മതസ്പര്‍ധ പ്രസംഗം: വെള്ളാപ്പള്ളിക്ക് കുറ്റപത്രം നല്‍കാന്‍ ആഭ്യന്തര വകുപ്പിന്‍െറ അനുമതി തേടി
text_fieldsനെടുമ്പാശ്ശേരി: സമത്വമുന്നേറ്റ യാത്രക്കിടെ ആലുവ മണപ്പുറത്ത് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വിവാദ പ്രസ്താവന മതസ്പര്‍ധ ഉണ്ടാക്കുന്നതാണെന്ന് സാക്ഷികളിലേറെയും മൊഴി നല്‍കി. ഇതേതുടര്‍ന്ന് 183 (എ) വകുപ്പ് പ്രകാരം കുറ്റപത്രം സമര്‍പ്പിക്കുന്നതിന് ആലുവ പൊലീസ് ആഭ്യന്തരവകുപ്പിന്‍െറ അനുമതി തേടും. ആഭ്യന്തരവകുപ്പ് അനുമതി നല്‍കിയാല്‍ മാത്രമേ തുടര്‍നടപടികളുമായി പൊലീസിന് മുന്നോട്ടുപോകാന്‍ കഴിയൂ.
നവംബര്‍ 29ന് ആലുവയില്‍ നടന്ന യോഗത്തിലാണ്, കോഴിക്കോട്ട് മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ അപകടത്തില്‍പെട്ട ഉത്തരേന്ത്യന്‍ തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരണപ്പെട്ട നൗഷാദിന്‍െറ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കിയത് മുസ്ലിമായതുകൊണ്ടാണെന്ന് വെള്ളാപ്പള്ളി പ്രസംഗിച്ചത്.
മണപ്പുറത്തെ വിവാദപ്രസംഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുശേഷം ആലുവയിലെ സ്വകാര്യ ഹോട്ടലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും അദ്ദേഹം ഇതേകാര്യം ആവര്‍ത്തിച്ചു. വെള്ളാപ്പള്ളിയുടെ പ്രസ്താവന മതസ്പര്‍ധ ഉണ്ടാക്കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ പരാതിയെ തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ആലുവ പൊലീസ് കേസെടുത്തത്. ആലുവ സി.ഐ ടി.ബി. വിജയനാണ് അന്വേഷണം നടത്തിയത്. തുടര്‍ന്ന്, വെള്ളാപ്പള്ളി ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കുകയും കോടതി നിര്‍ദേശപ്രകാരം ആലുവ പൊലീസില്‍ കീഴടങ്ങിയ വെള്ളാപ്പള്ളിക്ക് ആലുവ കോടതി ജാമ്യം നല്‍കുകയുമായിരുന്നു.
വി.എം. സുധീരനുപുറമെ മറ്റ് രണ്ടുപേര്‍ കൂടി പരാതി നല്‍കിയെങ്കിലും അവരെ സാക്ഷികളാക്കുകയായിരുന്നു. പ്രസംഗം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരില്‍ ചിലരെ ഉള്‍പ്പെടെ കേസില്‍ സാക്ഷികളാക്കിയിരുന്നു. വ്യത്യസ്ത മതവിഭാഗങ്ങളില്‍നിന്നുള്ളവര്‍, അഭിഭാഷക മേഖലയിലുള്ളവര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവരില്‍നിന്നും മറ്റും മൊഴിയെടുത്ത് അവരുടെ അഭിപ്രായങ്ങള്‍ കൂടി കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കാനാണ് പൊലീസ് നീക്കം. വെള്ളാപ്പള്ളിയുടെ വിവാദപ്രസ്താവനയുടെ നിരവധി വിഡിയോകളും ഓഡിയോകളും പൊലീസ് ശേഖരിച്ചിരുന്നു. ഇവയെല്ലാം സി-ഡാക്കിന് കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.