ഇന്‍റര്‍നെറ്റ് പരസ്യത്തിലൂടെ കോടികള്‍ വെട്ടിച്ച പാലക്കാട് സ്വദേശി പിടിയില്‍
text_fieldsകോഴിക്കോട്: ഇന്‍റര്‍നെറ്റ് പരസ്യത്തിലൂടെ ഹോം നഴ്സിനെയും വീട്ടുജോലിക്കാരികളെയും നല്‍കാമെന്ന് പരസ്യം നല്‍കി കോടികള്‍ വെട്ടിച്ച പാലക്കാട് സ്വദേശി പിടിയില്‍. നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പാലക്കാട് ഒറ്റപ്പാലം കോതക്കുറിശ്ശി ശിവ എന്ന പി. പരമേശ്വരനെ (37)യാണ് അറസ്റ്റ് ചെയ്തത്. ചെന്നൈ കാഞ്ചീപുരം പമ്മല്‍ വില്ളേജില്‍ സംബന്ധനാര്‍ നഗറിലെ നെഹ്റു സ്ട്രീറ്റില്‍ ശ്രീ തങ്കം അപ്പാര്‍ട്ട്മെന്‍റിലെ താമസസ്ഥലത്താണ് പിടിയിലായത്. നടക്കാവ് ചക്കോരത്തുകുളം പൗര്‍ണമി വീട്ടില്‍ വി.പി. ജയകൃഷ്ണന്‍െറ പരാതിയിലാണ് അറസ്റ്റ്. കരുണ ഹോം കെയര്‍ പാലക്കാട് എന്ന സ്ഥാപനത്തിന്‍െറ പേരില്‍ ഹോം നഴ്സിനെ നല്‍കാമെന്ന പരസ്യത്തിലേക്ക് ഫോണിലൂടെ ബന്ധപ്പെട്ട പരാതിക്കാരന്‍െറ ഇ- മെയിലിലേക്ക് 2015 ആഗസ്റ്റ് 19 മുതല്‍ നിരന്തരം ബന്ധപ്പെട്ടായിരുന്നു തട്ടിപ്പിന് തുടക്കം. ജോലിക്കാരികള്‍ എന്ന വ്യാജേന സ്ത്രീകളുടെ ഫോട്ടോ അയച്ച് ഒരു മാസത്തെ ശമ്പളമായ 9500 രൂപ അഡ്വാന്‍സും 2000 രൂപ കമീഷനുമടക്കം 11,500 രൂപ അയക്കാന്‍ ആവശ്യപ്പെട്ടു. പ്രതി നല്‍കിയ പൊള്ളാച്ചി കോര്‍പറേഷന്‍ ബാങ്കിന്‍െറ അക്കൗണ്ടിലേക്ക് ചക്കോരത്തുകുളം കനറാബാങ്കിന്‍െറ അക്കൗണ്ട് വഴി തുക കൊടുത്തു. പിന്നീട് ഹോം നഴ്സിനെ അയച്ച് കൊടുക്കാതെ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയതില്‍ ചതി മനസ്സിലാക്കിയ പരാതിക്കാരന്‍ നടക്കാവ് പൊലീസില്‍ 2015 ആഗസ്റ്റ് 23ന് പരാതി നല്‍കിയിരുന്നു. ജില്ലയില്‍ കുന്ദമംഗലം, മെഡിക്കല്‍കോളജ്, ചേവായൂര്‍ സ്റ്റേഷനുകളിലും സമാനമായ പരാതി ലഭിച്ചിരുന്നു.
പ്രതിയായ പരമേശ്വരന്‍ കരുണ ഹോം കെയര്‍, ഇഷ ഹോം സര്‍വിസ്, ശിവത ഹോം കെയര്‍ സര്‍വിസ്, കൃഷ്ണ പ്ളേസ്മെന്‍റ് സര്‍വിസ് എന്നീ പേരുകളില്‍ ക്ളിക് ഇന്ത്യ, ജസ്റ്റ് ഷെയര്‍, ക്യുക്കര്‍ തുടങ്ങിയ ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ഹൗസ് സര്‍വെന്‍റിനെ ആവശ്യമുള്ളവര്‍ ബന്ധപ്പെടുക എന്ന പരസ്യവും വിവിധ ഫോണ്‍ നമ്പറുകളും നല്‍കിയിരുന്നു. പരസ്യംകണ്ട് മുംബൈ, ചെന്നൈ, കേരളം, ഗോവ, കോയമ്പത്തൂര്‍, കര്‍ണാടക, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നു ബന്ധപ്പെട്ട നിരവധി പേര്‍ ചതിയില്‍ പെട്ടതായി പൊലീസ് പറഞ്ഞു. കുവൈത്ത്, ഒമാന്‍ തുടങ്ങി വിദേശ രാജ്യങ്ങളില്‍ ജോലിചെയ്യുന്ന മക്കള്‍, നാട്ടിലുള്ള മാതാപിതാക്കളെ നോക്കുന്നതിനായി ഹോം നഴ്സുമാരെ തേടി ഇന്‍റര്‍നെറ്റ് പരസ്യത്തില്‍ കുടുങ്ങി വഞ്ചിക്കപ്പെടുകയായിരുന്നു. മാസങ്ങളായുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. ചെന്നൈക്ക് സമീപം വാടക ഫ്ളാറ്റിലായിരുന്നു താമസം. 18 മൊബൈല്‍ സിം കാര്‍ഡുകള്‍, 15 ബാങ്ക് അക്കൗണ്ട് പാസ് ബുക്, ചെക് ബുക്, വിവിധ ബാങ്കിന്‍െറ എ.