Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാഴ്ത്താനാകാത്ത...

താഴ്ത്താനാകാത്ത കവിതയുടെ കൊടിപ്പടം

text_fields
bookmark_border
താഴ്ത്താനാകാത്ത കവിതയുടെ കൊടിപ്പടം
cancel

പല കാലങ്ങളും പല ലോകങ്ങളും കടന്നുപോയി കവിയെ. വിപ്ളവവും കണ്ണീരും പ്രത്യാശയും നിരാശയും നിറഞ്ഞ പ്രപഞ്ചജീവിതത്തിനുമുന്നില്‍ കവി കാഴ്ചക്കാരനായിരുന്നില്ല, നാളെയുടെ ‘ഗാട്ടു’കാരനായിരുന്നു. നാളെകളുടെ കാവല്‍ക്കാരന്‍, കാലങ്ങള്‍ക്കും ലോകങ്ങള്‍ക്കും കാവലിരിക്കുന്നയാള്‍. ഒ.എന്‍.വി എന്ന സമ്മോഹനമായ ത്രിക്ഷരി അതുകൊണ്ടുതന്നെ ഏതു തലമുറയുടെയും ഉള്‍ത്താരില്‍ പെറ്റുപെരുകിവരുന്ന മയില്‍പ്പീലിയാണ്.
മര്‍ദിതരുടെ മാനിഫെസ്റ്റോയാണ് ഒ.എന്‍.വി കവിത. 15ാം വയസ്സില്‍ ആദ്യമെഴുതിയ കവിത ‘മുന്നോട്ട്’. കൊല്ലത്തുനിന്നുള്ള ‘രാജ്യാഭിമാനി’ വാരികയില്‍ പ്രസിദ്ധീകരിച്ച ആ കവിതയിലുണ്ട് ഉഗ്രസ്ഫോടകശേഷിയുള്ള ഭാവനയുടെ വിത്ത്; ‘പായുക മുന്നോട്ടു നീ സോദരാ, മാതാവിന്‍െറ/ പാരതന്ത്ര്യത്തത്തെകര്‍ത്തകലെക്കളഞ്ഞീടാന്‍’’. രാഷ്ട്രത്തിന്‍െറ പാരതന്ത്ര്യത്തിനെതിരായ ആ ആഹ്വാനം പിന്നീട് മനുഷ്യജീവിതത്തെ വിഭജിക്കുന്ന ഏതൊരു പാശത്തെയും മുറിച്ചുമാറ്റാനുള്ള ഓജസ്സാവാഹിച്ചു. നിസ്വര്‍ക്കൊപ്പമാണ് താന്‍ എന്നും ആ കവിതകള്‍ പ്രഖ്യാപിച്ചു. ‘അകലെയല്ലാത്തൊരു സുപ്രഭാതത്തെപ്പറ്റി, അത് തൊട്ടുണര്‍ത്തുന്ന നൂറുപൂക്കളെപ്പറ്റി’ ജീവിതത്തെ സദാ പ്രത്യാശാഭരിതമാക്കിക്കൊണ്ടിരുന്നു.
ചങ്ങമ്പുഴയുടെ കാവ്യലോകം തീര്‍ത്ത അസാമാന്യമായ ഭാവുകത്വസമ്മര്‍ദത്തിന്‍െറ അരികുപറ്റിയാണ് ഒ.എന്‍.വിയുടെ കാവ്യസഞ്ചാരം തുടങ്ങിയതെങ്കിലും കവിതയുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞതോടെ ആ കവിതകളുടെ സഞ്ചാരം വേറിട്ട വഴിയിലൂടെയായി. 1949ല്‍ കൊല്ലത്തു നടന്ന പുരോഗമന സാഹിത്യസമ്മേളനത്തില്‍ നടന്ന കവിതാ മത്സരത്തില്‍ അരിവാളും രാക്കുയിലും എന്ന കവിതക്ക് ഒ.എന്‍.വിക്ക് ലഭിച്ചത് ചങ്ങമ്പുഴയുടെ പേരിലുള്ള പുരസ്കാരമാണ്.
