Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.കെ കുഞ്ഞാലിക്കുട്ടി...

പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമം-മീഡിയവൺ ബെസ്റ്റ് മിനിസ്റ്റർ

text_fields
bookmark_border
പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമം-മീഡിയവൺ ബെസ്റ്റ് മിനിസ്റ്റർ
cancel

തിരുവനന്തപുരം: മാധ്യമം- മീഡിയവണ്‍ ‘ബെസ്റ്റ് മിനിസ്റ്റര്‍’ പുരസ്കാരം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക്. മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബുപോള്‍ ചെയര്‍മാനും മുന്‍ നിയമസഭാ സെക്രട്ടറി ഡോ. എന്‍.കെ. ജയകുമാര്‍, സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോര്‍ജ്, മാധ്യമപ്രവര്‍ത്തകന്‍ എന്‍.പി. രാജേന്ദ്രന്‍, മീഡിയവണ്‍ ഡയറക്ടര്‍ വയലാര്‍ ഗോപകുമാര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ മികച്ച മന്ത്രിയെ തെരഞ്ഞെടുത്ത്. മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്തി പൊതുജനം രേഖപ്പെടുത്തിയ വോട്ടുകള്‍കൂടി പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഷിബു ബേബിജോണ്‍,  കെ.പി. മോഹനന്‍, എം.കെ. മുനീര്‍ എന്നിവരാണ് അവസാനപട്ടികയില്‍ ഇടംപിടിച്ച മറ്റ് മൂന്ന് മന്ത്രിമാര്‍. തിരുവനന്തപുരത്തുനടന്ന പ്രൗഢഗംഭീര ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്കാരം സമ്മാനിച്ചു. മാധ്യമം- മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ അധ്യക്ഷതവഹിച്ചു.

ജൂറി ചെയര്‍മാന്‍ ഡോ. ഡി. ബാബുപോള്‍ ബെസ്റ്റ് മിനിസ്റ്റര്‍ പ്രഖ്യാപനം നടത്തി. പ്രവര്‍ത്തനമികവില്‍ നാലുപേരും ഒന്നാം സ്ഥാനത്താണെങ്കിലും നിയമസഭാ സാമാജികനും മന്ത്രിയുമെന്ന നിലയില്‍ ഏറ്റവും മുതിര്‍ന്നയാള്‍ എന്ന പരിഗണന നല്‍കിയാണ് കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തതെന്ന് ബാബുപോള്‍ പറഞ്ഞു.  നാലു വര്‍ഷം കൊണ്ട് 60,000 ചെറുകിട വ്യവസായസംരംഭങ്ങള്‍ ആരംഭിക്കാനും  വ്യവസായസ്ഥാപനങ്ങളെ ഫലപ്രദമായ ഇടപെടലിലൂടെ പുനരുജ്ജീവിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലയും ഇ- ഡിസ്ട്രിക്ടാക്കാനായതായും ബാബുപോള്‍ ചൂണ്ടിക്കാട്ടി.

മാധ്യമം-മീഡിയവണ്‍ ബെസ്റ്റ് മിനിസ്റ്റര്‍ അവാര്‍ഡ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് സമ്മാനിക്കുന്നു. മന്ത്രി എം.കെ. മുനീര്‍, ഡി. ബാബുപോള്‍, മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, മീഡിയവണ്‍ എഡിറ്റര്‍-ഇന്‍ ചീഫ് സി.എല്‍. തോമസ് എന്നിവര്‍ സമീപം
 


വിത്തുകളുടെയും പച്ചക്കറിയുടെയും കാര്യത്തില്‍ മന്ത്രി കെ.പി. മോഹനനും  സാമൂഹികനീതി വകുപ്പില്‍ വിധവകള്‍ക്കും 50 കഴിഞ്ഞ അവിവാഹിത സ്ത്രീകള്‍ക്കും പെന്‍ഷന്‍ അനുവദിച്ചതും കുടുംബശ്രീയില്‍ നടപ്പാക്കിയ പുതിയ ആശയങ്ങളും എം.കെ. മുനീറിന്‍െറ നേട്ടങ്ങളായി. തൊഴില്‍, ഐ.ടി മേഖലകളില്‍ കൊണ്ടുവന്ന നൂതന ആശയങ്ങള്‍  പ്രവര്‍ത്തനമികവില്‍ എന്‍ജിനീയര്‍ കൂടിയായ ഷിബു ബേബിജോണിന്‍െറ സ്ഥാനവും മികവുറ്റതാക്കി. മന്ത്രി മുനീറിന് മുഖ്യമന്ത്രിയും മുഖ്യമന്ത്രിക്ക് ഒ. അബ്ദുറഹ്മാനും ഉപഹാരങ്ങള്‍ സമ്മാനിച്ചു. മുനീറിനെ മാധ്യമം ന്യൂസ് എഡിറ്റര്‍ കെ.എ. ഹുസൈന്‍ പൊന്നാടയണിയിച്ചു. ജൂറി അംഗങ്ങളായ ഡി. ബാബുപോള്‍, കെ. ജയകുമാര്‍, മേരി ജോര്‍ജ്, വയലാര്‍ ഗോപകുമാര്‍ എന്നിവരെ മാധ്യമം തിരുവനന്തപുരം റസിഡന്‍റ് മാനേജര്‍ ജഹര്‍ഷാ കബീര്‍, മീഡിയവണ്‍ പ്രതിനിധികളായ ഷിബു ചക്രവര്‍ത്തി, സലീം സാദിഖ്, രാജേഷ്, പരസ്യ ദാതാക്കളായ എ.എം മോട്ടോഴ്സ് സ്ഥാപകന്‍ ഐമന്‍ മുഹമ്മദ്, സഞ്ജീവനി ഹെര്‍ബല്‍ മേധാവി ശ്രീകല മോഹന്‍കുമാര്‍ എന്നിവര്‍ ആദരിച്ചു. മീഡിയവണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍. തോമസ് സ്വാഗതവും ഡയറക്ടര്‍ വയലാര്‍ ഗോപകുമാര്‍ നന്ദിയും പറഞ്ഞു. എന്‍.പി. നിസ അവതാരകയായി.

