ചാനല്‍ ഷോപോലെ ഉദ്ഘാടനച്ചടങ്ങ്
text_fieldsകൊച്ചി: കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഉദ്ഘാടനം ടി.വി ചാനല്‍ അവാര്‍ഡ് നിശയെ കടത്തിവെട്ടുംവിധം. വേദിയെയും സദസ്സിനെയും ചുറ്റി എല്‍.ഇ.ഡി സ്ക്രീനുകളുടെ ചുമരുകള്‍. ലേസര്‍ ഷോ.
ഇടവിട്ട് ശബ്ദ-ദൃശ്യ പ്രദര്‍ശനങ്ങള്‍, വേദിയില്‍നിന്ന് അവതാരകയുടെ ഇംഗ്ളീഷും മലയാളവും കലര്‍ത്തിയുള്ള വിവരണം. ഇതിനൊക്കെ പുറമെ സിനിമാതാരം ലക്ഷ്മി ഗോപാല സ്വാമിയുടെ നേതൃത്വത്തില്‍ വിവിധ കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയ നൃത്തശില്‍പവും. ആയിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന ശീതീകരിച്ച പന്തലാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്ത് ഒരുക്കിയത്. ദുബൈയില്‍നിന്ന് ഉള്‍പ്പെടെ എത്തിയ പ്രമുഖര്‍ക്കായി വി.ഐ.പി പവിലിയനും പ്രത്യേകം സജ്ജീകരിച്ചിരുന്നു.
ദേശീയഗാനത്തോടെ തുടങ്ങിയ ഉദ്ഘാടനച്ചടങ്ങിന് പിന്നാലെ വേദിയില്‍ തെളിഞ്ഞത് രാഷ്ട്രപതി ഭവന്‍െറ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്‍െറ സെക്രട്ടറി വേണു രാജാമണി. രാഷ്ട്രപതിയുടെ സന്ദേശം കഴിഞ്ഞയുടന്‍ കൊച്ചിയും ദുബൈയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ദൃശ്യവിസ്മയം.
സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനത്തിന്‍െറ ഭാഗമായി മുഖ്യമന്ത്രിയും വിശിഷ്ട വ്യക്തികളും ഡിജിറ്റല്‍ സ്വിച്ച് അമര്‍ത്തിയതോടെ വേദിക്ക് ചുറ്റും തെളിഞ്ഞത് ഒന്നാം മന്ദിരത്തിന്‍െറ ദൃശ്യങ്ങള്‍. പിന്നാലെ രണ്ടാംഘട്ടത്തില്‍ വരാനിരിക്കുന്ന കെട്ടിടങ്ങളുടെ ദൃശ്യഭംഗി. ഉദ്ഘാടനച്ചടങ്ങ് സമാപിക്കുന്നതിന് മുന്നോടിയായി സിനിമാതാരം ലക്ഷ്മി ഗോപാല സ്വാമിയുടെ നൃത്ത സംഗീതശില്‍പം. ഭരതനാട്യം, മോഹനിയാട്ടം, കഥകളി, കളരിപ്പയറ്റ്, ആയോധന കലകള്‍ തുടങ്ങിയവക്കൊപ്പം സിനിമാറ്റിക് ഡാന്‍സും. ‘കളേഴ്സ് ഓഫ് കേരള’ എന്ന ടൈറ്റിലിലാണ് ഈ പരിപാടി അരങ്ങേറിയത്. നൃത്തശില്‍പത്തിന് മാറ്റുകൂട്ടാന്‍ വേദിക്ക് ചുറ്റുമുള്ള എല്‍.ഇ.ഡി സ്ക്രീനുകളില്‍ പുലര്‍കാലവും കൊടുംകാടും നീലാകാശവുമെല്ലാം മാറിമാറി തെളിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.