കേരളാ കോൺഗ്രസ് പിളർപ്പിന്‍റെ വക്കിൽ
text_fieldsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കി കേരളാ കോൺഗ്രസിൽ പിളർപ്പിന്‍റെ വ്യക്തമായ സൂചനകൾ. 2010ൽ കേരളാ കോൺഗ്രസ് മാണിയിൽ ലയിച്ച ജോസഫ് വിഭാഗം പാർട്ടി വിടാനുള്ള ഒരുക്കത്തിലാണ്. ഇതിനു മുന്നോടിയായി യു.ഡി.എഫിൽ പ്രത്യേക ഘടക കക്ഷിയായി പരിഗണിക്കണമെന്ന് ജോസഫ് വിഭാഗം നേതാക്കൾ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കണ്ട് ആവശ്യപ്പെട്ടു. ഇതിന് മാണി സമ്മതം മൂളാൻ ഇടയില്ലാത്തതിനാൽ പിളർപ്പ് അല്ലാതെ മറ്റൊന്നും ജോസഫ് വിഭാഗത്തിന്‍റെ മുന്നിൽ ഇല്ലെന്നാണ് റിപ്പോർട്ട്. ജോസഫ് പോകുന്നെങ്കിൽ പോകട്ടെ എന്ന നിലപാടിലാണത്രേ കെ എം മാണി .
റബ്ബർ വിലയിടിവിനെതിരെ ഡൽഹിയിൽ ഇന്ന് നടന്ന കേരളാ കോൺഗ്രസ് ധർണയിൽ നിന്ന് ജോസഫ് വിഭാഗം പൂർണമായും വിട്ടു നിന്നതു അകൽച്ചയുടെ ആഴം വ്യക്തമാക്കുന്നു. ജോസഫ് വിഭാഗം നേതാക്കൾ മുൻകൈയ്യെടുത്ത് രൂപീകരിച്ച കർഷക സമിതി എന്ന സംഘടന ഇടുക്കി, കോട്ടയം ജില്ലകളിൽ സജീവമാണ്. ഹൈറേഞ്ച് സംരക്ഷണ സമിതിയെ പോലെ കർഷക സമിതിയുടെ ബാനറിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജോസഫ് വിഭാഗം പദ്ധതി തയ്യാറാക്കി വരികയായിരുന്നു. അതിനിടയിലാണ് പിളർപ്പിന്‍റെ പ്രകടമായ സൂചനകൾ പൊങ്ങിവന്നത്.
കെ.എം മാണിയോടൊപ്പം പി.ജെ ജോസഫും മന്ത്രി സ്ഥാനം രാജി വെക്കണമെന്ന ആവശ്യം ജോസഫ് വിഭാഗം നിരസിച്ചത് മുതൽ ഇരു വിഭാഗവും അകൽച്ചയിലാണ്. പാർട്ടി യോഗത്തിൽ മാണി വിഭാഗം ഈ ആവശ്യം ഉന്നയിച്ചപ്പോൾ ജോസഫ് വിഭാഗം നേതാക്കൾ ഒറ്റക്കെട്ടായി എതിർത്തു. അഭിപ്രായ ഭിന്നതകൾ അതിന് മുൻപും ഉണ്ടായിരുന്നെങ്കിലും ഈ സംഭവത്തോടെ ഒരുമിച്ചു പോകാൻ പറ്റാത്ത സ്ഥിതിയായി. ജോസഫ് വിഭാഗത്തിലെ പ്രമുഖർക്ക് അവരുടെ സിറ്റിംഗ് സീറ്റുകൾ നൽകില്ലെന്ന നിലപാട് ഇതിനിടെ മാണി വിഭാഗത്തിൽ നിന്ന് വന്നതോടെ ഇനി ഒരുമിച്ചു നിന്നിട്ടു കാര്യമില്ലെന്ന അവസ്ഥയുമായി.
വ്യക്തിപരമായി പി.ജെ ജോസഫ് പിളർപ്പിനു എതിരാണെന്നാണ് വിവരം. എന്നാൽ, ഡോ. കെ.സി ജോസഫ്, ഫ്രാൻസിസ് ജോർജ് , പി.സി ജോസഫ്, മോൻസ് ജോസഫ് തുടങ്ങിയവർ പഴയ പാർട്ടി പുനരുജ്ജീവിപ്പിക്കണമെന്ന നിലപാടിലാണ്. അവരുടെ കൂട്ടായ ആവശ്യം തള്ളിക്കളയാൻ ജോസഫിന് കഴിയില്ല. എൽ.ഡി.എഫുമായി അടുക്കണമെന്ന അഭിപ്രായം പൊതുവിൽ ജോസഫ് വിഭാഗം അണികളിലുമുണ്ട്. എന്നാൽ, പാർട്ടി പുനരുജ്ജീവിപ്പിച്ച് യു.ഡി.എഫിൽ തന്നെ തുടരാനാണ് ജോസഫിന് താൽപര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.