Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'എങ്കിലും ഒരു വിത്ത്...

'എങ്കിലും ഒരു വിത്ത് ബാക്കിയാകും'

text_fields
bookmark_border
എങ്കിലും ഒരു വിത്ത് ബാക്കിയാകും
cancel

ശതാഭിക്തനാകുക എന്നത് ആയുസിന്‍െറ പുസ്തകത്തിലെ ഭാഗ്യമാണ്.  ഇതുവരെയുള്ള ജീവിതം   സംതൃപ്തികരമായിരുന്നില്ലേ?

 സംതൃപ്തനാണെന്ന് എങ്ങനെ പറയാന്‍ പറ്റും.  കവിയെ  ശരിക്കറിയപ്പെടുന്നില്ല എന്നത് ദു:ഖമായി പിന്തുടരുന്നുണ്ട്. എന്നെ ഏറെ പേര്‍ക്ക് പരിചയമുണ്ട്. അതൊക്കെ ശരിതന്നെ. എന്നാല്‍ എന്നിലെ കവിത്വം പലപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഏറെ പാവപ്പെട്ടവരും സാധാരണക്കാരും ഒക്കെ കുറച്ചൊക്കെ  തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ എന്‍െറ ഭാഷ അധികാര വര്‍ഗത്തിന് ഒരിക്കലും മനസിലായിട്ടില്ല. കവി ഉയര്‍ത്തിയ വിഷയങ്ങളെപ്പോലെ പ്രധാനമാണ് അവ എന്തൊക്കെ ചലനങ്ങള്‍ ഉണ്ടാക്കി എന്ന കാര്യവും. എന്നാല്‍ ഇതുവരെ കവി എന്ന നിലയില്‍ ഞാനുയര്‍ത്തി പിടിച്ച പല വിഷയങ്ങള്‍ക്കും പിന്തുണ ലഭിക്കാതെ പോയി. എന്‍െറ 84 വയസിലെ നല്ളൊരു പങ്കിലും ഞാന്‍ എഴുതി കൊണ്ടേ ഇരുന്നു. ഇപ്പോഴും എഴുതുന്നു. ഇനിയും എഴുതണമെന്നുണ്ട്. പക്ഷെ തോറ്റയുദ്ധത്തില്‍ പടവെട്ടിയ ഒരാള്‍ മാത്രമായാണ് എന്നെ എനിക്ക് വിലയിരുത്താന്‍ കഴിയുക. ഇപ്പോഴും നമ്മുടെ സമൂഹത്തിലെ കാഴ്ചകളും അസമത്വങ്ങളുമാണ് എന്നെ ഇങ്ങനെ പറയിപ്പിക്കുന്നത്. ചുറ്റും കണ്ണോടിക്കുമ്പോള്‍ ഏതൊരു കവിക്കും കലാകാരനും ഇങ്ങനെയൊക്കെ പറയാന്‍ കാണും.

സ്വന്തമായുള്ളതെല്ലാം അപഹരിക്കപ്പെട്ട ഒരാളിന് രക്ഷയാകുന്ന സാധനമായാണ് ഞാന്‍ ഒരുകാലത്ത് കവിതയെ കണ്ടിരുന്നത്. എന്നാല്‍ പിന്നീട് മനസിലായി കവിതക്ക് ലോകത്തെ രക്ഷിക്കാനൊന്നും കഴിയില്ല  എന്ന്. ബൈബിളിനും ഖുറാനും ഗീതക്കും ഒന്നും രക്ഷിക്കാന്‍ കഴിയാത്ത നാടാണല്ളോ ഇത്. എന്നാല്‍   കവിത കൊണ്ട് മനുഷ്യന്‍െറ ബോധതലത്തില്‍ നിരന്തരം അസ്വസ്ഥത ഉണ്ടാക്കാന്‍ കഴിയുമെന്ന് തോന്നിയിട്ടുണ്ട്. അതൊരു ചീവീട് കരഞ്ഞുകൊണ്ട് സുഖനിദ്ര പ്രാപിക്കുന്ന ആളെ അലോസരപ്പെടുത്താന്‍ ശ്രമിക്കുന്ന പോലെയായിരിക്കും.

