പ്രിയകവിക്ക് മലയാളത്തിന്‍റെ യാത്രാമൊഴി
text_fieldsതിരുവനന്തപുരം: മലയാളത്തിന്‍റെ പ്രിയകവി ഒ.എന്‍.വി കുറുപ്പിന് വികാര നിർഭരമായ യാത്രാമൊഴി. തൈക്കാട് ശാന്തികവാടത്തില്‍ രാവിലെ 10.45ന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ശവസംസ്‌കാരചടങ്ങുകൾ പൂർത്തിയായി. ജില്ലാഭരണകൂടത്തിന്‍റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു ചടങ്ങുകള്‍.
രാവിലെ ഒൻപതരയോടെ ഒ.എൻ.വിയുടെ വീടായ വഴുതക്കാട്ടെ ഇന്ദീവരത്തിൽ നിന്ന് മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചു. ശാന്തി കവാടത്തിൽ മകൻ രാജീവാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ, സ്പീക്കർ എൻ. ശക്തൻ എന്നിവർ ഉൾപ്പെടെ എല്ലാ മന്ത്രിമാരും രാഷ്ട്രീയനേതാക്കളും കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
മഹാകവിയോടുള്ള ആദരസൂചകമായി യേശുദാസിന്‍റെ നേതൃത്വത്തിൽ കലാകാരന്‍മാരുടെ ഗാനാര്‍ച്ചനയും അരങ്ങേറി. സ്കൂൾ കുട്ടികളടക്കം ഒ.എന്‍.വിയുടെ ശിഷ്യരായ 84 കലാകാരന്‍മാരാണ് ഗാനാര്‍ച്ചനയിലൂടെ ആദരാഞ്ജലികളർപ്പിച്ചത്. ഒ.എൻ.വി രചിച്ച നാടകഗാനങ്ങളും ചലച്ചിത്ര ഗാനങ്ങൾ കവിതകളും കോർത്തിണക്കിയ ഗാനാർച്ചന സംസ്കാരം വരെ നീണ്ടുനിന്നു.
ശനിയാഴ്ച വൈകീട്ട് അന്തരിച്ച ഒ.എൻ.വിയുടെ വീടായ വഴുതക്കാട്ടെ ഇന്ദീവരത്തിലേക്ക് രാത്രി മുതല്‍ ഞായറാഴ്ച പുലരുവോളം ആയിരങ്ങളാണ് എത്തിയത്. ഞായറാഴ്ച രാവിലെ 11 ഓടെ വീട്ടില്‍നിന്ന് പൊതുദര്‍ശനത്തിനായി മൃതദേഹം വി.ജെ.ടി ഹാളിലേക്ക്. ഭാര്യയും മക്കളും ഉള്‍പ്പെടെയുള്ളവര്‍ വേര്‍പാടിന്‍റെ വേദനയുമായി ഹാളിലത്തെി. കവിതയും ചര്‍ച്ചകളും സമ്മേളനങ്ങളുമായി ഒ.എന്‍.വി നിരവധിതവണയത്തെിയ വി.ജെ.ടി ഹാളില്‍ മലയാളി നെഞ്ചേറ്റിയ കവിതകള്‍ പ്രിയകവിയുടെ ശബ്ദത്തില്‍ മുഴങ്ങി. അതുകേള്‍ക്കാതെ ഹാളിന്‍െറ നടുത്തളത്തിലൊരുക്കിയ പുഷ്പമഞ്ചത്തില്‍ ചെമ്പട്ടുപുതച്ച് കവിയുടെ ഭൗതിക ശരീരം. ഉയിരറ്റ കവിമുഖത്ത് അശ്രുപൂക്കളര്‍പ്പിച്ച് മലയാളനാട് നടന്നുനീങ്ങി. മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റു രാഷ്ട്രീയ, സാംസ്കാരിക നായകര്‍, കവികള്‍, ചലച്ചിത്ര താരങ്ങള്‍ തുടങ്ങിയ ഒട്ടേറെ പേര്‍ വിസ്മയ ഗീതങ്ങള്‍ മൊഴിഞ്ഞ മുഖം ഒരു നോക്ക് കാണാനത്തെി. ‘പൈതങ്ങള്‍ ഞങ്ങള്‍, മലയാളത്തിന്‍റെ മുത്തച്ഛന് വിടചൊല്ലുന്നു’വെന്ന് എഴുതിയ പുഷ്പചക്രം അര്‍പ്പിക്കാനത്തെിയത് നഗരത്തിലെ പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികളായിരുന്നു.
വൈകീട്ട് മൂന്നുവരെ വി.ജെ.ടി ഹാളില്‍ പൊതുദര്‍ശനത്തിനു വെക്കാനുള്ള തീരുമാനം ജനമൊഴുക്കില്‍ രണ്ടു മണിക്കൂര്‍ വൈകി. സഹപ്രവര്‍ത്തകരായും വിദ്യാര്‍ഥികളായും വായിച്ചറിഞ്ഞും അല്ലാതെയും ഒ.എന്‍.വിയെന്ന മൂന്നക്ഷരം മനസ്സില്‍ കൊത്തിവെച്ചവരെല്ലാം തലസ്ഥാനത്തത്തെി. അഞ്ചോടെ വി.ജെ.ടി ഹാളില്‍നിന്ന് വീട്ടിലേക്കുള്ള അന്ത്യയാത്ര. വീട്ടിലും നിരവധിപേര്‍ അന്ത്യോപചാരമര്‍പ്പിക്കാനത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.