സര്‍ക്കാറിന്‍െറ നേട്ടങ്ങള്‍ കൂട്ടായ മുന്നേറ്റത്തിന്‍െറ ഫലം –മുഖ്യമന്ത്രി

സര്‍ക്കാറിന്‍െറ നേട്ടങ്ങള്‍ കൂട്ടായ മുന്നേറ്റത്തിന്‍െറ ഫലമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മികച്ച മന്ത്രിയുടെ പുരസ്കാരം നേടിയ പി.കെ. കുഞ്ഞാലിക്കുട്ടി കേരളത്തിന്‍െറ ചരിത്രം തിരുത്തിയ മന്ത്രിയാണ്. കേരളത്തിന് വന്ന നഷ്ടത്തിന് പരിഹാരം കണ്ടയാളുമാണ്. മാധ്യമം-മീഡിയവണ്‍ ‘ബെസ്റ്റ് മിനിസ്റ്റര്‍’ അവാര്‍ഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിദ്യാഭ്യാസയോഗ്യത വെച്ചുനോക്കിയാല്‍ കമ്പ്യൂട്ടര്‍ ഐ.ടി രംഗത്ത് കേരളം ഒന്നാംസ്ഥാനത്ത് എത്തേണ്ടതായിരുന്നു. ലോകം മുഴുവനും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും കമ്പ്യൂട്ടറിന്‍െറയും ഐ.ടിയുടെയും വിജയസാധ്യതകള്‍ പഠിക്കുകയും പ്രയോഗിക്കുകയും ചെയ്യുമ്പോള്‍ ഇവിടെ കമ്പ്യൂട്ടറിനെതിരെ സമരമായിരുന്നു. 1991ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായമന്ത്രിയും താന്‍ ധനമന്ത്രിയും ആയിരുന്നു. അന്നിവിടെ കമ്പ്യൂട്ടറിനെതിരെ സമരമാണ്. ധനവകുപ്പിനുകീഴിലെ കെ.എഫ്.സിയിലെ കമ്പ്യൂട്ടര്‍ അന്ന് അടിച്ചുതകര്‍ത്തു. ആ അവസരത്തിലാണ് കുഞ്ഞാലിക്കുട്ടി ഐ.ടി മന്ത്രിയെന്ന നിലയില്‍ ആ നഷ്ടം നികത്താന്‍ മുന്നോട്ടുവന്നത്. ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറുകയാണ്. ഈമാസം 27ന് രാഷ്ട്രപതി കോഴിക്കോട്ട് അതിന്‍െറ പ്രഖ്യാപനം നടത്തും. ഇ-ഡിസ്ട്രിക്ട് പട്ടികയില്‍ തെരഞ്ഞെടുത്ത രാജ്യത്തെ 60 ജില്ലകളില്‍ കേരളത്തിലെ മുഴുവന്‍ ജില്ലകളും ഉള്‍പ്പെട്ടത് ഐ.ടി രംഗത്തെ കേരളത്തിന്‍െറ നേട്ടമാണ്.