താങ്കൾ പറയുന്നത് ശരിയാണ്. ഏറ്റവും ഒടുവിലായി പുറത്തുവന്ന ആറന്‍മുളയെ കുറിച്ചുള്ള കവിതയും മനസിലുള്ള മഹാസങ്കടം പുറത്ത് കൊണ്ടുവരുന്നു.  പ്രകൃതിയെ കൊല്ലുന്ന ഭരണകൂടത്തിന്‍െറ നയങ്ങളോടുള്ള അമര്‍ഷവും ആ കവിതയിലുണ്ട്.

 പച്ചപ്പും നെല്‍വയലുകളും ഇല്ലാതായാലും കുഴപ്പമില്ല  ആറന്‍മുളയില്‍ വിമാനത്താവളം വരണമെന്ന്  പലരും  ആഗ്രഹിക്കുന്നു. അവിടെയുള്ള വിമാനങ്ങള്‍ ഇരമ്പി ഇരമ്പി അതിന്‍െറ സമര്‍ദങ്ങള്‍ ഒടുവില്‍ കാന്തിക വലയങ്ങളായി  ഭൂമിയെ എങ്ങനെ ബാധിക്കും എന്ന കാര്യത്തില്‍ ആരും ഉത്കണ്ഡപ്പെടുന്നില്ല. എന്നാല്‍ മറ്റൊന്ന് കൂടി ഓര്‍ക്കണം. 90 കിലോമീറ്ററോളം ആകാശ ദൂരത്തായി രണ്ട് വിമാനത്താവളങ്ങളുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും. ഈ മൂന്നിടത്തുമുള്ള വിമാനത്താവളങ്ങളിലായി വിമാനങ്ങള്‍ ആര്‍ത്തിരമ്പുമ്പോള്‍ നാളെ ഇവിടെയും ഭൂകമ്പം അതിന്‍െറ യഥാര്‍ത്ഥ അവസ്ഥ കാണിക്കും. ഇപ്പോള്‍തന്നെ ഭൂമി കുലുക്കം കൊച്ചിയിലൊക്കെ  അനുഭവപ്പെടുന്നുണ്ട്. ഒരു ശക്തിയുള്ള റോഡ് റോളര്‍ ഉരുളുമ്പോള്‍ പോലും നമ്മുടെ റോഡരികുകളിലെ ഫ്ളാറ്റുകള്‍ വിറക്കുന്ന അവസ്ഥയുണ്ട്. അപ്പോള്‍ ഈ വിമാനങ്ങളുടെ സമര്‍ദങ്ങള്‍ ഭൂമിയെ അലട്ടുക തന്നെ ചെയ്യും. ഈ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഞാന്‍ ആറന്‍മുള വിമാനത്താവളത്തിന് എതിരെ കവിതയിലൂടെ പ്രതികരിച്ചത്. എന്നാല്‍ ‘വിയര്‍പ്പ് കൂലി’ക്ക് വേണ്ടിയുള്ള കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വിയര്‍പ്പ് കൂലി എന്നത് തൊഴിലാളികളുടെ അല്ളെന്ന് മാത്രം. വമ്പന്‍ സമ്പന്നരുടെ കമ്മീഷന്‍ വിളിപ്പേരാണത്. എന്തായാലും ഇപ്പോള്‍ നേപ്പാളിലെ പാഠങ്ങള്‍ വ്യക്തയോടെ മനസിലാക്കേണ്ടതുണ്ട്. കാരണം ഭൂമിയുടെ ഏറ്റവും ഉയര്‍ന്ന സ്ഥലമായിട്ടും അവിടെ ഭൂമി കുലുങ്ങിയത് അവിടെയുള്ളവര്‍ മാത്രമല്ല, ചുറ്റിലുമുള്ളവര്‍ ഭൂമിയെ നിരന്തരം ഭേദ്യം ചെയ്തതിന്‍െറ ഫലമായാണ്. ഭൂമി ഒന്ന് തിരിഞ്ഞ് കൊത്തുമ്പോള്‍ കാണാം മനുഷ്യന്‍െറ നിസഹായാവസ്ഥ. അതുകൊണ്ട് പ്രകൃതിയെ കൂടുതല്‍ ദേഷ്യം പിടിപ്പിക്കാതിരിക്കുക.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ‘ഭൂമിക്കൊരു ചരമഗീതം’ എഴുതിയപ്പോള്‍ ഇത്തരത്തില്‍ കേരളത്തിന്‍െറ പ്രകൃതി അരുംകൊല ചെയ്യപ്പെട്ടേക്കും എന്ന് കരുതിയിരുന്നോ..?

