ്ങള്‍ നീട്ടിപ്പാടിക്കൊണ്ട് ഒ.എന്‍.വി മലയാളത്തിലെ ഏറ്റവും ജനപ്രിയനായ കവിയായി. തന്ത്രികള്‍ പൊട്ടിയ തംബുരുവില്‍ പാഴ്ശ്രുതി മീട്ടുന്ന വിരഹികളുടെ വേദനകള്‍, വേര്‍പിരിയുവാന്‍ മാത്രം ഒന്നിച്ചുകൂടി വേദനകള്‍ പങ്കുവെക്കുന്നവരുടെ നോവുകള്‍ എല്ലാം ആ കവിതകളില്‍ നിറഞ്ഞു. മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും അനുഭവിപ്പിച്ചു.
കൊല്ലം ജില്ലയിലെ ചവറയില്‍ ജനനം. കായലും കൈത്തോടുമുള്ള ഗ്രാമം. അവിടത്തെ വെള്ളത്തിന് ഉപ്പുരസമായിരുന്നു. ജീവിതത്തിന് കണ്ണീരിന്‍െറ ഉപ്പ്. തോട്ടില്‍ തൊണ്ടുകള്‍ ചീയുന്നുണ്ടായിരുന്നു. കരയില്‍ ജീവിതവും. അധ്വാനിക്കുന്ന തൊഴിലാളിവര്‍ഗത്തിന്‍െറ ഹൃദയത്തുടിപ്പുകള്‍ കേട്ടത് ചീഞ്ഞ തൊണ്ടില്‍നിന്ന് ചകിരിനാരു വേര്‍പെടുത്തുന്ന തൊണ്ടടിശബ്ദത്തില്‍ നിന്ന്. ചുക്കും ആടലോടകവും നൊച്ചിയിലയും കൃഷ്ണതുളസിയും ചേര്‍ത്ത് കഷായവും ലേഹ്യവുമുണ്ടാക്കി, തളര്‍ന്ന നാഡികളില്‍ പുതുജീവന്‍ പകര്‍ന്നുകൊടുത്ത വൈദ്യകുടുംബത്തില്‍ 1931 മേയ് 7ന് അത്തം നക്ഷത്രത്തില്‍ ജനനം. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ പ്രധാനവൈദ്യനും സ്വരാജ്യത്തിന്‍െറ പത്രാധിപരുമായ ഒ.എന്‍. കൃഷ്ണക്കുറുപ്പ് മകന് സ്വന്തം അച്ഛന്‍െറ പേരിട്ടു. വേലുക്കുറുപ്പ്. അപ്പു എന്ന് ഓമനപ്പേര്. ആദ്യഗുരു അച്ഛന്‍ തന്നെ. സംസ്കൃതവും മലയാളവും പഠിപ്പിച്ചു. എട്ടാം വയസ്സില്‍ അച്ഛന്‍ ഭൂമി വിട്ടുപോയി. പുസ്തകങ്ങള്‍ മാത്രമായിരുന്നു അന്ന് കൂട്ടിന്. കടുത്ത ഏകാന്തതയുടെ അമാവാസിയില്‍ ആ ബാല്യത്തിനു കൈവന്ന ഒരു തുള്ളിവെളിച്ചമായിരുന്നു കവിത.
