ദാറുല്‍ഹുദക്ക് തീരാനഷ്ടം
text_fieldsമലപ്പുറം: ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ വിയോഗത്തില്‍ തളര്‍ന്നിരിക്കുകയാണ് ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി. യൂനിവേഴ്സിറ്റിയുടെ സ്ഥാപക നേതാവ് ബാപ്പുട്ടിഹാജിയുടെ ആവശ്യപ്രകാരം 1977 സെപ്റ്റംബര്‍ 25ന് ചെമ്മാട് ദര്‍സില്‍ മുദരിസായത്തെിയ ചെറുശ്ശേരി ചെമ്മാട് മഹല്ലിലും പരിസരപ്രദേശങ്ങളിലുമെല്ലാമുള്ള വിശ്വാസികളുടെ അഭയകേന്ദ്രമായിരുന്നു. എം.എം. ബശീര്‍ മുസ്ലിയാരുടെ വിയോഗത്തോടെ ’94ല്‍ ദാറുല്‍ഹുദ പ്രിന്‍സിപ്പലായി തെരഞ്ഞെടുക്കപ്പെട്ട സൈനുദ്ദീന്‍ മുസ്ലിയാര്‍ തിരക്കുപിടിച്ച സാഹചര്യങ്ങളില്‍ പോലും ദാറുല്‍ഹുദയിലെ ക്ളാസുകള്‍ക്ക് കൃത്യമായി എത്തിയിരുന്നു. മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമായി നാടന്‍ ഉദാഹരണങ്ങളും കഥകളും അനുഭവങ്ങളുമെല്ലാം ചേര്‍ത്ത് സങ്കീര്‍ണമായ കര്‍മശാസ്ത്ര മസ്അലകളും ഹദീസുകളും വിശദീകരിക്കുന്ന രീതിയായിരുന്നു ചെറുശ്ശേരി സ്വീകരിച്ചിരുന്നത്. പറയുന്ന കാര്യങ്ങള്‍ വിദ്യാര്‍ഥികള്‍ അതീവശ്രദ്ധയോടെ കേട്ടിരിക്കണമെന്ന നിലപാടായിരുന്നു അദ്ദേഹം പുലര്‍ത്തിയിരുന്നതെന്ന് വിദ്യാര്‍ഥികള്‍ അനുസ്മരിക്കുന്നു. സമസ്ത ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റതോടെ തിരക്ക് വര്‍ധിച്ചെങ്കിലും ദാറുല്‍ ഹുദ തന്നെയായിരുന്നു അദ്ദേഹത്തിന്‍െറ പ്രധാന പ്രവര്‍ത്തന മണ്ഡലം.
നാടിനും സമൂഹത്തിനും നേതൃത്വം നല്‍കേണ്ടവര്‍ തികഞ്ഞ മതബോധവും അച്ചടക്കവുമുള്ളവരായിരിക്കണമെന്ന കാഴ്ചപ്പാടായിരുന്നു ഇത്തരമൊരു നിലപാടെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തെ ഏറെ പ്രതീക്ഷയോടെ വീക്ഷിച്ചിരുന്ന സൈനുദ്ദീന്‍ മുസ്ലിയാര്‍ ആധുനിക വിഷയങ്ങളുടെ കര്‍മശാസ്ത്ര മാനങ്ങള്‍ പഠിച്ചവതരിപ്പിക്കാന്‍ ദാറുല്‍ഹുദയിലെ പൂര്‍വവിദ്യാര്‍ഥികള്‍ തയാറായപ്പോള്‍ പ്രശംസ ചൊരിഞ്ഞു. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമജീവിതം നയിക്കാന്‍ ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നെങ്കിലും ജീവിതാന്ത്യം വരെ വിജ്ഞാനവഴിയില്‍ തുടരാന്‍ ആഗ്രഹിച്ച ചെറുശ്ശേരി വിദ്യാര്‍ഥികള്‍ക്ക് അറിവ് പകര്‍ന്നുകൊടുക്കാന്‍ ചെമ്മാട്ടത്തെി. രോഗം വന്ന സാഹചര്യത്തില്‍ പോലും വിദ്യാര്‍ഥികള്‍ക്ക് ഇസ്ലാമിക കര്‍മശാസ്ത്രത്തിലെ പ്രമുഖ ഗ്രന്ഥമായ തുഹ്ഫത്തുല്‍ മുഹ്താജിന്‍െറ ആമുഖഭാഗം പകര്‍ന്നുനല്‍കിയാണ് ദാറുല്‍ഹുദയില്‍നിന്ന് യാത്ര തിരിച്ചത്. പ്രിയ ഗുരുനാഥനുവേണ്ടി ഉള്ളുരുകി പ്രാര്‍ഥിക്കുകയാണ് വിദ്യാര്‍ഥികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.