ആറ്റുകാല്‍ പൊങ്കാലക്ക് ഭക്തിനിർഭരമായ തുടക്കം
text_fieldsതിരുവനന്തപുരം: ഭക്തിയുടെയും വ്രതശുദ്ധിയുടെയും നിറവില്‍ ആറ്റുകാല്‍ പൊങ്കാലക്ക് തുടക്കമായി. കുംഭ മാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒന്നിക്കുന്ന ദിവസമാണ് പൊങ്കാലയായി കൊണ്ടാടുന്നത്. രാവിലെ 10മണിക്ക് ശ്രീകോവിലില്‍നിന്ന് തന്ത്രി തെക്കേടത്ത് വാസുദേവന്‍ ഭട്ടതിരിപ്പാട് ദീപം പകര്‍ന്ന് മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിക്ക് കൈമാറി. ക്ഷേത്രത്തിനകത്തെ വലിയ തിടപ്പള്ളിയിലും പുറത്തെ ചെറിയ തിടപ്പള്ളിയിലും ദീപം തെളിച്ച് മേല്‍ശാന്തി സഹമേല്‍ശാന്തിക്ക് കൈമാറി.
തുടര്‍ന്ന് ക്ഷേത്രത്തിന് മുന്നില്‍ പച്ചപ്പന്തലിന് സമീപം ഒരുക്കുന്ന പണ്ടാരഅടുപ്പില്‍ ദീപം പകർന്നു. തന്നെ പണ്ടാരയടുപ്പില്‍ തീപകർന്നതോടെ പൊങ്കാലക്ക് തുടക്കമായി. ഇവിടെനിന്ന് ഭക്തരുടെ അടുപ്പുകളിലേക്കു തീനാളം കൈമാറിയതോടെ തിരുവനന്തപുരം നഗരം യാഗശാലയായി മാറി. പൊങ്കാലയ്ക്ക് അകമ്പടിയേകി ചെണ്ടമേളവും വായ്ക്കുരവയും വെടിക്കെട്ടും നടന്നു.
ഉച്ചതിരിഞ്ഞ് 1.30നാണു പൊങ്കാല നിവേദ്യം. 250 ശാന്തിക്കാരെ പൊങ്കാല നിവേദ്യത്തിനായി ഏർപ്പെടുത്തിയിട്ടുണ്ട്.
പ്ലാസ്റ്റിക് വിമുക്ത പൊങ്കാലയാണ് നഗരസഭയുടെ ലക്ഷ്യം. ഭക്തരുടെ സുരക്ഷക്ക് മൂവായിരത്തിലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ക്ഷേത്രത്തിന് പത്ത് കിലോമീറ്റര്‍ പരിധിയില്‍ പൊങ്കാലയിടുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കും.
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച പകൽ മുതല്‍ നഗരത്തിെൻറ പ്രധാന വഴികളിലെല്ലാം അടുപ്പൂകൂട്ടി ഭക്തര്‍ കാത്തിരിപ്പു തുടങ്ങിയിരുന്നു. രാവിലെ മുതൽ തന്നെ ക്ഷേത്രത്തിലും പരിസരങ്ങളിലും ഭക്തരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.