ഭൂമിക്കൊരു ചരമഗീതം എഴുതിയതിട്ട് 33 വര്‍ഷം ആകുന്നു. എന്നാല്‍ അതിനെക്കാള്‍ ഭീകരമായി പരിസ്ഥിതിയെ കടിച്ച് കീറുന്ന കേരളത്തിലാണിന്ന് നാം ജീവിക്കുന്നത്. വയലുകളും തോടുകളും ഇല്ലാതായി, നദികള്‍ മെലിഞ്ഞ് വറ്റികൊണ്ടിരിക്കുന്നു എന്നതൊക്കെ നാളയെ കുറിച്ചുള്ള പ്രവചനം പോലും പേടിപെടുത്തുന്ന തരത്തിലാണ്. ദുരയും പണ ക്കൊതിയും ആണ് ഇതിനെല്ലാം പിന്നില്‍.

ദിവസങ്ങള്‍ക്ക് മുമ്പെ  ആശാന്‍ പുരസ്കാരം സ്വീകരിക്കാന്‍ വന്ന സിറിയന്‍ കവി അഡോണിസിനെ കുറിച്ചുള്ള താങ്കളുടെ കവിതയുടെ മാനങ്ങള്‍ പലതായിരുന്നു.

    ഉത്തരം: താന്‍  മനുഷ്യന്‍ മനുഷ്യനെ തിന്നുന്ന നാട്ടില്‍ നിന്നും വന്നയാളാണ് എന്നാണ് കേരളത്തില്‍ വന്നപ്പോള്‍ അഡോണിസ് സംസാരിച്ച് തുടങ്ങിയത് തന്നെ. മനുഷ്യന്‍ മനുഷ്യന്‍ പച്ചക്കോ പാകം ചെയ്തോ തിന്നുന്നു എന്ന അര്‍ത്ഥത്തിലല്ല അദ്ദേഹം  പറഞ്ഞത്. എന്നാല്‍ അതിനെക്കാള്‍ നീചമായ കാര്യങ്ങളാണ് അദ്ദേഹത്തിന്‍െറ നാട്ടില്‍ സംഭവിക്കുന്നത് എന്നാണ്. മനുഷ്യന്‍ മനുഷ്യനെ കഴുത്തറുത്തും കണ്ണുചൂഴ്ന്നും ചുട്ടും തിന്നുന്നു. അഡോണിസിന്‍െറ അഭിപ്രായങ്ങളും ആശയങ്ങളും എനിക്കിഷ്ടമാണ്. അദ്ദേഹത്തിന്‍െറ പത്ത് പതിനഞ്ച് കവിതകളും ഞാന്‍ വായിച്ചിട്ടുണ്ട്. ആശാന്‍ പുരസ്കാരം സ്വീകരിക്കാന്‍ അദ്ദേഹം സന്തോഷത്തോടെ കേരളത്തില്‍ എത്തി. പക്ഷെ അദ്ദേഹത്തിനുള്ള ആദരവ് വേണ്ടവിധത്തില്‍ നമുക്ക് നല്‍കാന്‍ കഴിഞ്ഞോ എന്ന് സംശയമുണ്ട്. തിരുവനന്തപുരത്ത് അദ്ദേഹത്തെ പങ്കെടുപ്പിച്ച് നമുക്കൊരു പൊതു പരിപാടി സംഘടിപ്പിക്കാന്‍ നിര്‍ഭാഗ്യവശാല്‍ ആര്‍ക്കും കഴിഞ്ഞില്ല. കേരള സര്‍ക്കാര്‍ അഡോണിയസിനെ സെക്രട്ടറിയേറ്റിലേക്ക് വിളിച്ച് ഒരു പൂച്ചെണ്ട് കൊടുക്കാനുള്ളതായിരുന്നു. ചിലര്‍ പറഞ്ഞത് അഡോണിയസിന് ഇംഗ്ളീഷ് അറിയാത്തത് കൊണ്ടാണ് തിരുവനന്തപുരത്തേക്ക് ക്ഷണിക്കാത്തതെന്നാണ്. എന്തൊരു വിഡ്ഡിത്തമാണത്. ഞാന്‍ ജര്‍മനിയില്‍ പോയിരുന്നു. എന്നാല്‍ എനിക്ക് ജര്‍മന്‍ അറിയില്ല എന്ന് പറഞ്ഞ് പ്രശ്നമുണ്ടായില്ല. ദ്വിഭാഷിയുടെ സഹായത്താല്‍ അവിടെയുള്ള എഴുത്തുകാരുമായി സംവദിക്കാന്‍ അവിടെയുള്ളവര്‍ വേണ്ടത് ചെയ്തു.  അഡോനിയസിനോടുള്ള സ്നേഹവായ്പ്പാണ് എന്നെകൊണ്ട് അഡോണിയസിനെ കുറിച്ചുള്ള കവിത എഴുതിച്ചത്.

