മാപ്പ് പറഞ്ഞ മന്ത്രി ഷിബുവിന് സോളാർ കമീഷന്‍റെ രൂക്ഷ വിമർശം
text_fieldsകൊച്ചി: പ്രസംഗത്തിലെ വിമർശത്തിന് മാപ്പു പറഞ്ഞ തൊഴിൽ മന്ത്രി ഷിബു ബേബി ജോണിന് സോളാർ കമീഷന്‍റെ രൂക്ഷ വിമർശം. ഖേദപ്രകടനം നടത്തി മന്ത്രി ഷിബു അഭിഭാഷകൻ മുഖാന്തരം സമർപ്പിച്ച സത്യവാങ്മൂലത്തെയാണ് ജസ്റ്റിസ് ശിവരാജൻ വിമർശിച്ചത്.
മന്ത്രിയുടെ ഖേദപ്രകടനം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ശിവരാജൻ പ്രസംഗത്തേക്കാൾ ദോഷമാണ് ഖേദം പ്രകടിപ്പിച്ച് മന്ത്രി സമർപ്പിച്ച സത്യവാങ്മൂലമെന്ന് ചൂണ്ടിക്കാട്ടി. മറ്റുള്ളവർക്ക് തെറ്റ് ആവർത്തിക്കാൻ മന്ത്രിയുടെ നടപടി ഇടയാക്കും. മന്ത്രിസ്ഥാനത്തിരുന്നുള്ള അനാദരവ് ശരിയല്ലെന്നും ഖേദപ്രകടനം അംഗീകരിക്കുന്നതായും ഷിബുവിന്‍റെ അഭിഭാഷകനെ സോളാർ കമീഷൻ അറിയിച്ചു.
കമീഷനെ ബോധപൂർവം അവഹേളിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്‍റെ പരാമർശങ്ങൾ മുഖ്യമന്ത്രിയെ ചോദ്യംചെയ്ത സോളർ കേസിലെ പ്രതികൾക്കെതിരെയാണെന്നും ചൂണ്ടിക്കാട്ടുന്ന സത്യവാങ്മൂലമാണ് മന്ത്രിയുടെ അഭിഭാഷകൻ ഇന്ന് സമർപ്പിച്ചത്.
കൊല്ലം അഞ്ചാലുംമൂട്ടില്‍ നടന്ന പരിപാടിയിലാണ് മന്ത്രി ഷിബു ബേബി ജോൺ സോളാർ കമീഷനെ വിമര്‍ശിച്ചത്. മന്ത്രിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച കമീഷൻ വിശദീകരണം നൽകണമെന്ന് ഉത്തരവിടുകയും ചെയ്തു. ഷിബുവിന്‍റെ അഭിഭാഷകനായ അഡ്വ. ശിവന്‍ മഠത്തിലിനോട് നേരിട്ട് ഹാജരാകാനും കമീഷൻ നിർദേശിച്ചിരുന്നു.
അതേസമയം, സോളാർ കേസിലെ പ്രതി സരിത നായർ ക്രോസ് വിസ്താരത്തിന് ഇന്ന് കമീഷൻ മുമ്പാകെ ഹാജരായില്ല. കോയമ്പത്തൂർ കോടതിയിൽ പോകേണ്ടതു കൊണ്ടാണെന്നാണ് സരിതയുടെ അഭിഭാഷകൻ കമീഷനെ അറിയിച്ചത്. എന്നാൽ സരിതയുടെ നടപടിയെ ജസ്റ്റിസ് ശിവരാജൻ രൂക്ഷമായി വിമർശിച്ചു.
എന്ത് കാരണം കൊണ്ടാണ് സരിത ഹാജരാകാതിരുന്നതെന്നും ഇതിന് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോയെന്നും കമീഷൻ ചോദിച്ചു. കമീഷൻ മുമ്പാകെ ഹാജരാകാതെ കോയമ്പത്തൂരിൽ പോകണമെന്ന് പറഞ്ഞാൽ നടക്കില്ല. ഫെബ്രുവരി 18ന് സരിത ഹാജരാകണമെന്നും ജസ്റ്റിസ് ശിവരാജൻ ഉത്തരവിട്ടു. സരിതക്കെതിരായ സോളാർ കമീഷന്‍റെ വിമർശത്തെ സർക്കാർ അഭിഭാഷകൻ പിന്താങ്ങി.
സോളാർ കമീഷന്‍റെ കാലാവധി നീട്ടണമെന്ന് ജസ്റ്റിസ് ശിവരാജൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടും. കാലാവധി നീട്ടിയില്ലെങ്കിൽ നിലവിലെ തീയതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും കമീഷൻ വ്യക്തമാക്കി. കേസിൽ ഉൾപ്പെട്ടവരുടെ അഭിഭാഷകരുമായി കൂടിയാലോചിച്ചാണ് കമീഷൻ തീരുമാനമെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.