ജെ.ഡി.യു യു.ഡി.എഫിൽ തുടരുമെന്ന് വീരേന്ദ്രകുമാർ
text_fieldsകോഴിക്കോട്: മുന്നണിമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടെ യു.ഡി.എഫില്‍ത്തന്നെ തുടരാന്‍ ജെ.ഡി.യു തീരുമാനം. ബി.ജെ.പി- സംഘ്പരിവാര്‍ ഭീഷണി ദേശീയമായി നേരിടുന്നതിന്‍െറ ഭാഗമായി അഖിലേന്ത്യാടിസ്ഥാനത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടിന്‍െറ ഭാഗമായി സംസ്ഥാനത്ത് യു.ഡി.എഫിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായി പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ യു.എ.പി.എ നിയമം ചുമത്തിയത് ശരിയായില്ല. സര്‍ക്കാറിന് വിരോധമുള്ളവര്‍ക്കെതിരെ ഉപയോഗിക്കുന്ന ആയുധമായി മാറിയിരിക്കുന്നു യു.എ.പി.എ. ഇതിന്‍െറ പേരില്‍ നാളെ ഏത് പൊതുപ്രവര്‍ത്തകനെയും ജയിലിലാക്കും. സര്‍ക്കാറിനെതിരെ പറയുന്നവര്‍ക്കെതിരെയെല്ലാം ആ നിയമം ഉപയോഗിക്കുന്ന രീതി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്‍റുമാര്‍, സഹസംഘടനാ അധ്യക്ഷര്‍ എന്നിവരുടെ നേതൃത്വത്തില്‍ വീരേന്ദ്രകുമാറിന്‍െറ വസതിയില്‍ ചേര്‍ന്ന നേതൃയോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു വീരേന്ദ്രകുമാര്‍.പാലക്കാട് തോല്‍വി സംബന്ധിച്ച് യു.ഡി.എഫില്‍ പറയും. മുന്നണിയില്‍ പറയേണ്ട കാര്യങ്ങള്‍ പരസ്യമായി പറയാറില്ല. യു.ഡി.എഫിലെ കാര്യങ്ങള്‍ സോണിയ ഗാന്ധിയോടുള്‍പ്പെടെ സംസാരിച്ചിട്ടുണ്ട്.
മുന്നണിക്കകത്ത് പല പ്രശ്നങ്ങളുമുണ്ടാകും. എന്നാല്‍, ഒരു മുന്നണിയോടൊപ്പം നില്‍ക്കുക എന്നത് രാഷ്ട്രീയ തീരുമാനമാണ്. സംഘ്പരിവാര്‍- ബി.ജെ.പി ഭീഷണിക്കെതിരെ സാമ്പ്രദായികമായി ചിന്തിച്ചിട്ട് കാര്യമില്ല. ബംഗാളില്‍ സി.പി.എം കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതും ബിഹാര്‍ ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ പുതിയ രാഷ്ട്രീയ സഖ്യങ്ങളും ഇതാണ് സൂചിപ്പിക്കുന്നത്. കൂടുതല്‍ വിജയസാധ്യതയുള്ള സീറ്റുകള്‍ യു.ഡി.എഫിനോട് ചോദിക്കും. എത്ര സീറ്റെന്ന് ചര്‍ച്ചചെയ്ത് പറയേണ്ടതാണ്. മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് മന്ത്രി കെ.പി. മോഹനന്‍ പ്രത്യേക ലൈന്‍ സ്വീകരിച്ചിട്ടില്ല. യു.ഡി.എഫ് മന്ത്രിസഭയിലെ അംഗം എന്ന നിലയില്‍ അതില്‍ തുടരാന്‍ അദ്ദേഹം പറയുന്നതില്‍ പ്രത്യേകതയൊന്നുമില്ളെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ഷേക് പി. ഹാരിസ്, ഡോ. വര്‍ഗീസ് ജോര്‍ജ്, പി. കോരന്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.