നിസ്വവര്‍ഗത്തോടുള്ള ഐക്യദാര്‍ഡ്യം തുടിക്കുന്നുണ്ട് അങ്ങയുടെ പ്രവൃത്തികളിലും പ്രഭാഷണങ്ങളിലുമെല്ലാം. അടിയാള ജനതയോടുളള ഈ ഐക്യദാര്‍ഡ്യത്തിന്‍െറ അടിസ്ഥാനമെന്താണ്.ഒരു കമ്യൂണിസ്റ്റുകാരന്‍െറ പക്ഷത്ത് നിന്നുള്ള അടയാളപ്പെടുത്തലുകളാണോ..

ഞാന്‍ ഏതൊരു പാര്‍ട്ടിയിലും അംഗത്വം എടുത്തിട്ടില്ല.  Be with the have not എന്ന് സ്വയം അനുശാസിക്കുന്ന ഒരാള്‍. അതില്‍ കുറഞ്ഞോ, കവിഞ്ഞോ ഒന്നുമല്ല. എന്നാല്‍ ഞാന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് അനുഭാവമുള്ളവനാണ്.കമ്യൂണിസം എന്നത് ഏതൊരു ജനതയുടെയും വിമോചനത്തിന്‍െറ പ്രതീകമാണ്. കമ്യൂണിസ്റ്റ്  പാര്‍ട്ടികളില്‍ ഏതിലെങ്കിലും അംഗത്വം എടുത്തിട്ടില്ല. അംഗത്വം  എന്നാല്‍ മാര്‍ക്സത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ വളരെ വിശദമായി ഏര്‍പ്പെടാനുള്ള പാണ്ഡിത്യമൊന്നും എനിക്കില്ല. അല്ളെങ്കില്‍തന്നെ ഈ ചര്‍ച്ചകള്‍ കൊണ്ട് എന്താണ് പ്രയോജനം. ബ്രാക്കറ്റില്‍ ഒരുപാട് ഇംഗ്ളീഷ് അക്ഷരങ്ങളുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇപ്പോഴും ചര്‍ച്ചകളില്‍ ഏര്‍പ്പെടാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ചര്‍ച്ചകള്‍ക്കല്ല പ്രധാനം.  ഒന്നുമില്ലാത്തവന്‍െറ കൂടെയാണോ നിങ്ങള്‍ എന്ന ചോദ്യമാണ് പ്രാധാന്യം. ഒരാളുടെ ചവിട്ടേറ്റ് ചോരയൊലിച്ച് കിടക്കുന്ന സാധുമനുഷ്യന്‍െറ ഒപ്പമാണോ അതോ വീണ്ടും ചവിട്ടിയരക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന ദുഷ്ടന്‍െറ ഒപ്പമാണോ ഒരാള്‍ നിലയുറപ്പിക്കേണ്ടത്. എന്‍െറ ഉത്തരം സ്പഷ്ടമാണ്. ഞാന്‍ മര്‍ദിതന്‍െറ ഒപ്പമാണ്. ആ മനുഷ്യന്‍െറ ഒപ്പം നില്‍ക്കുകയും അയ്യാള്‍ക്ക് വേണ്ടി നിലകൊള്ളുകയും അയ്യാളെ ആക്രമിച്ചവനെതിരെ ശബ്ദിക്കുകയും ചെയ്യുക ദൗത്യമായി കാണുന്നു. എന്‍െറ  എളിയ ജീവിതം കൊണ്ട് അതിന് കുറച്ചെങ്കിലും കഴിഞ്ഞു എന്നാണ് കരുതുന്നത്.   മറ്റുള്ളവന്‍െറ സങ്കടങ്ങളില്‍ എന്‍െറ രചനകള്‍ കൊണ്ട് ഇടപെടലുകള്‍ നടത്താനും ശ്രമിച്ചിട്ടുണ്ട്. എന്‍െറ വിശ്വാസ പ്രമാണങ്ങള്‍ എന്നെ പഠിപ്പിച്ചത് അപരന്‍െറ വേദനകളിലേക്ക് എന്‍െറ ഉള്ളും ഉടലും അടുപ്പിക്കുക അവരുടെ മുറിവുകള്‍ കരിക്കാന്‍ കഴിയുന്നതെന്തെങ്കിലും ചെയ്യുക എന്നതാണ്. എന്നാല്‍ മറ്റുള്ളവരുടെ വിഷമതകളിലേക്ക് ഇറങ്ങി ചെല്ലാന്‍ ഭൂരിപക്ഷവും തയ്യാറാകുന്നില്ല. മറ്റുള്ളവന്‍െറ താല്‍പ്പര്യത്തില്‍ concern ഓടെ എന്തെങ്കിലും ചെയ്യാന്‍ നാം ശ്രമിക്കാറുണ്ടോ..ഇല്ല എന്നാണ് ഉത്തരം.  യഥാര്‍ത്ഥത്തലില്‍ സംസ്കാരം എന്നതിന്‍െറ അടിസ്ഥാന ബിന്ദു അന്യന്‍െറ കാര്യത്തില്‍ തന്‍െറതിനെക്കാള്‍ താല്‍പ്പര്യം  എന്നതാണ്. (concern  for the other person is the starting point of civilisation.)  യുദ്ധത്തില്‍ മുറിവേറ്റ ഒരു പട്ടാളക്കാരന് ആരോ ഒരു കുപ്പി വെളളം കൊടുക്കുന്നു. എന്നാല്‍ അയ്യാള്‍ അത് കുടിക്കാതെ തൊട്ടടുത്തുള്ള മുറിവേറ്റ പട്ടാളക്കാരന് വെള്ളം കൈമാറുന്നു. സ്വന്തം വയര്‍ നിറക്കാനും കാമക്രോമാധികള്‍ക്കും വേണ്ടി നിലകൊള്ളുന്നവര്‍ ഇത്തരം കഥകള്‍ കേള്‍ക്കണം. മനസിലിരുത്തണം.
 