ലോകമെമ്പാടും കമ്യൂണിസ്റ്റ് മുന്നേറ്റത്തിന്‍െറ ഭാഗമായി സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങള്‍ ശക്തിപ്പെട്ട നാല്‍പതുകള്‍. മാനവികതയെ കുറിച്ച ഉല്‍ക്കണ്ഠ സാംസ്കാരിക ജീവിതത്തിന്‍െറ മുഖ്യപ്രമേയമായി വികസിച്ചു. ഒ.എന്‍.വിയുടെ കവിതയും ഈ യാഥാര്‍ഥ്യത്തിലേക്ക് ഉണര്‍ന്നു. ആദ്യം പഠിച്ചത് കാളിദാസനും രാമായണവുമൊക്കെയാണെങ്കിലും ആ കവിതകള്‍ സംസ്കൃതശ്ളോകങ്ങളായില്ല. കുമാരസംഭവത്തിലെയും രഘുവംശത്തിലെയും ഉദാത്ത മാനവികത ചുറ്റുപാടുമുള്ള കര്‍ഷകരുടെയും തൊഴിലാളികളുടെയും കയറുപിരിക്കുന്ന സ്ത്രീകളുടെയുമൊക്കെ ജീവിതവുമായി ഐക്യപ്പെടുത്തുകയായിരുന്നു ഒ.എന്‍.വി.
അറുപതുകളോടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുണ്ടായ ഭിന്നിപ്പ് പുരോഗമന ശക്തികളില്‍ ആശയക്കുഴപ്പത്തിനും താല്‍കാലിക പിന്നോട്ടടിക്കും കാരണമായി. ഈ കാലഘട്ടത്തിലാണ് ഒ.എന്‍.വിയുടെ ‘മയില്‍പ്പീലി’ കവിതകള്‍ പുറത്തുവരുന്നത്. അതിന് അവതാരികയെഴുതിയ എന്‍.വി. കൃഷ്ണവാര്യര്‍ കവിതകള്‍ ഉദ്ധരിച്ച് ഒ.എന്‍.വിയുടെ കൂറുമാറ്റമായും മറ്റ് ചില വിമര്‍ശകര്‍ വിപ്ളവത്തില്‍നിന്നുള്ള ഒളിച്ചോട്ടമായും വ്യാഖ്യാനിച്ചു. എന്നാല്‍, കവിയെന്ന നിലയില്‍ താന്‍ ആര്‍ജിച്ച അനുഭവസമ്പത്തും കേരളത്തിലെ സാമൂഹിക പരിതഃസ്ഥിതിയും സ്വരൂപിച്ച് രൂപപരമായും ഭാഷാപരമായും കവിതയുടെ പുതിയ മേഖലകള്‍ കണ്ടത്തെുകയായിരുന്നു ഒ.എന്‍.വി. മയില്‍പ്പീലി കവിതകള്‍ മുതല്‍ മുമ്പ് ഒ.എന്‍.വിയില്‍നിന്ന് ജന്മമെടുത്ത കവിതകളില്‍നിന്ന് വ്യത്യസ്തവും ഹൃദ്യവുമായ കവിതകളാണ് പിന്നീടുണ്ടായത്, അതോടൊപ്പം കവിയെന്ന നിലയിലുള്ള വളര്‍ച്ചയും. അധികാരത്തെ വണങ്ങാന്‍ കൂട്ടാക്കാത്ത പ്രതിഭയുടെ ഉദാത്ത ദു$ഖം ആവാഹിച്ച പുഷ്കിനാണ് ഒ.എന്‍.