മന്ത്രി എം.കെ. മുനീര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുമായി ബന്ധപ്പെട്ട് കോക്ളിയര്‍ ഇംപ്ളാന്‍റിങ് സര്‍ജറിയെക്കുറിച്ച് പറയാതിരിക്കാനാവില്ല. ആരോഗ്യരംഗത്തെ പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാല്‍ സമൂഹത്തില്‍ ബധിര-മൂക കുട്ടികള്‍ ഉണ്ടാകില്ളെന്ന് മനസ്സിലാക്കാനായി. 610 കുട്ടികള്‍ക്ക് ഇതിനകം ശസ്ത്രക്രിയ നടത്തി. ദര്‍ബാര്‍ ഹാളില്‍ സംഘടിപ്പിച്ച ആ കുട്ടികളുടെ സംഗമം അവിസ്മരണീയ അനുഭവമായിരുന്നെന്നും മുനീറിനെ ഇക്കാര്യത്തില്‍ പ്രത്യേകം അഭിനന്ദിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിസ്ഥിതിസൗഹൃദ വികസനം ജനം അംഗീകരിച്ചു –മന്ത്രി കുഞ്ഞാലിക്കുട്ടി
പരിസ്ഥിതിസൗഹൃദ വികസനത്തെ ജനം അംഗീകരിച്ചെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. വലിയ പരിസ്ഥിതിപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന വികസനങ്ങള്‍ കേരളത്തില്‍ പറ്റില്ല. ആ നയം നേരത്തേ പ്രഖ്യാപിച്ചിരുന്നു. മാധ്യമം-മീഡിയവണ്‍ ‘ബെസ്റ്റ് മിനിസ്റ്റര്‍’ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യത്തില്‍ ഈ അവാര്‍ഡ് കൊടുക്കേണ്ടത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കാണ്. വികസനവും കരുതലും എന്ന മുദ്രാവാക്യത്തിലൂന്നി വേണ്ട പിന്തുണ നല്‍കുന്നത് അദ്ദേഹമാണ്. തങ്ങളുടെ രാഷ്ട്രീയത്തോട് യോജിപ്പില്ലാത്ത മാധ്യമം-മീഡിയവണ്‍ തരുന്ന അവാര്‍ഡ് നിഷ്പക്ഷമായിരിക്കുമെന്നും കുഞ്ഞാലിക്കുട്ടി സരസമായി പറഞ്ഞു.

വികസനത്തിനൊപ്പം കരുതല്‍ എന്ന ആശയം വ്യവസായവകുപ്പില്‍ കുഞ്ഞാലിക്കുട്ടിക്ക് കാര്യമായി ചെയ്യാന്‍ കഴിഞ്ഞതായി മന്ത്രി എം.കെ. മുനീര്‍ അഭിപ്രായപ്പെട്ടു. കോക്ളിയര്‍ ഇംപ്ളാന്‍േറഷന്‍ സര്‍ജറിക്ക് രണ്ടുകോടി നല്‍കിയത് അദ്ദേഹത്തിന്‍െറ കീഴിലെ മലബാര്‍ സിമന്‍റ്സാണ്. ‘ശ്രുതിതരംഗം’ എന്ന ആ പരിപാടിതന്നെയാണ് തന്‍െറ ജീവിതത്തിലെ ഏറ്റവും ധന്യമുഹൂര്‍ത്തമെന്നും മുനീര്‍ പറഞ്ഞു. സര്‍ക്കാറുകളോടെല്ലാം ‘മാധ്യമ’ത്തിന് പൊരുതേണ്ടിവന്നത് പ്രധാനമായും പരിസ്ഥിതി സംബന്ധമായ വിഷയങ്ങളിലായിരുന്നെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മാധ്യമം- മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറ്മാന്‍ പറഞ്ഞു. വ്യവസായവികസനം എന്ന മുഖ്യ അജണ്ടയുമായി മുന്നോട്ടുപോകുമ്പോള്‍ കേരളത്തിന്‍െറ പ്രത്യേക സാഹചര്യംകൂടി കണക്കിലെടുത്ത് പരിസ്ഥിതിക്ക് പ്രഥമ പരിഗണന നല്‍കേണ്ടതുണ്ടെന്ന് ഓര്‍മിപ്പിക്കാറുണ്ട്. മുന്‍കാലങ്ങളില്‍ അത് പാലിക്കപ്പെട്ടിട്ടില്ല. എന്നാല്‍, കേരളത്തിന്‍െറ പരിസ്ഥിതിക്ക് പൊരുത്തപ്പെടുന്ന വ്യവസായമേ നടപ്പാക്കൂവെന്ന് ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. ആ വാക്ക് കുഞ്ഞാലിക്കുട്ടി പാലിച്ചെന്നും അദ്ദേഹം  പറഞ്ഞു.

എം.എല്‍.എമാരായ അബ്ദുറഹ്മാന്‍ രണ്ടത്താണി, പി.കെ. ബഷീര്‍, പി. ഉബൈദുല്ല, പി.എസ്.സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍, കേരളസാഹിത്യ അക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍, ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ എം. വീരാന്‍കുട്ടി, ഇന്‍കെല്‍ മാനേജിങ് ഡയറക്ടര്‍ ടി. ബാലകൃഷ്ണന്‍, സംഗീത സംവിധായകന്‍ രമേശ് നാരായണന്‍, ജോണി നെല്ലൂര്‍, ബിന്ദുകൃഷ്ണ, ബി.ജെ.പി വക്താവ് വി.വി. രാജേഷ്, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഇം.എം. നജീബ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ജേക്കബ് ജോര്‍ജ്, എസ്.ആര്‍. ശക്തിധരന്‍, പി.പി. ജയിംസ് തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamPK Kunhalikuttymedia one
Next Story