കമ്യൂണിസ്റ്റായ അങ്ങ് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനത്തെ കുറിച്ച് ആഗ്രഹിച്ചിട്ടുണ്ടോ?

എനിക്ക്  പാര്‍ട്ടി അംഗത്വമില്ളെന്ന് മുമ്പെ പറഞ്ഞല്ളോ. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനത്തെ കുറിച്ച് ഞാനെന്താണ് പറയേണ്ടത്. അത് ആ പാര്‍ട്ടികളോട് ചോദിക്കുക. രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രണ്ടായതിന്‍െറ ദോഷം അവര്‍ക്കും ജനങ്ങള്‍ക്കും ഒക്കെ ഉണ്ടായതാണ്. എത്രയോ കാലമായി ഒരുമിക്കുമെന്ന് കേള്‍ക്കുന്നു. എന്നാല്‍ ഒരുമിക്കണമെന്നോ ഒരുമിക്കരുതെന്നോ ഞാന്‍ പറയില്ല. അതൊക്കെ ദൈനംദിന രാഷ്ട്രീയമാണ്.

 തോപ്പില്‍ഭാസി ‘ഒളിവിലെ ഓര്‍മ്മയില്‍’ എഴുതിയിട്ടുണ്ട് ഒ.എന്‍.വി തീരെ കുട്ടിയിലെ വലിയ ഗൗരവക്കാരനാണന്ന്. ഗൗരവക്കാരനായതിന് പ്രത്യേകിച്ച് കാരണങ്ങള്‍ എന്തെങ്കിലും ഉണ്ടോ?

