കനലൊടുങ്ങാത്ത അക്ഷരങ്ങള്‍
text_fieldsചെറുപ്പംമുതലേ പലരീതിയില്‍ ഒ.എന്‍.വി. കുറുപ്പ് മാഷുമായി എന്‍െറ ജീവിതം ബന്ധപ്പെട്ടിരുന്നു. സ്കൂളില്‍വെച്ച് ഒരു കവിതാമത്സരത്തിന് സമ്മാനമായി കിട്ടിയത് മാഷിന്‍െറ ‘ദാഹിക്കുന്ന പാനപാത്രം’ എന്ന കൃതിയാണെന്ന കാര്യം ഓര്‍ക്കുന്നു. കവിതാ ആസ്വാദനത്തെയും സമൂഹത്തെയുംക്കുറിച്ച് ഉള്‍ക്കാഴ്ച സൃഷ്ടിക്കുന്നതില്‍ അദ്ദേഹത്തിന്‍െറ കവിത സ്വാധീനിച്ചിരുന്നു. പി. ഭാസ്കരന്‍, വയലാര്‍, ഒ.എന്‍.വി എന്നിവരാണ് അക്കാലത്ത് മലയാള ഗാനശാഖയില്‍ നിറന്നു നിന്നിരുന്ന അതികായര്‍. അക്കൂട്ടത്തില്‍ ഒ.എന്‍.വി ഏറെ മുന്നോട്ടുപോയി. അദ്ദേഹത്തിന്‍െറ കാവ്യഭാഷയില്‍ വലിയമാറ്റം വന്നു.
ഉജ്ജയിനി, സ്വയംവരം പോലെ പുതിയ ആഖ്യാനരീതിയിലുള്ള രചനകള്‍ വന്നു. കവിതയുമായി അടുപ്പമില്ലാത്ത ആളുകള്‍ക്കിടയില്‍പോലും മാധുര്യമുള്ള ഗാനങ്ങളുടെ രചയിതാവെന്ന നിലയില്‍ അദ്ദേഹം പ്രിയങ്കരനായി. എല്ലാക്കാലത്തും തൊഴിലാളികളുടെയും സ്ത്രീയുടെയും അവകാശത്തിനായുള്ള, പരിസ്ഥിതിസംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളോട് അദ്ദേഹം ഐക്യപ്പെട്ടു. ആത്മാര്‍ഥത നിറഞ്ഞ ആ വരികളില്‍ തൊഴിലാളിയുടെ വിയര്‍പ്പും ശക്തിയും പ്രതിഫലിച്ചു.
അവസാനകാലങ്ങളില്‍ മലയാളഭാഷക്കായി നടത്തിയ പ്രയത്നങ്ങളെ ഓര്‍ക്കാതിരിക്കാനാവില്ല. ക്ളാസിക്കല്‍ ഭാഷാപദവിക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ ഞങ്ങളൊന്നിച്ചാണ് പ്രധാനമന്ത്രി ആയിരുന്ന ഡോ. മന്‍മോഹന്‍ സിങ്ങിനെ കണ്ട് ആവശ്യമുന്നയിച്ചത്. അദ്ദേഹത്തിന്‍െറകൂടി പരിശ്രമഫലമായാണ് അത് സാധ്യമായത്.
പുരസ്കാരങ്ങളുടെ തിളക്കത്തില്‍ അദ്ദേഹത്തിന്‍െറ കണ്ണുകള്‍ മയങ്ങിയില്ല. താന്‍ എന്തിനുവേണ്ടി, ഏത് സമൂഹത്തിനുവേണ്ടി നിലകൊണ്ടുവോ അവരുടെ വേദനകള്‍ തന്നെയായിരുന്നു അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നത്. അതിശയകരമായ പ്രത്യാശയോടെ, കാലുഷ്യങ്ങളില്ലാത്ത ലോകം പിറവികൊള്ളുന്നതിന് കാത്തിരുന്നു ഒ.എന്‍.വി. ജ്ഞാനപീഠമെന്നല്ല, ഒരു പുരസ്കാരവും അദ്ദേഹത്തിന്‍െറ പ്രതിബദ്ധതയില്‍ മാറ്റംവരുത്തിയില്ല. അവസാനനാളുകളിലും അദ്ദേഹം തീച്ചൂടുള്ള അക്ഷരങ്ങള്‍ കൊണ്ട് കവിതയെഴുതി, വേദനിക്കുന്നവര്‍ക്കുവേണ്ടി വാദിച്ചു. അധ്വാനവര്‍ഗത്തിന്‍െറ പക്ഷത്ത് ഉലച്ചിലില്ലാതെ നിലകൊണ്ട ഒരു മഹാകലാകാരന്‍െറ അസാന്നിധ്യം എന്ന നിലയില്‍ കൂടിയാവും ഒ.എന്‍.വിയുടെ വിയോഗം അനുഭവപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.