സ്വാശ്രയ എന്‍ജിനീയറിങ് മാനേജ്മെന്‍റ് സീറ്റുകളിലേക്ക് ജയിംസ് കമ്മിറ്റി പ്രത്യേക പരീക്ഷ നടത്തും
text_fieldsതിരുവനന്തപുരം: സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളില്‍ മാനേജ്മെന്‍റ് സീറ്റുകളിലെ വിദ്യാര്‍ഥി പ്രവേശത്തിന് ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക പരീക്ഷ നടത്തും. പരീക്ഷാതീയതി തിങ്കളാഴ്ച തീരുമാനിക്കും.
കേരള സെല്‍ഫ് ഫിനാന്‍സിങ് എന്‍ജിനീയറിങ് കോളജ് മാനേജ്മെന്‍റ് അസോസിയേഷന്‍ (കെ.എസ്.എഫ്.ഇ.സി.എം.എ) കമ്മിറ്റിയെ സമീപിച്ചതിനെ തുടര്‍ന്നാണ് പ്രത്യേക പരീക്ഷ നടത്തുന്നത്. സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ മാനേജ്മെന്‍റ് സീറ്റുകളിലേക്കും മെറിറ്റ് സീറ്റുകളില്‍ പ്രവേശപരീക്ഷാ കമീഷണറുടെ അലോട്ട്മെന്‍റിനുശേഷം അവശേഷിക്കുന്ന സീറ്റുകളിലേക്കും ജയിംസ് കമ്മിറ്റി നടത്തുന്ന പരീക്ഷയെ അടിസ്ഥാനപ്പെടുത്തി പ്രവേശം നടത്താം. കെ.എസ്.എഫ്.ഇ.സി.എം.എയില്‍ 104 എന്‍ജിനീയറിങ് കോളജുകളാണുള്ളത്.
മേയ് 25ന് പരീക്ഷ നടത്തണമെന്നാണ് അസോസിയേഷന്‍ ജയിംസ് കമ്മിറ്റിയോട് അഭ്യര്‍ഥിച്ചത്. കമ്മിറ്റി തീയതി തീരുമാനിച്ചാല്‍ പ്രവേശപരീക്ഷക്കായി അസോസിയേഷന്‍ ആയിരിക്കും അപേക്ഷ ക്ഷണിക്കുക. പരീക്ഷാ കേന്ദ്രങ്ങള്‍ ജയിംസ് കമ്മിറ്റി തീരുമാനിക്കും. ഹാള്‍ടിക്കറ്റ് അയക്കലും ചോദ്യപേപ്പര്‍ തയാറാക്കലും മൂല്യനിര്‍ണയം നടത്തലും റാങ്ക് പട്ടിക തയാറാക്കലുമെല്ലാം കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍തന്നെ നടത്തും. റാങ്ക് പട്ടിക അസോസിയേഷനുകള്‍ക്ക് കൈമാറുകയും അതില്‍നിന്ന് അവര്‍ക്ക് അലോട്ട്മെന്‍റ് നടത്തുകയും ചെയ്യാം.
നേരത്തേ പ്രവേശപരീക്ഷാ കമീഷണര്‍ നടത്തുന്ന പരീക്ഷയില്‍ നോര്‍മലൈസേഷന്‍ പ്രക്രിയക്ക് മുമ്പുള്ള പട്ടിക വാങ്ങുകയും അതില്‍നിന്ന് മാനേജ്മെന്‍റ് സീറ്റിലേക്ക് പ്രവേശം നടത്തുന്ന രീതിയുമായിരുന്നു മാനേജ്മെന്‍റുകള്‍ സ്വീകരിച്ചിരുന്നത്. പ്ളസ് ടു പരീക്ഷയുടെ മാര്‍ക്കുകൂടി പരിഗണിക്കുന്ന നോര്‍മലൈസേഷന്‍ പ്രക്രിയയില്‍ റാങ്ക് പട്ടികയില്‍നിന്ന് പുറത്താകുന്നവര്‍ക്കുവരെ മാനേജ്മെന്‍റ് സീറ്റുകളില്‍ പ്രവേശം നല്‍കുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യം അനുവദിക്കാനാകില്ളെന്ന് ജയിംസ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍കൂടിയാണ് ഇത്തവണ പ്രത്യേക പരീക്ഷ നടത്താന്‍ ജയിംസ് കമ്മിറ്റി സന്നദ്ധത അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.