എന്‍െറ ജീവിത സാഹചര്യങ്ങളൊക്കെയാകാം അതിലേക്ക് നയിച്ചത്. അച്ചന്‍ എന്‍െറ കുട്ടിക്കാലത്തെ മരിച്ചു. ഒന്നും സമ്പാദിക്കാതെയാണല്ളോ അച്ഛന്‍ മരിച്ചതെന്നുള്ള കമന്‍റുകള്‍ ഒക്കെ കേട്ടാണ് ഞാന്‍ വളര്‍ന്നത്. ജീവിതത്തിലെ കയ്പ്പുകളെ അതിജീവിക്കാനുള്ള ആ ശ്രമത്തിനിടയില്‍ അങ്ങനെ ഗൗരവത്തിന്‍െറ ആവരണം വന്ന് ചേര്‍ന്നതാകാം.

കേരളത്തില്‍ വളരെ നീചമായ ആചാരാനുഷ്ഠാനങ്ങള്‍ക്കും  ജാതി വിവേചനങ്ങള്‍ക്കും ഒക്കെ സാക്ഷ്യം വഹിക്കുകയും അതിനെതിരെ പോരാടുകയും ചെയ്ത വ്യക്തിയാണ് താങ്കള്‍. എന്നാല്‍  അവയെല്ലാം മറ്റൊരര്‍ത്ഥത്തില്‍ ഇന്നും നമ്മെ കീഴ്പ്പെടുത്തുക തന്നെയല്ലേ

കേരളത്തിലെ പത്തെഴുപത് വര്‍ഷം മുമ്പുള്ള ജന്‍മി കുടിയാന്‍ വ്യവസ്ഥയ്ക്കൊക്കെ  ഞാന്‍ സാക്ഷിയാണ്. അതിനെതിരെ പ്രതികരിക്കാനും പ്രവര്‍ത്തിക്കാനും കഴിഞ്ഞു. അന്ന് ജന്‍മി കുടിയാനെ പരസ്യമായി തല്ലിച്ചതക്കുകയും കൊല്ലുകയും അവന്‍െറ പെണ്ണിനെ ഉപദ്രവിക്കുകയും ഒക്കെ ചെയ്തിരുന്നു. എന്നാലിന്ന് അങ്ങനെയല്ല. യുദ്ധതന്ത്രങ്ങള്‍ മാറി മറിഞ്ഞിരിക്കുന്നു. ഇന്നും ജന്‍മിമാരും കുടിയാന്‍മാരും മറ്റൊരു പേരിലാണ്. കോര്‍പ്പറേറ്റുകളും സാധാരണക്കാരും എന്നപേരില്‍. സ്നേഹിച്ച് കൊല്ലുകയാണ് ശൈലി. പുഞ്ചരിച്ചുകൊണ്ട് മരണത്തിന്‍െറയോ നാശത്തിന്‍െറയോ മടയിലേക്ക് ക്ഷണിക്കും. സാധുക്കള്‍ ഇതൊന്നുമറിയാതെ ശത്രുവിനൊപ്പം രുചിച്ചും മണത്തും നോട്ടുകള്‍ വാങ്ങിയും അന്ത്യം പരേക്ഷമായി പുര്‍ണ്ണമാക്കുന്നു. അമേരിക്കന്‍ രാഷ്ട്രീയത്തിന്‍െറ കാപട്യവും കൊടും വഞ്ചനയുമാണ് ഇതിന്‍െറ അടിത്തറ. പണ്ട് കുടിയൊഴിഞ്ഞ് പോകാന്‍ തയ്യാറാകാതെ നിന്ന  അമേരിക്കയിലെ ആദിവാസികളെയും അവരുടെ ഒരു തലവനെയും അവര്‍ തന്ത്രത്തില്‍ വിരുന്നിന് ക്ഷണിച്ചു. ഒടുവില്‍ അവര്‍ സമ്മാനമായി ഓരോ കമ്പിളി പുതപ്പും നല്‍കി. വസൂരി അണുക്കള്‍ നിറഞ്ഞ പുതപ്പുകളാണതെന്ന് സാധുക്കള്‍ തിരിച്ചറിഞ്ഞില്ല. ശരീരത്തില്‍ കുരുപ്പുകള്‍ വന്ന് അവശരായപ്പോഴാണ് അവര്‍ അധിനിവേശകരുടെ വിരുന്നിന്‍െറയും സമ്മാനത്തിന്‍െറയും ചതി മനസിലാക്കിയത്. പക്ഷെ അപ്പോഴേക്കും അവരെല്ലാം മരണത്തിന്‍െറ പടിവാതില്‍ക്കലായിരുന്നു. ഈ തന്ത്രത്തിന്‍െറ ഇരകളാണ് നാമും. വിധിവശാല്‍ ആരും ഇതറിയുന്നില്ല. അറിഞ്ഞാല്‍തന്നെ പ്രതികരിക്കാനും അശക്തരാണ്.

