ലൈറ്റ് മെട്രോ: പ്രാരംഭഘട്ട നിര്‍മാണോദ്ഘാടനം മാര്‍ച്ച് ആദ്യം
text_fieldsതിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളുടെ പ്രാരംഭഘട്ട നിര്‍മാണോദ്ഘാടനം മാര്‍ച്ച് നാലിനും ഒമ്പതിനും നടക്കും. പ്രാരംഭ നിര്‍മാണങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഒന്നരവര്‍ഷം വേണ്ടിവരും. നിര്‍മാണം തുടങ്ങി മൂന്ന് വര്‍ഷത്തിനകം കോഴിക്കോട് പദ്ധതിയുടെയും നാലുവര്‍ഷത്തിനകം തിരുവനന്തപുരം പദ്ധതിയുടെയും ആദ്യഘട്ടം കമീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട്ട് മാര്‍ച്ച് നാലിന് രാവിലെ ഒമ്പതിനും തിരുവനന്തപുരത്ത് ഒമ്പതിന് രാവിലെ 11നുമാണ് ഉദ്ഘാടനച്ചടങ്ങുകള്‍. ഡി.എം.ആര്‍.സിയുമായി കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പുവെച്ചതിനുപിന്നാലെ പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വേ ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച പദ്ധതി റിപ്പോര്‍ട്ട് കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്‍െറ അനുമതിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാറിന്‍െറ തത്ത്വത്തിലുള്ള അനുമതി ഒമ്പതുമാസത്തിനകവും അന്തിമ അംഗീകാരം ഒന്നര വര്‍ഷത്തിനകവും ലഭിക്കുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരത്ത് ശ്രീകാര്യം, ഉള്ളൂര്‍, പട്ടം, തമ്പാനൂര്‍ എന്നിവിടങ്ങളിലാണ് ഫൈ്ള ഓവര്‍ നിര്‍മിക്കുക. കോഴിക്കോട്ട് പന്ന്യങ്കരയില്‍ ഫൈ്ള ഓവര്‍ നിര്‍മാണം നേരത്തേ ആരംഭിച്ചു.
തിരുവനന്തപുരം ലൈറ്റ് മെട്രോയുടെ എസ്റ്റിമേറ്റ് തുക 3453 കോടിയാണ്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ അത് 4219 കോടിയാകും. കോഴിക്കോട് പദ്ധതിയുടെ എസ്റ്റിമേറ്റ് 2509 കോടിയാണ്. പൂര്‍ത്തിയാകുമ്പോള്‍ 2057 കോടി വരും. രണ്ട് പദ്ധതിക്കുമായി 6726 കോടിയാണ് കണക്കാക്കുന്നത്. ഇതില്‍ 1167 കോടി സംസ്ഥാന വിഹിതമാണ്. കേന്ദ്രസര്‍ക്കാര്‍ 826 കോടി നല്‍കും. ശേഷിക്കുന്ന 4733 കോടി ജൈക്കയില്‍നിന്ന് വായ്പയെടുക്കാനാണ് ശ്രമം. 0.3 ശതമാനം പലിശനിരക്കില്‍ ഇവര്‍ വായ്പ വാഗ്ദാനം ചെയ്തിട്ടുണ്ട്. 40 വര്‍ഷമാണ് തിരിച്ചടവ് കാലാവധി. ഇതില്‍ ആദ്യ 10 വര്‍ഷം തിരിച്ചടവിന് മൊറട്ടോറിയം ഉണ്ടാകും.
തിരുവനന്തപുരത്ത് മൂന്ന് കോച്ചും കോഴിക്കോട്ട് രണ്ട് കോച്ചുമുള്ള ട്രെയിനുകളാണ് തുടക്കത്തില്‍ ഓടിക്കുക. ഭൂമി ഏറ്റെടുപ്പിന് തിരുവനന്തപുരത്ത് 175 കോടിയും കോഴിക്കോട്ട് 129 കോടിയും വേണ്ടിവരും. രണ്ടിടത്തുമായി യഥാക്രമം മൂന്ന് ഹെക്ടറും 1.5 ഹെക്ടറും സ്വകാര്യഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഡിപ്പോ നിര്‍മാണത്തിന് കോഴിക്കോട് മെഡിക്കല്‍ കോളജിന്‍െറ 7.5 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.