‘ഫത്വ’ നല്‍കാന്‍ ഇനി ചെറുശ്ശേരിയില്ല
text_fieldsമലപ്പുറം: മലബാറിലെ മഹല്ലുകളില്‍ ചെറുതും വലുതുമായ പ്രശ്നങ്ങള്‍ ഇലക്കും മുള്ളിനും കേടുപറ്റാതെ അന്തിമ വിധി പറഞ്ഞ് പരിഹരിക്കാന്‍ ഇനി ചെറുശ്ശേരി ഉസ്താദില്ല. മഹല്ലുകളിലെ പ്രശ്നങ്ങള്‍ വ്യക്തികള്‍ തമ്മിലായാലും കുടുംബങ്ങള്‍ തമ്മിലായാലും സംഘടനാ പ്രശ്നങ്ങളായാലും അതിലൊക്കെ ഫത്വക്കായി (മതവിധി) ആശ്രയിച്ചത് ചെറുശ്ശേരിയെയായിരുന്നു. അദ്ദേഹം പുറപ്പെടുവിക്കുന്ന വിധി അനുകൂലമായാലും പ്രതികൂലമായാലും അനുസരിച്ച് പരാതിക്കാരും പ്രതികളും കൈക്കൊടുത്തു പിരിയും.
സമസ്തയുമായും ചെറുശ്ശേരിയുമായും ആശയപരമായി ഭിന്നതയുള്ളവര്‍ പോലും അദ്ദേഹത്തിന്‍െറ നിഷ്പക്ഷ മതവിധികളെ സ്വാഗതം ചെയ്തു. അന്ധമായ സംഘടനാ പക്ഷപാതിത്വമില്ലാതെയായിരുന്നു അദ്ദേഹത്തിന്‍െറ പ്രവര്‍ത്തനങ്ങളെന്നത് മതവിധികളുടെ വിശ്വാസ്യത വര്‍ധിപ്പിച്ചു. കണ്ണിയത്ത് അഹ്മദ് മുസ്ലിയാരുടെ മരണത്തോടെ പ്രാമാണിക ഇസ്ലാമിക കര്‍മശാസ്ത്ര വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ചെറുശ്ശേരിയായിരുന്നു കര്‍മശാസ്ത്ര വിഷയങ്ങള്‍ തീര്‍പ്പാക്കാന്‍ മലബാറിലെ ഭൂരിഭാഗം മഹല്ലുകളും അവലംബിച്ചത്. വിവിധ വിഷയങ്ങളിലുള്ള കര്‍മ ശാസ്ത്ര വിധികള്‍ തേടി കൊണ്ടോട്ടിയിലെ വസതിയിലും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലും നിരവധി പേരാണ് ദിവസവും എത്തിയിരുന്നത്.
കുഴഞ്ഞുമറിഞ്ഞ ത്വലാഖ് പ്രശ്നങ്ങള്‍, വഴിത്തര്‍ക്കങ്ങള്‍, മഹല്ല് തര്‍ക്കങ്ങള്‍, അനന്തരാവകാശ നിയമങ്ങള്‍ തുടങ്ങിയവയില്‍ അനായാസം ചെറുശ്ശേരി തീര്‍പ്പ് കല്‍പ്പിച്ചു. കോടതികളില്‍ നിന്നടക്കം കര്‍മശാസ്ത്ര വിഷയങ്ങളില്‍ അഭിപ്രായം തേടി ഉസ്താദിനെ സമീപിച്ചിരുന്നു. കര്‍മശാസ്ത്രത്തിലെ നിയമങ്ങളോരോന്നും എഴുതി സൂക്ഷിക്കാറുള്ള ചെറുശ്ശേരിയുടെ പക്കല്‍ അമൂല്യമായ വൈജ്ഞാനിക ശേഖരവുമുണ്ട്. ഫത്വകള്‍ കൊടുക്കുമ്പോള്‍ അതീവ സൂക്ഷ്മത പുലര്‍ത്തിയിരുന്ന ചെറുശ്ശേരി ചോദ്യങ്ങള്‍ എഴുതി വാങ്ങി ഉത്തരവാദപ്പെട്ടവരുടെ സാന്നിധ്യത്തില്‍ വെച്ചായിരുന്നു വിധി പ്രസ്താവിച്ചിരുന്നത്.
അദ്ദേഹം നല്‍കിയ ഫത്വകള്‍ ക്രോഡീകരിച്ച് ബൃഹത്തായ കര്‍മശാസ്ത്ര ഗ്രന്ഥം തയ്യാറാക്കാനുള്ള ശ്രമങ്ങള്‍ ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ നടന്നുകൊണ്ടിരിക്കേയാണ് ഉസ്താദിന്‍െറ വിയോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.