വിയുടെ കവി. പുഷ്കിന്‍െറ ‘ഏവ് ജനി അനേഗില്‍’ എന്ന കാവ്യനോവലാണ് ‘ഉജ്ജയിനി’ക്കുള്ള പരോക്ഷപ്രേരണ. കവിതയിലെ കാല്‍പനികതയെക്കുറിച്ച് വിമര്‍ശമുയര്‍ന്നപ്പോഴെല്ലാം, നിരന്തരമായി പീഡിപ്പിക്കപ്പെടുന്ന സ്ത്രീയെയും പ്രകൃതിയെയും പറ്റി എഴുതുമ്പോള്‍ കാല്‍പനികമായ ഭാവനാതീവ്രതയാണ് അനുഭവപ്പെടുന്നത് എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
1955ല്‍ പുറത്തിറങ്ങിയ ‘ദാഹിക്കുന്ന പാനപാത്രം’ എന്ന സമാഹാരത്തിന് എഴുതിയ അവതാരികയില്‍ ‘ഒ.എന്‍.വി യൗവനത്തിലേക്ക് കടക്കുന്നതേയുള്ളൂ, പക്ഷേ, ഏതാണ്ടൊരായുസ്സിന്‍െറ ജോലിചെയ്ത് തീര്‍ത്തിരിപ്പാണദ്ദേഹം, മറ്റൊരായുസ്സിന്‍െറ പണിക്ക് തയാറെടുത്തുകൊണ്ട്’ എന്ന് വിശേഷിപ്പിച്ചത് സാക്ഷാല്‍ മുണ്ടശ്ശേരി. അത് ഒ.എന്‍.വിയുടെ കാവ്യജീവിതത്തെ സംബന്ധിച്ച ദീര്‍ഘദര്‍ശിയായ ഒരു വിമര്‍ശകന്‍െറ പ്രവചനാത്മകമായ വിശേഷണമായി മാറി.
കവിതകൊണ്ടു മാത്രമല്ല, കാവ്യഗുണമാര്‍ന്ന ലളിതസംഗീതം കൊണ്ടും അദ്ദേഹം സാമാന്യ ജനതയുടെ ഭാവുകത്വത്തെ പുതുക്കിപ്പണിതു. ബി.എ കഴിഞ്ഞ് തിരുവനന്തപുരത്ത് ട്യൂട്ടോറിയല്‍ കോളജില്‍ പഠിപ്പിക്കുമ്പോഴാണ് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിന് പാട്ടെഴുതാന്‍ ജി. ദേവരാജന്‍ ഒ.എന്‍.വിയെ ക്ഷണിക്കുന്നത്. അത് മലയാളത്തിന്‍െറ ലളിതഗാനശാഖയുടെ ഏറ്റവും ഹൃദയഹാരിയായ ഒരു കാലഘട്ടത്തിന്‍െറ തുടക്കമായി. ആ വരികള്‍ പോലും ഏറ്റവും നിസ്സാരനായ മനുഷ്യന്‍െറ ഗീതകങ്ങളാക്കി മാറ്റുന്നതില്‍ അദ്ദേഹം വിജയിച്ചു.
കവിയുടെ പൊതുജീവിതവും നിലപാടുകളുടെ ശക്തമായ അടിത്തറയാല്‍ ഭദ്രമായിരുന്നു. പ്രകൃതിയെക്കുറിച്ച് എഴുതുക മാത്രമല്ല, കേരളത്തില്‍ ഒരു കാലത്ത് നടന്ന പരിസ്ഥിതി സമരങ്ങളുടെ ഊര്‍ജമായി ഒ.എന്‍.വിയുമുണ്ടായിരുന്നു; പ്രത്യേകിച്ച് സൈലന്‍റ് വാലി സംരക്ഷണ പ്രക്ഷോഭത്തില്‍. വികസനത്തിന്‍െറ സംഹാരശേഷിയെക്കുറിച്ച് നമ്മുടെ പുതുതലമുറയെ ഇത്ര ഉല്‍ക്കണ്ഠാകുലനാക്കിയ സമകാലിക കവി വേറെയില്ല.
