ലൈറ്റ് മെട്രോക്ക് വീണ്ടും ചിറകുമുളക്കുന്നു; കേന്ദ്രാനുമതി ഉടന്‍
text_fieldsതിരുവനന്തപുരം: ഏറെനാളത്തെ ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ ലൈറ്റ് മെട്രോ പദ്ധതിക്ക് വീണ്ടും ചിറകുമുളക്കുന്നു.
കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. മാര്‍ച്ച് നാലിന് കോഴിക്കോട്ടും ഒമ്പതിന് തിരുവനന്തപുരത്തും പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നടത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനുമുമ്പ് ഉദ്ഘാടനം നടത്തി പ്രാരംഭ നടപടികള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇ. ശ്രീധരന്‍ നേതൃത്വം നല്‍കുന്ന ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന് (ഡി.എം.ആര്‍.സി) ഇടക്കാല കണ്‍സള്‍ട്ടന്‍സി നല്‍കിയാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്. നേരത്തേ, നിര്‍മാണകരാര്‍ പൂര്‍ണമായും ഡി.എം.ആര്‍.സിക്ക് കൈമാറുന്നതിനെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ എതിര്‍ത്തിരുന്നു. ഇതില്‍ സമവായം കാണാനാകാതെവന്നപ്പോള്‍ പദ്ധതിയുടെ ഭാവി ചോദ്യംചെയ്യപ്പെടുകയും തീരുമാനം നീളുകയുമായിരുന്നു. എന്നാല്‍, ഇടക്കാല കണ്‍സള്‍ട്ടന്‍സി നല്‍കുന്നതിനോട് അധികൃതര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല.
ഡി.എം.ആര്‍.സിക്ക് ടെന്‍ഡറില്‍ പങ്കെടുക്കുന്ന കീഴ്വഴക്കമില്ലാത്തതാണ് ഉദ്യോഗസ്ഥരുടെ വിയോജിപ്പിന് കാരണം. ടെന്‍ഡര്‍ ഇല്ലാതെ കരാര്‍ നല്‍കിയാല്‍ സി.എ.ജിയുടെ പിടിവീഴുമെന്നും പാമോലിന്‍ കേസിലെ ദുരവസ്ഥ ആവര്‍ത്തിക്കുമെന്നുമാണ് ഉദ്യോഗസ്ഥരുടെ പേടി. എന്നാല്‍, സംസ്ഥാന സര്‍ക്കാറിന്‍െറ മെഗാ പ്രോജക്ട് പദ്ധതികളില്‍ ഉള്‍പ്പെടുത്തി ലൈറ്റ് മെട്രോ നടപ്പാക്കാന്‍ സര്‍ക്കാറും ഉദ്യോഗസ്ഥരും തമ്മില്‍ ധാരണയായിട്ടുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ഉദ്ഘാടനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. 5.2കോടി രൂപയാണ് കണ്‍സള്‍ട്ടന്‍സി ഫീസായി ഡി.എം.ആര്‍.സിക്ക് നല്‍കുക.
കോച്ചുകള്‍ വാങ്ങാന്‍ കരാറുണ്ടാക്കുക, കോച്ചുകളുടെ ഡിസൈന്‍ തീരുമാനിക്കുക, കരാര്‍ വിളിക്കുക, കോഴിക്കോട്ടും തിരുവനന്തപുരത്തുമായി 17.47 ഹെക്ടര്‍ സര്‍ക്കാര്‍ഭൂമിയും 4.62 ഹെക്ടര്‍ സ്വകാര്യഭൂമിയും ഏറ്റെടുക്കുക, ശ്രീകാര്യം, ഉള്ളൂര്‍, പട്ടം, തമ്പാനൂര്‍ എന്നിവിടങ്ങളിലെ മേല്‍പാലങ്ങളുടെ നിര്‍മാണത്തിന് രൂപരേഖയുണ്ടാക്കുക, പൈപ്പ് ലൈനുകള്‍, വൈദ്യുതി-ടെലിഫോണ്‍ പോസ്റ്റുകള്‍ മാറ്റിയിടുക എന്നിവയെല്ലാം പ്രാരംഭകരാറില്‍ ഉള്‍പ്പെടും. 6728 കോടിയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.