ഒ.എൻ.വിക്ക് മലയാളത്തിന്‍റെ പ്രണാമം
text_fieldsതിരുവനന്തപുരം: അന്തരിച്ച കവി ഒ.എൻ.വി കുറുപ്പിന്‍റെ ഭൗതിക ശരീരം വി.ജെ.ടി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഉച്ചക്ക് മൂന്നു മണിവരെ പൊതുദര്‍ശനം തീരുമാനിച്ചതെങ്കിലും ജനബാഹുല്യം അനുസരിച്ച് സമയം നീട്ടി നൽകിയേക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
പൊതുദര്‍ശനത്തിന് ശേഷം വഴുതക്കാട് ടാഗോര്‍ നഗറിലെ വസതിയായ ഇന്ദീവരത്തിൽ ഭൗതിക ശരീരം എത്തിക്കും. തിങ്കളാഴ്ച രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തിൽ പൂര്‍ണ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.
സമൂഹത്തിലെ നാനാതുറകളിലുള്ളവർ വി.ജെ.ടി ഹാളില്‍ ആദരാഞ്ജലി അർപ്പിക്കാൻ എത്തുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ആരോഗ്യ മന്ത്രി വി.എസ് ശിവകുമാർ, ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി, എഴുത്തുകാരി സുഗതകുമാരി, ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ, ജമാഅത്തെ ഇസ് ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ്, മുൻ ചീഫ് സെക്രട്ടറി സി.പി നായർ, പിന്നണി ഗായകൻ എം.ജി ശ്രീകുമാർ, നടി മഞ്ജു വാര്യർ അടക്കമുള്ളവർ ആദരാഞ്ജലി അർപ്പിച്ചു.
നിയമസഭയുടെ നാളത്തെ കാര്യപരിപാടികൾ വെട്ടിച്ചുരുക്കി
ഒ.എൻ.വിയുടെ നിര്യാണത്തെ തുടർന്ന് കേരളാ നിയമസഭയുടെ നാളത്തെ കാര്യപരിപാടികൾ വെട്ടിച്ചുരുക്കി. നാളെ രാവിലെ 11.30ന് സമ്മേളിക്കുന്ന സഭ ഒ.എൻ.വി.കുറുപ്പിന് ആദരാഞ്ജലി അർപ്പിച്ച് പിരിയും. മറ്റു കാര്യപരിപാടികൾ ഉണ്ടാകില്ല.
തിരുവനന്തപുരത്തെ കോളജുകൾക്ക് നാളെ അവധി
ഒ.എൻ.വിയുടെ നിര്യാണത്തെ തുടർന്ന് തിരുവനന്തപുരം നഗരത്തിലെ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള കോളജുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. എന്നാൽ, നാളെ നടക്കാനിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമില്ല.
പനിയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഒ.എൻ.വിയെ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.