സ്വാശ്രയ എന്‍ജി. കോളജ് മാനേജ്മെന്‍റ് സീറ്റ് പ്രവേശത്തിന് പ്രത്യേക പരീക്ഷ മേയ് 25ന്
text_fieldsതിരുവനന്തപുരം: സ്വാശ്രയ എന്‍ജിനീയറിങ് കോളജ് മാനേജ്മെന്‍റ് സീറ്റുകളിലെ വിദ്യാര്‍ഥി പ്രവേശത്തിനായി മേയ് 25ന് പ്രത്യേക പരീക്ഷ നടത്താന്‍ ജസ്റ്റിസ് ജയിംസ് കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന പ്രവേശ പരീക്ഷാ കമീഷണര്‍ നടത്തുന്ന പരീക്ഷയില്‍ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ചേര്‍ക്കാതെയുള്ള (പ്രീ നോര്‍മലൈസേഷന്‍) പട്ടികയില്‍നിന്ന് മാനേജ്മെന്‍റ് സീറ്റിലേക്ക് പ്രവേശം നല്‍കുന്ന രീതി അവസാനിപ്പിക്കാനും പ്രഫഷനല്‍ കോഴ്സുകളുടെ പ്രവേശ, ഫീസ് നിര്‍ണയ മേല്‍നോട്ട അധികാരമുള്ള കമ്മിറ്റി തീരുമാനിച്ചു. പരീക്ഷാ നടത്തിപ്പ് പൂര്‍ണമായും ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ നിയന്ത്രണത്തില്‍തന്നെയായിരിക്കും.
എന്നാല്‍, പ്രവേശ പരീക്ഷക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കേണ്ടതും അപേക്ഷ സ്വീകരിക്കേണ്ടതും കേരള സെല്‍ഫ് ഫിനാന്‍സിങ് എന്‍ജിനീയറിങ് കോളജ് മാനേജ്മെന്‍റ് അസോസിയേഷന്‍ (കെ.എസ്.എഫ്.ഇ.സി.എം.എ) ആണ്. മാര്‍ച്ച് 13ന് വിജ്ഞാപനം പ്രസിദ്ധീകരിക്കും മുമ്പ് ഇതിന്‍െറ കരട് ജസ്റ്റിസ് ജയിംസ് കമ്മിറ്റിക്ക് സമര്‍പ്പിച്ച് അംഗീകാരം വാങ്ങണം. മേയ് 15വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷകരുടെ പട്ടിക 16ന് ജയിംസ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം. മേയ് 25ന് നടത്തുന്ന പരീക്ഷയുടെ ഉത്തരസൂചിക ജയിംസ് കമ്മിറ്റി പ്രസിദ്ധീകരിക്കും. ജൂണ്‍ അഞ്ചിനകം ഫലം പ്രസിദ്ധീകരിക്കും. റാങ്ക് പട്ടിക അസോസിയേഷന് കൈമാറും. അതില്‍നിന്ന് അവര്‍ക്ക് അലോട്ട്മെന്‍റ് നടത്താം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ പരീക്ഷ നടത്താനാണ് തീരുമാനം. അപേക്ഷകര്‍ കൂടുതലുണ്ടെങ്കില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പരീക്ഷ നടത്തും. നിലവിലെ പ്രവേശ പരീക്ഷകളുടെ മാതൃകയില്‍തന്നെയായിരിക്കും മാനേജ്മെന്‍റ് സീറ്റുകളിലേക്കുള്ള പ്രവേശ പരീക്ഷയും നടത്തുകയെന്ന് ജസ്റ്റിസ് ജയിംസ് ‘മാധ്യമ’ത്തോട് പറഞ്ഞു. കെ.എസ്.എഫ്.ഇ.സി.എം.എക്ക് കീഴില്‍ 104 എന്‍ജിനീയറിങ് കോളജുകളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.