ജെ.എന്‍.യു: മോദിസര്‍ക്കാറിനെതിരെ അന്താരാഷ്ട്ര മാധ്യമങ്ങള്‍
text_fieldsദേശദ്രോഹ കുറ്റം ചുമത്തി ജെ.എന്‍. യു വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിന്‍െറ അറസ്റ്റും തുടര്‍സംഭവങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളുടെയും ബുദ്ധിജീവികളുടെയും ശ്രദ്ധയാകര്‍ഷിക്കുന്നു. സംഘര്‍ഷം നിയന്ത്രിക്കുന്നതിനു പകരം ആളിക്കത്തുന്നത് കൈയുംകെട്ടി നോക്കിനില്‍ക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെതിരെയാണ് മാധ്യമങ്ങളുടെ പ്രതിഷേധം.
ദി ന്യൂയോര്‍ക് ടൈംസ്
രാജ്യത്തെയൊന്നാകെ പിടിച്ചുകുലുക്കിയ കാമ്പസ് രാഷ്ട്രീയ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുന്നതിനെ ശക്തമായി അപലപിച്ചാണ് ന്യൂയോര്‍ക് ടൈംസ് ഫെബ്രുവരി 21ന് പ്രസിദ്ധീകരിച്ച ലേഖനം തുടങ്ങുന്നത്. സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ വൈരുധ്യവും സാമൂഹികമാധ്യമങ്ങളില്‍ കനയ്യ കുമാറിനെതിരെ പ്രചരിക്കുന്ന വ്യാജ വിഡിയോയെ കുറിച്ചും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. സംഘര്‍ഷത്തിന്‍െറ പാതയിലേക്ക് അതിരുവിടുന്ന തീവ്രദേശീയത എന്നാണ് കനയ്യയെ കോടതിസമുച്ചയത്തില്‍ അഭിഭാഷകര്‍ ദാരുണമായി മര്‍ദിച്ചതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. എന്തുകൊണ്ട് രാജ്യദ്രോഹത്തിന്‍െറ പേരില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി അറസ്റ്റ് ചെയ്യപ്പെടുന്നു എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. രാഷ്ട്രീയ വിമര്‍ശങ്ങള്‍ തടയാന്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് പതിവായി കാണുന്നുവെന്നും ടൈംസ് ചൂണ്ടിക്കാട്ടുന്നു. ന്യൂയോര്‍ക് ടൈംസിന്‍െറ ലേഖനം പ്രമുഖ ടെന്നിസ് താരം മാര്‍ട്ടിന നവരതിലോവ റീട്വീറ്റ് ചെയ്തു. രാജ്യദ്രോഹക്കുറ്റത്തിന്‍െറ പേരില്‍ തീവ്രദേശീയത സംഘര്‍ഷത്തിലേക്ക് വഴിതെളിയിക്കുന്നതിങ്ങനെയാണെന്ന് അവര്‍ കുറിച്ചു.
ഡോണ്‍
അരനൂറ്റാണ്ടിനിടെ രാജ്യവ്യാപകമായുണ്ടായ ഏറ്റവും വലിയ വിദ്യാര്‍ഥി പ്രതിഷേധമെന്നാണ് പ്രമുഖ പാക് പത്രം ഡോണ്‍ സംഭവത്തെ വിശേഷിപ്പിച്ചത്.
രാജ്യത്തെ 18ഓളം സര്‍വകലാശാലകളിലേക്ക് പ്രതിഷേധം കത്തിപ്പടര്‍ന്നതായും ഡോണ്‍ പറയുന്നു. അടിയന്തരാവസ്ഥക്കു ശേഷം ഇടതുപക്ഷ-സ്വതന്ത്ര ചിന്താഗതിയുള്ള പ്രസ്ഥാനങ്ങളും ദേശീയതയിലൂന്നിയ മോദിസര്‍ക്കാറും തമ്മിലുള്ള ആശയ സംഘട്ടനമാണ് സംഭവം പ്രതിനിധാനംചെയ്യുന്നത്. ബീഫ് വിവാദത്തിന്‍െറ പേരില്‍ ബുദ്ധിജീവികളും എഴുത്തുകാരും പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കുന്ന തരത്തിലേക്ക് രാജ്യത്തെ അസഹിഷ്ണുത വളര്‍ത്തിയ ഹിന്ദുമതഭ്രാന്തന്മാരാണ് കലാപത്തിന് പിന്നിലെന്നും ഡോണ്‍ കുറ്റപ്പെടുത്തുന്നു.
അല്‍ജസീറ
മോദിസര്‍ക്കാര്‍ ജാതീയ പക്ഷപാതവും ധ്രുവീകരണവും ഏകാധിപത്യ പ്രവണതയും വളര്‍ത്തുകയാണെന്ന് അല്‍ജസീറ ലേഖനത്തില്‍ വിമര്‍ശിക്കുന്നു. രാഷ്ട്രീയ എതിരാളികളെ പ്രതിരോധിക്കുന്നതിന് ആവിഷ്കാരസ്വാതന്ത്ര്യം അടിച്ചമര്‍ത്താനുള്ള ശ്രമമാണ് ബി.ജെ.പി സര്‍ക്കാറിന്‍െറത്. സംഘര്‍ഷം പടച്ചുവിടുന്ന മതതീവ്രവാദികളെ മന$പൂര്‍വം കണ്ടില്ളെന്നു നടിക്കുകയാണ് സര്‍ക്കാര്‍. ഹൈദരാബാദ് സര്‍വകലാശാല ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
ദി ഗാര്‍ഡിയന്‍
ഇന്ത്യക്കിത് നിര്‍ണായക നിമിഷം; അസഹിഷ്ണുതക്കെതിരെ സ്വാതന്ത്ര്യം തെരഞ്ഞെടുക്കുക -എന്ന തലക്കെട്ടില്‍ കലാപത്തിനെതിരെ ശക്തമായ ഭാഷയില്‍ മുഖപ്രസംഗം തന്നെയെഴുതി ഗാര്‍ഡിയന്‍. കടുംപിടിത്തക്കാരനായ ആഭ്യന്തരമന്ത്രിയെന്നാണ് രാജ്നാഥ് സിങ്ങിനെ ഗാര്‍ഡിയന്‍ വിശേഷിപ്പിച്ചത്. ബൗദ്ധിക സ്വാതന്ത്ര്യവും ഭരണകൂട അടിച്ചമര്‍ത്തലും ഏറ്റുമുട്ടുന്ന ഈ കാലഘട്ടത്തില്‍ ഇന്ത്യ നിര്‍ണായക നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഗാര്‍ഡിയന്‍ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.