കോടതിയലക്ഷ്യത്തില്‍ മാപ്പു പോരാ; മന്ത്രി കെ.സി. ജോസഫ് നേരിട്ടെത്തണം
text_fieldsകൊച്ചി: ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെതിരായ ആക്ഷേപകരമായ ഫേസ്ബുക് പരാമര്‍ശത്തില്‍ നിരുപാധിക ഖേദം പ്രകടിപ്പിച്ചെങ്കിലും മന്ത്രി കെ.സി. ജോസഫ് നേരിട്ട് ഹാജരാകണമെന്ന് വീണ്ടും ഹൈകോടതി. കോടതിയെയോ ഏതെങ്കിലും ജഡ്ജിയെയോ അവഹേളിക്കാന്‍ ബോധപൂര്‍വമായ ശ്രമമല്ല നടന്നതെന്ന് വ്യക്തമാക്കി മന്ത്രി സമര്‍പ്പിച്ച സത്യവാങ്മൂലം ഫയലില്‍ സ്വീകരിച്ചെങ്കിലും കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി മാര്‍ച്ച് ഒന്നിന് നേരിട്ട് ഹാജരാകണമെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് സുനില്‍ തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടു.കോടതിക്കും ജഡ്ജിക്കുമെതിരായ ഫേസ്ബുക് പരാമര്‍ശങ്ങള്‍ കുട്ടിക്കളിയല്ളെന്നും പൊതുപ്രവര്‍ത്തകരായ മന്ത്രിമാരില്‍നിന്ന് ബാലിശമായ ഇത്തരം നടപടികളുണ്ടാകാന്‍ പാടില്ലാത്തതാണെന്നും ഹരജി പരിഗണിക്കുന്നതിനിടെ കോടതി വാക്കാല്‍ പരാമര്‍ശിച്ചു. വി. ശിവന്‍കുട്ടി എം.എല്‍.എ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയാണ് ഡിവിഷന്‍ ബെഞ്ചിന്‍െറ പരിഗണനക്കത്തെിയത്.
ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ‘ചായത്തൊട്ടിയില്‍ വീണ കുറുക്കന്‍’ ആണെന്ന് മന്ത്രി കെ.സി. ജോസഫ് ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശമാണ് ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്ക് കാരണമായത്. മുന്‍മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസിന്‍െറ പരിഗണനാവേളയില്‍ വിജിലന്‍സിന് സ്വയംഭരണാവകാശം നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും ഇതിനായി ‘അമികസ്ക്യൂറി’മാരെ നിയമിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടിരുന്നു. അഡ്വ. ജനറലിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അഭിഭാഷകരില്‍ പലരും അബ്കാരികളുടെ നോമിനികളാണെന്നും കോടതി കടുത്ത ഭാഷയില്‍ പരാമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശങ്ങളത്തെുടര്‍ന്നാണ് ഫേസ്ബുക്കില്‍ മന്ത്രി ജഡ്ജിക്കെതിരെ പോസ്റ്റിട്ടത്.
കേസ് ചൊവ്വാഴ്ച വൈകുന്നേരം 3.30ന് പരിഗണിക്കാനിരിക്കെ മാപ്പപേക്ഷയടങ്ങുന്ന സത്യവാങ്മൂലം മന്ത്രി സീനിയര്‍ അഭിഭാഷകന്‍ എസ്. ശ്രീകുമാര്‍ മുഖേന കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. ഫേസ്ബുക് പോസ്റ്റിട്ടത് കോടതിയെ ഒരുതരത്തിലും അനാദരിക്കണമെന്ന ദുരുദ്ദേശ്യത്തോടെയല്ല. ഇത്തരത്തിലൊരു പോസ്റ്റ് തന്‍െറ ഭാഗത്തുനിന്നുണ്ടായതില്‍ അതിയായി ഖേദിക്കുന്നുവെന്നും നിരുപാധികമായ മാപ്പപേക്ഷ പരിഗണിച്ച് കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്നും മന്ത്രി സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. നിയമസഭാ സമ്മേളിക്കുന്ന സാഹചര്യത്തില്‍ മന്ത്രി എന്ന നിലയില്‍ ചൊവ്വാഴ്ച ഹാജരാകാന്‍ അസൗകര്യമുണ്ടെന്നും നിയമസഭാ സമ്മേളനം അവസാനിച്ചശേഷം എപ്പോള്‍ വേണമെങ്കിലും ഹാജരാവാമെന്നും ചൂണ്ടിക്കാട്ടി മറ്റൊരു സത്യവാങ്മൂലവും മന്ത്രി നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.