ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ അപകടം: കണ്ണീര്‍ക്കടലായി കലോത്സവമുറ്റം
text_fieldsഗുരുവായൂര്‍: ഉത്സവത്തിമിര്‍പ്പിലാവേണ്ട അരിയന്നൂര്‍ കുന്നിലേക്ക് ക്ഷണിക്കാത്ത അതിഥിയായത്തെിയ കാറ്റ് കാമ്പസിനെ കണ്ണീരിലാഴ്ത്തി. മാസങ്ങള്‍ നീണ്ട ഒരുക്കത്തിന് ശേഷമത്തെിയ ഡി സോണ്‍ കലോത്സവത്തിന്‍െറ ഉത്സവലഹരിയിലായിരുന്നു കോളജും വിദ്യാര്‍ഥികളും.
ബുധനാഴ്ചയാണ് സ്റ്റേജിതര മത്സരങ്ങള്‍ തുടങ്ങിയത്. രണ്ടാം ദിവസത്തെ മത്സരങ്ങള്‍ തുടങ്ങും മുമ്പേ കാറ്റ് അരിയന്നൂര്‍ കുന്നില്‍ വീശിയടിച്ചു. അപകടത്തില്‍ പരിക്കേറ്റവരില്‍ ഒരാളൊഴികെ ഒന്നാം വര്‍ഷ ബിരുദക്കാരാണ്.
ദുരന്തവാര്‍ത്ത അറിഞ്ഞയുടന്‍ നാട് ഒന്നായി കോളജിലേക്ക് ഒഴുകി. മരങ്ങള്‍ പൊക്കിമാറ്റാന്‍ കഴിയാത്തതിനാല്‍ പരിക്കേറ്റ പലരെയും വലിച്ചെടുക്കേണ്ടി വന്നു. കിട്ടിയ വാഹനങ്ങളിലായി എല്ലാവരേയും ആശുപത്രികളിലത്തെിച്ചു. ഓര്‍ക്കാപ്പുറത്തത്തെിയ ദുരന്തത്തിന് മുന്നില്‍ കാമ്പസ് വിങ്ങിപ്പൊട്ടി. കാമ്പസിലെ കൊടിതോരണങ്ങളും ബോര്‍ഡുകളും അനുഷക്ക് ആദരാഞ്ജലിയര്‍പ്പിക്കുന്ന ബോര്‍ഡുകള്‍ക്ക് വഴിമാറി. ആഘോഷകമ്മിറ്റിയുടെ ബാഡ്ജുകള്‍ നെഞ്ചില്‍ കറുത്ത ബാഡ്ജുകളായി.
രാവിലെ കളിചിരികളോടെ കോളജിലേക്ക് വന്ന അനുഷയുടെ നിശ്ചലശരീരം ആംബുലന്‍സിലത്തെിയപ്പോള്‍ കാമ്പസ് തേങ്ങിക്കരഞ്ഞു.
ഹൃദയഭേദകമായ രംഗം കാണാനാവാതെ കൂട്ടുകാരികള്‍ പലരും മോഹാലസ്യപ്പെട്ടു. പ്രിയ കൂട്ടുകാരിയെ അവസാനമായി ഒരുനോക്കുകാണാന്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ കാത്തുനില്‍ക്കുകയായിരുന്നു.
കോളജ് വരാന്തയില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ അവര്‍ തേങ്ങലുകളോടെ പുഷ്പങ്ങള്‍ അര്‍പ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.