മനോജ് വധം: 15 പ്രതികളുടെ ജാമ്യഹരജിയും ജയരാജന്‍െറ കസ്റ്റഡി അപേക്ഷയും 23ന് പരിഗണിക്കും
text_fieldsതലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ഒന്നാംപ്രതി വിക്രമനുള്‍പ്പെടെ 15 പേര്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഫെബ്രുവരി 23ന് പരിഗണിക്കും. ഒന്നര വര്‍ഷത്തോളമായി ജയിലില്‍ കഴിയുന്ന ഇവര്‍ക്കെതിരെ തുടരന്വേഷണം നടക്കുന്നതിനാല്‍ ജാമ്യം വേണമെന്നാണ് അഡ്വ. കെ. വിശ്വന്‍ മുഖേന സമര്‍പ്പിച്ച ഹരജിയിലെ ആവശ്യം.
സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ പ്രതിചേര്‍ത്ത് കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, ഒന്നു മുതല്‍ 25 വരെ പ്രതികള്‍ ഗൂഢാലോചനയില്‍ പങ്കെടുത്തെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍, തുടരന്വേഷണം നടക്കുന്നതായി ബോധ്യപ്പെട്ടിരിക്കുകയാണ്. അതിനാല്‍ കസ്റ്റഡിയില്‍ കഴിയുന്ന തങ്ങള്‍ക്ക് 167ാം വകുപ്പ് പ്രകാരം ജാമ്യം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് പ്രതികള്‍ സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞു.
റിമാന്‍ഡില്‍ കഴിയുന്ന 25ാം പ്രതി പി. ജയരാജനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് സി.ബി.ഐയുടെ അപേക്ഷയും 23നാണ് പരിഗണിക്കുക. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന്‍െറ ആരോഗ്യനിലയിലെ പുരോഗതി 22ന് അറിയിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. മെഡിക്കല്‍ ബോര്‍ഡ് യോഗതീരുമാനം കോടതിക്ക് വ്യാഴാഴ്ച ലഭിച്ചശേഷമാണ്, 22ന് പുരോഗതി അറിയിക്കാന്‍ ഉത്തരവിട്ടത്.ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ളെങ്കിലും നേരത്തെ ഉന്നയിച്ച ആരോഗ്യപരമായ അവശതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും തുടര്‍ചികിത്സ ആവശ്യമാണെന്നുമുള്ള മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് പ്രകാരം കസ്റ്റഡിയില്‍ വിട്ടുകൊടുക്കില്ളെന്ന പ്രതീക്ഷയിലാണ് പ്രതിഭാഗം. തുടര്‍ച്ചയായ നിരീക്ഷണത്തില്‍ ജയരാജന്‍െറ ആരോഗ്യസ്ഥിതിയില്‍ കാര്യമായ പ്രശ്നങ്ങളുണ്ടെന്ന് പറയാനായില്ല. എന്നാല്‍, ഹൃദയസംബന്ധമായ അസുഖമുള്ളതിനാല്‍ തുടര്‍ന്ന് അവശതകളുണ്ടാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതില്‍ വ്യക്തത വരുത്താനാണ് ആരോഗ്യ പുരോഗതി അറിയിക്കാന്‍ കോടതി ജയില്‍ സൂപ്രണ്ടിനോട് നിര്‍ദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.