തികച്ചും നിരാശാഭരിതമാണോ അങ്ങയുടെ മനസ്..?

പഴയ  ഒരു കാര്‍ട്ടൂണിസ്റ്റിന്‍െറ ഒരു രചന (പേര് അങ്ങനെയാണോയെന്ന് ഉറപ്പില്ല) പണ്ട് കണ്ടതോര്‍ക്കുന്നു. യുദ്ധത്തില്‍ എല്ലാം നശിച്ച് കിടക്കുന്ന ഒരിടത്ത്, കട്ടപിടിച്ച ചോരയും  ചീഞ്ഞളിഞ്ഞ ശവങ്ങളും കൂമ്പാരമായ ഒരിടത്ത്   ഒരു വിത്ത് വിടര്‍ന്ന് തളിര്  നീട്ടി നില്‍ക്കുന്നു. അതിന്‍െറ അറ്റത്ത് ഒരു പൂവും അതില്‍ ഒരു തേനീച്ചയും. അതാണ് ലോക തത്വം. എല്ലാം നശിച്ചൊടുങ്ങിയെന്ന് കരുതിയാലും ഒരു വിത്തെങ്കിലും ബാക്കി നില്‍ക്കും. എത്ര വലിയ ഭൂകമ്പം ഉണ്ടായി നാശം സംഭവിച്ചാലും അവശേഷിക്കുന്ന ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും മതി മനുഷ്യകുലത്തിന് തുടര്‍ച്ച നല്‍കാന്‍. അവരില്‍ നിന്നും പുതിയ ലോകവും കുലവും പിറക്കും. അതുകൊണ്ട് തന്നെ പ്രതീക്ഷയുടെ തുടിപ്പുകള്‍ എവിടെയൊക്കയോ മറഞ്ഞിരിപ്പുണ്ട്.

 അനാരോഗ്യകരമായ സാമൂഹ്യാന്തരീക്ഷമാണുള്ളതെന്ന് അങ്ങ് പറയുന്നു. അതും മറികടക്കുന്ന പ്രതിഭാസങ്ങള്‍ ഉണ്ടാകുമോ..