കഥകളിയും ഗുസ്തിയും കഥകളിക്കളരിയുമുള്ള വിശാലമായ എട്ടുകെട്ടിന്‍െറ പ്രതാപത്തിലോ പ്രൗഢിയിലോ അപ്പു കാര്യം കണ്ടില്ല. ആലിലകള്‍ നാമം ചൊല്ലുന്ന വീരഭദ്രക്ഷേത്രത്തിന്‍െറ വെള്ളമണല്‍ വിരിച്ച മുറ്റത്തും അഷ്ടമുടിക്കായലിന്‍െറ ശീതം പിടിച്ച തീരത്തും ആഞ്ഞൊരു കാറ്റടിക്കുമ്പോള്‍ ആടിക്കിതച്ച് പരസ്പരം കെട്ടിപ്പിടിക്കാനെത്തുന്ന തെങ്ങിന്‍കൂട്ടത്തിന്‍െറ ചുവട്ടിലും അവന്‍ കവിത കണ്ടു. ചവറ ഒ.എന്‍.വി കുറുപ്പ് എന്ന പേരില്‍ പതിനഞ്ചാം വയസ്സില്‍ ‘മുന്നോട്ട്’ എന്ന കവിത എഴുതി. പിന്നീടൊരിക്കലും പിന്നോട്ടു പോവേണ്ടിവന്നിട്ടില്ല. പതിനേഴാം വയസ്സില്‍ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന തലത്തില്‍ നടത്തിയ മത്സരത്തില്‍ ‘അരിവാളും രാക്കുയിലും’ എന്ന കവിതക്ക് ഒന്നാംസ്ഥാനം. പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയാന്‍ തുടങ്ങിയത് അക്കാലത്ത്. പിന്നീട് വയലാറും പി. ഭാസ്കരനുമുള്‍പ്പെടുന്ന വിപ്ളവകവിത്രയത്തിലെ ജ്വലിക്കുന്ന സാന്നിധ്യമായി. ഇരുട്ടിലടിഞ്ഞ പതിതജന്മങ്ങള്‍ക്കുവേണ്ടി പോരാടുന്ന കരങ്ങളും പാടുന്ന കരളുമായി. ഒരേ സമയം കാല്‍പനിക കവിയും വിപ്ളവകവിയുമായി മലയാളത്തിന്‍െറ കാവ്യാന്തരീക്ഷത്തില്‍ അനിഷേധ്യനായി. ‘നമ്മളുകൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ...’ എന്ന ഗാനം മണ്ണിലും ചളിയിലും പുതഞ്ഞു ജീവിച്ച കര്‍ഷകരുടെ കാല്‍പനിക സ്വപ്നങ്ങള്‍ക്കു തീകൊളുത്തി. അവരുടെ വിയര്‍പ്പിനും കണ്ണീരിനും ചോരക്കും അദ്ദേഹത്തിന്‍െറ വരികളില്‍ ഏറെ ഇടം കിട്ടി.
1949ല്‍ ആദ്യ കവിതാസമാഹാരം. ‘പൊരുതുന്ന സൗന്ദര്യം’. ചവറ ഇംഗ്ളീഷ് ഹൈസ്കൂളിലും കൊല്ലം എസ്.എന്‍ കോളജിലും തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലുമായി പഠനം പൂര്‍ത്തിയാക്കി. 1957ല്‍ എറണാകുളം മഹാരാജാസ് കോളജില്‍ അധ്യാപകനായി. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ കാല്‍നൂറ്റാണ്ടുകാലം. ഗവ. വിമന്‍സ് കോളജില്‍നിന്ന് 1986ല്‍ വിരമിച്ചു. വഹിച്ച പദവികള്‍ അനേകം. കേരള കലാമണ്ഡലം ചെയര്‍മാന്‍, കേന്ദ്രസാഹിത്യ അക്കാദമി എക്സിക്യൂട്ടിവ് അംഗം. ഒരിക്കല്‍ മാത്രം രാഷ്ട്രീയത്തില്‍ ജനവിധി തേടിയിട്ടുണ്ട്. 1989ല്‍ തിരുവനന്തപുരം മണ്ഡലത്തില്‍ എ. ചാള്‍സിനെതിരെ. അന്ന് ജനങ്ങള്‍ തുണച്ചില്ല. പല രാജ്യങ്ങളില്‍ ചെന്ന് മലയാള ഭാഷയുടെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ടോള്‍സ്റ്റോയിയുടെ 150ാം ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പോയ ഇന്ത്യന്‍ എഴുത്തുകാരുടെ പ്രതിനിധിസംഘത്തില്‍ അംഗമായിരുന്നു. ജര്‍മനിയിലെ ബോണ്‍ സര്‍വകലാശാലയില്‍ ബീഥോവനെയും മൊസാര്‍ട്ടിനെയും പറ്റിയുള്ള കവിതകള്‍ അവതരിപ്പിച്ചു. ബര്‍ലിന്‍, ന്യൂയോര്‍ക്, സിംഗപ്പൂര്‍, യൂഗോസ്ലാവിയ എന്നിവിടങ്ങളില്‍ സാഹിത്യസമ്മേളനങ്ങളില്‍ പങ്കെടുത്തു. പോയ ഇടങ്ങളിലെല്ലാം മാമ്പൂ മണവും പ്രണയനിലാവും കന്നിവെയിലും നിറഞ്ഞ നാട്ടുവഴികളും പുഴവക്കില്‍ കുളുര്‍നിലാച്ചന്ദനക്കുറിയിട്ടു നില്‍ക്കുന്ന പൂക്കൈതകളും അങ്ങനെ കേരളത്തിന്‍െറ മണവും നിറങ്ങളും കാഴ്ചകളും ഉത്സവച്ചന്തത്തോടെ പൂത്തുനില്‍ക്കുന്ന വാക്കുകളുടെ സൗരഭ്യം പരത്തി.