‘ഭൂമിക്കൊരു ചരമഗീതം’ എഴുതിയിട്ട് കാല്‍നൂറ്റാണ്ടായി. എന്നാല്‍, അതിനെക്കാള്‍ ഭീകരമായി പരിസ്ഥിതിയെ കടിച്ചുകീറുന്ന കേരളത്തിലാണിന്ന് നാം ജീവിക്കുന്നതെന്ന് കവി പറയുന്നു. വയലുകളും തോടുകളും ഇല്ലാതായി, നദികള്‍ മെലിഞ്ഞുവറ്റിക്കൊണ്ടിരിക്കുന്നു.  നാളെയെക്കുറിച്ച പ്രവചനംപോലും പേടിപ്പെടുത്തുന്ന തരത്തിലാണ്. ദുരയും പണക്കൊതിയുമാണ് ഇതിനെല്ലാം പിന്നില്‍. ‘വിയര്‍പ്പ് കൂലിക്ക് വേണ്ടിയുള്ള കോര്‍പറേറ്റ് ഭീമന്മാരുടെ ശ്രമങ്ങള്‍ നടക്കുന്നു. വിയര്‍പ്പുകൂലി എന്നത് തൊഴിലാളികളുടെ അല്ളെന്നുമാത്രം’; ആറന്മുള വിമാനത്താവളത്തെക്കുറിച്ച് രോഷത്തോടെയാണ് ഒ.എന്‍.വി പ്രതികരിച്ചത്. ‘പച്ചപ്പും നെല്‍വയലുകളും ഇല്ലാതായാലും കുഴപ്പമില്ല.  ആറന്മുളയില്‍ വിമാനത്താവളം വരണമെന്ന് പലരും ആഗ്രഹിക്കുന്നു. അവിടെയുള്ള വിമാനങ്ങള്‍ ഇരമ്പി ഇരമ്പി അതിന്‍െറ സമ്മര്‍ദങ്ങള്‍ ഒടുവില്‍ കാന്തികവലയങ്ങളായി  ഭൂമിയെ എങ്ങനെ ബാധിക്കും എന്ന കാര്യത്തില്‍ ആരും ഉത്കണ്ഠപ്പെടുന്നില്ല.’
എങ്കിലും ഏതൊരു എഴുത്തുകാരനെയും പോലെ അവസാനകാലത്ത് അതൃപ്തനും ഒട്ടൊക്കെ വിഷാദഭരിതനുമായിരുന്നു അദ്ദേഹം. 84ാം വയസ്സിലും എഴുതിക്കൊണ്ടിരിക്കുന്ന തന്നിലെ കവിത്വം പലപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ഈയിടെ വാരാദ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം തുറന്നുപറയുന്നുണ്ട്. ‘ഏറെ പാവപ്പെട്ടവരും സാധാരണക്കാരും കുറച്ചൊക്കെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, എന്‍െറ ഭാഷ അധികാരിവര്‍ഗത്തിന് ഒരിക്കലും മനസ്സിലായിട്ടില്ല’ -അദ്ദേഹം വിഷാദത്തോടെ പറഞ്ഞുവെക്കുന്നു. തോറ്റ യുദ്ധത്തില്‍ പടവെട്ടിയ ഒരാളായാണ് കവി സ്വയം വിശേഷിപ്പിക്കുന്നത്. സ്വന്തമായുള്ളതെല്ലാം അപഹരിക്കപ്പെട്ട ഒരാളിന് രക്ഷയാകുന്ന ഒന്നായി അദ്ദേഹം കവിതയെ കണ്ടു. എന്നാല്‍, കവിതക്ക് ലോകത്തെ രക്ഷിക്കാന്‍ കഴിയില്ളെന്ന് തനിക്ക് മനസ്സിലായെന്ന് അദ്ദേഹം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onv kurup
Next Story