ടി.എം കാര്‍ഡ്, നാല് മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചെടുത്തു. മറ്റു സംസ്ഥാനങ്ങളിലും സമാന തട്ടിപ്പ് നടത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കി. നടക്കാവ് അഡീഷനല്‍ എസ്.ഐമാരായ ഉണ്ണികൃഷ്ണന്‍, മുരളീധരന്‍, എ.എസ്.ഐമാരായ കെ. ശ്രീനിവാസന്‍, എ. അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കെ.ടി. മുഹമ്മദ് ഷെബീര്‍, എം. ഹേമന്ദ്ബാനു എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
ചൂഷണം ചെയ്തത് പ്രവാസി മലയാളികളുടെ നിസ്സഹായത
കോഴിക്കോട്: ഇന്‍റര്‍നെറ്റില്‍ പരസ്യം നല്‍കി കോടികള്‍ വെട്ടിച്ച പാലക്കാട് ഒറ്റപ്പാലം കോതക്കുറിശ്ശി ശിവ എന്ന പി. പരമേശ്വരന്‍ (37)സ്വദേശി ചൂഷണം ചെയ്തത് ഏറെയും പ്രവാസി മലയാളികളെ. വിദേശ രാജ്യങ്ങളില്‍ ജോലിനോക്കുന്നവരുടെ നിസ്സഹായത ചൂഷണം ചെയ്താണ് സൈബര്‍ തട്ടിപ്പ്. ചെന്നൈ, പൊള്ളാച്ചി തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പിന് കളമൊരുക്കിയത്. കരുണ ഹോം കെയര്‍, ഇഷ ഹോം സര്‍വിസ്, ശിവത ഹോം കെയര്‍ സര്‍വിസ്, കൃഷ്ണ പ്ളേസ്മെന്‍റ് സര്‍വിസ് എന്നീ പേരുകളില്‍ ക്ളിക് ഇന്ത്യ, ജസ്റ്റ് ഷെയര്‍, ക്യുക്കര്‍ തുടങ്ങിയ ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ഹൗസ് സര്‍വെന്‍റിനെ ആവശ്യമുള്ളവര്‍ ബന്ധപ്പെടുക എന്ന പരസ്യവും വിവിധ ഫോണ്‍ നമ്പറുകളും നല്‍കി. അവരില്‍ നിന്നെല്ലാം ഒരു ജോലിക്കാരിക്ക് 11,500 രൂപ വീതം ഈടാക്കി മുങ്ങുകയായിരുന്നു. 20 ഓളം വ്യത്യസ്ത ബാങ്ക് അക്കൗണ്ട് നമ്പര്‍ മാറി മാറി അയച്ചാണ് പണം തട്ടിയത്. ആദ്യ കാലത്ത് വീട്ടുജോലിക്ക് സ്ത്രീകളെ ആവശ്യമുണ്ട് എന്ന പേരില്‍ നല്‍കിയ പരസ്യത്തിന് മറുപടിയായി ലഭിച്ച ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിച്ചാണ് സിം കാര്‍ഡുകള്‍ സമ്പാദിച്ചത്. ബാങ്ക് അക്കൗണ്ടില്‍ പണം ലഭിച്ചാല്‍ ആ ഫോണ്‍ നമ്പര്‍ മാറ്റുന്നതോടെ ആവശ്യക്കാരനുമായി ബന്ധപ്പെടാനുള്ള എല്ലാ വഴികളും അടയും. പൊള്ളാച്ചി സ്വദേശിയായ സ്ത്രീ തട്ടിപ്പിനാവശ്യമായ സഹായം നല്‍കിയിരുന്നു. ഫോണ്‍ വരുമ്പോള്‍ ഭാര്യ എന്ന വ്യാജേന ഫോണ്‍ എടുത്തത് ഈ സ്ത്രീയായിരുന്നു. പ്രായക്കൂടുതലുള്ളവര്‍, ചെറുപ്പക്കാരികള്‍ എന്നിങ്ങനെ വീട്ടുജോലിക്കാരികളെ കുറിച്ച് നിബന്ധന വെക്കുന്നവരില്‍ നിന്നും കൂടുതല്‍ പണം ഈടാക്കി. ഇങ്ങനെ കൂടുതല്‍ പണം നല്‍കി വഞ്ചിക്കപ്പെട്ടവരും പിന്നീട് മാനഹാനി ഭയന്ന് പരാതി നല്‍കാന്‍ മടിച്ചു. കോയമ്പത്തൂരുള്ള പരാതി നേരത്തേ ഒത്തുതീര്‍പ്പാക്കിയിരുന്നു. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പറേഷന്‍ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയുടെ പൊള്ളാച്ചി ശാഖ അക്കൗണ്ടും എസ്.ബി.ഐയുടെ പമ്മല്‍ ശാഖ അക്കൗണ്ടുമാണ് തട്ടിപ്പിന് ഉപയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.