നമ്മുടെ രാജ്യത്തും മറ്റുള്ളിടങ്ങളിലും ഫാസിസം അതിന്‍െറ വിശ്വരൂപം പുറത്തെടുക്കുന്നു. മതാന്ധത തകര്‍ത്താടുന്നു.  ഇരുട്ടിനെ ലോകമെങ്ങും എത്തിക്കാനുള്ളവരാണ് ഇത്തരം ശ്രമങ്ങള്‍ക് പിന്നില്‍ ഉള്ളത്. എന്നാല്‍ ഇത് ചിലപ്പോള്‍ ദീര്‍ഘകാലം നിലനിന്നേക്കാം. ഒരു ദിവസത്തില്‍ 12 മണിക്കൂര്‍ ഇരുട്ടാണ്. അത് മാറി കൃത്യമായി വെളിച്ചം വരും. എന്നാല്‍ ചരിത്രത്തിലെ ഇരുട്ട് കൃത്യമായി മാറി വരും എന്ന് നമുക്ക് ഉറപ്പിക്കാന്‍ കഴിയില്ല. മാറും എന്നേ പറയാനും പ്രതീക്ഷിക്കാനും കഴിയു. അല്ല മാറും എന്ന് ഇതുവരെയുള്ള ചരിത്രം വെച്ച് പറയാന്‍ കഴിയും. ഇന്ന് ഫാസിസത്തെ വാഴ്ത്തുന്നവരില്‍ ചിലര്‍ പറയാറുണ്ട്. നിങ്ങള്‍ എന്തുകൊണ്ട് ഹിറ്റ്ലറെ എതിര്‍ക്കുന്നു എന്ന്. നിങ്ങളുടെ ആരെയും ഹിറ്റിലര്‍ കൊന്നില്ലല്ളോ എന്ന്. എന്നാല്‍ ജര്‍മനിയില്‍ പോയി ഹിറ്റ്ലറിന്‍െറ ക്രൂരതയുടെ സ്മാരകങ്ങള്‍ കണ്ടയാളന്ന നിലക്ക് ഫാസിസത്തെ എനിക്ക് തള്ളിപ്പറയാന്‍ കൂടുതല്‍ ആലോചിക്കേണ്ട. ഇപ്പോള്‍ മറ്റൊരു കാര്യം കൂടി പറയാം. എല്ലാ മതവിശ്വാസികളും ഇത്തരം ഇരുട്ടിനെ ഉള്ളില്‍ കൊണ്ട് നടക്കുന്നവര്‍ അല്ല. സിറിയയിലും ഇറാക്കിലും മതത്തിന്‍െറ പേരില്‍ കൊടും ക്രൂരതകള്‍ നടത്തുന്നവരെ പോലെ അല്ല അവരുടെ മതത്തിലെ മറ്റ് വിശ്വാസികള്‍. അടുത്തിടെ വായിച്ചത് ഓര്‍ക്കുന്നു. യേശുക്രിസ്തുവിന്‍െറ അമ്മ അന്ത്യകാലത്ത് ധ്യാനം നടത്തിയിരുന്ന ഒരു ഗുഹ ഇപ്പോള്‍ തുര്‍ക്കിയില്‍ ഉണ്ട്. ആ സ്മാരകത്തിന് കാവല്‍ നില്‍ക്കുന്നത് മുസ്ലീം മതവിശ്വാസികളായ ചെറുപ്പക്കാരാണ്.ഇത് മാതൃകയാണ്.

ശതാഭിഷിക്തനാകുമ്പോള്‍ ഒരുവലിയ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ അങ്ങയുടെ ആരാധകര്‍  നടത്തുന്നുണ്ടല്ലോ

അധ്യാപകന്‍ എന്ന നിലയില്‍ ഒരുപാട് ശിഷ്യരെ ലഭിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. കവി എന്ന നിലയില്‍ ധാരാളം വായനക്കാരെയും സുഹൃത്തുക്കളെയും ലഭിച്ചു. അവരുടെ ആഗ്രഹപ്രകാരം ദിവസങ്ങള്‍ നീളുന്ന ആഘോഷം ഒക്കെ സംഘടിപ്പിക്കുന്നുണ്ടെന്ന് അവര്‍ വന്ന് പറഞ്ഞു. എം.ടിയെയും പ്രമുഖ ഇന്ത്യന്‍ കവികളെയും ഒക്കെ കൊണ്ട് വരുമെന്ന് പറയുന്നു. സന്തോഷം. എനിക്ക് പൊതു പരിപാടിയും സന്ദര്‍ശകരും ഒക്കെ ഡോക്ടര്‍ വിലക്കിയിരിക്കുകയാണ്. ഒരുപാട് നേരം വര്‍ത്തമാനം പറയാന്‍ വയ്യ. അതുകൊണ്ട് തന്നെ ആഘോഷ പരിപാടിയിലൊക്കെ കൂടുതല്‍ നേരം ചെലവിടാന്‍ എന്‍െറ ആരോഗ്യാവസ്ഥയും അനുവദിക്കില്ല.

  ആത്മകഥയുടെ രണ്ടാംഘട്ടം വരുന്നുണ്ടല്ലേ

  ‘അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍’ എന്ന പുസ്തകം വരാന്‍ പോകുന്നു. എന്‍െറ പ്രിയപ്പെട്ട 10 സംഗീത സംവിധായകരെ കുറിച്ചുള്ളതാണ് ഈ പുസ്തകം. ദേവരാജന്‍, എം.ബി ശ്രീനിവാസന്‍,സലില്‍ ചൗധരി തുടങ്ങിയവരെ കുറിച്ചാണിത്. എ.ടി ഉമ്മറിനെ കുറിച്ച് പലരും എഴുതിയിട്ടില്ല. മനോഹരമായി മെലഡി ഉണ്ടാക്കിയ കലാകാരനാണ് അദ്ദേഹം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onvonv kurup
Next Story