മലയാളിയായി പിറന്നവരില്‍ അരസികരോ അല്‍പന്മാരോ ഒഴിച്ചാല്‍ ആ കാവ്യഭാവനയുടെ കാറ്റേറ്റ് കുളിര്‍ന്നു വിറയ്ക്കാത്ത· ആരുമുണ്ടാവില്ല. ഒ.എന്‍.വിയുടെ ഒരു വരിയെങ്കിലും മൂളാത്ത ആരും തന്നെ കാണില്ല ഭൂമിമലയാളത്തില്‍. കവിതവായന ശീലമില്ലാത്ത ബഹുഭൂരിപക്ഷത്തിനു വേണ്ടി ആ തൂലികയില്‍നിന്നു പിറന്നതെല്ലാം അനശ്വരഗാനങ്ങള്‍. ആത്മാവില്‍ മുട്ടിവിളിച്ചതുപോലെ, ഒരു ദലം മാത്രം വിടര്‍ന്നൊരു, വാതില്‍പഴുതിലൂടെന്‍ മുന്നില്‍, സാഗരങ്ങളേ, നീരാടുവാന്‍ നിളയില്‍, മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി, ശരദിന്ദുമലര്‍ദീപ നാളം നീട്ടി, ശ്യാമസുന്ദരപുഷ്പമേ, ഓര്‍മകളേ കൈവള ചാര്‍ത്തി, അരികെ നീയുണ്ടായിരുന്നെങ്കില്‍ തുടങ്ങി മലയാളിയുടെ മനസ്സിന്‍െറ വിലോലമായ തലങ്ങളില്‍ തൊട്ടുതലോടി നില്‍ക്കുന്ന ആയിരക്കണക്കിന് രചനകള്‍.
തേടി വരാത്ത അംഗീകാരങ്ങള്‍ നന്നേ കുറവ്. പത്മശ്രീ, വയലാര്‍ അവാര്‍ഡ്, കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, മികച്ച ഗാനരചയിതാവിനുള്ള 1989ലെ ദേശീയ അവാര്‍ഡ്, ഗാനരചയിതാവിനുള്ള 13 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍, സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്കാരം. ഭൂമിക്കൊരു ചരമഗീതം, കറുത്തപക്ഷിയുടെ പാട്ട്, മയില്‍പ്പീലി, ഉപ്പ്, ശാര്‍ങ്ഗകപക്ഷികള്‍, ഉജ്ജയിനി, സ്വയംവരം, മൃഗയ, തോന്ന്യാക്ഷരങ്ങള്‍, അഗ്നിശലഭങ്ങള്‍, അക്ഷരം, നാലുമണിപ്പൂക്കള്‍, ഒരു തുള്ളിവെളിച്ചം -അങ്ങനെ മലയാള ഭാഷ ഉള്ളിടത്തോളം, കാലത്തെ അതിജീവിച്ചുകൊണ്ട് നിലകൊള്ളുന്ന കാവ്യങ്ങള്‍ നിരവധി. ഒ.എന്‍.വി തന്നെ പറഞ്ഞിട്ടുണ്ട്, ആളിപ്പടര്‍ന്നുപോം കാലമാമീയരയാലിന്‍ കിളുന്നിലത്തുമ്പിലെ തുള്ളി ഞാന്‍, ഈ വെയില്‍ച്ചൂടിലുരുകിത്തിളച്ചു നീരാവിയായ് മാഞ്ഞുപോമെങ്കിലും പിന്നെയും കാല തരുവിലിനി വിരിയും നൂറു നീലപത്രങ്ങളില്‍ തുള്ളിത്തുളിച്ചിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.