ചന്ദ്രയാനും പറയാനുണ്ടൊരു ‘അമ്പിളി’ക്കഥ
text_fieldsതിരുവനന്തപുരം: സൂര്യനും ഭൂമിയുമടങ്ങുന്ന സൗരയൂഥത്തെയും പ്രപഞ്ചരഹസ്യങ്ങളെയുംപറ്റി ക്ളാസ്മുറികളില്‍ നിന്നറിഞ്ഞ ആ കുട്ടിപ്പാവാടക്കാരി വളര്‍ന്നപ്പോള്‍ കൗതുകം ചന്ദ്രനോടായിരുന്നു. പാഠപുസ്തകങ്ങള്‍ക്കപ്പുറം ആ നക്ഷത്രഗോളത്തെ അറിയാന്‍ ശ്രമിച്ചതോടെ ചന്ദ്രയാനിലൂടെ ശാസ്ത്രം അവള്‍ക്ക് മുന്നില്‍ തലകുനിച്ചു. ഇന്ന് ലോകമറിയുന്ന യുവ ശാസ്ത്രപ്രതിഭകളിലൊരാളാണ് ആനയറ പമ്പ്ഹൗസിന് സമീപം ‘ജയഗിരി’യില്‍ ഡോ. അമ്പിളി.
ചന്ദ്രനില്‍ ജലാംശം ഉണ്ടെന്ന കണ്ടത്തെലിന് ചന്ദ്രന്‍െറ അയണോസ്ഫിയറുമായി ബന്ധപ്പെടുത്തി നടത്തിയ പഠനത്തിന് 2015ലെ അന്താരാഷ്ട്ര യൂനിയന്‍ ഓഫ് റേഡിയോ സയന്‍സിന്‍െറ ഏഷ്യന്‍ വിഭാഗം ഏര്‍പ്പെടുത്തിയ യങ് സയന്‍റിസ്റ്റ് പുരസ്കാരം അമ്പിളിക്കായിരുന്നു. ചന്ദ്രയാന്‍ പദ്ധതിയുടെ ഭാഗമായിരുന്നു അമ്പിളിയുടെ പഠനം. അവാര്‍ഡിനായി ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേരില്‍ ഒരാളായിരുന്നു ഈ 28കാരി. ഇപ്പോള്‍ ഐ.ഐ.എസ്.ടിയിലെ എര്‍ത്ത് ആന്‍ഡ് അറ്റ്മോസ്ഫിയറിക് വകുപ്പിലെ ഇന്‍സ്പെയര്‍ ഫാക്കല്‍റ്റിയാണ്.
കണ്ണൂര്‍ പയ്യന്നൂര്‍ കോളജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദവും മംഗളൂരു യൂനിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയ അമ്പിളി ഭൂമിയുടെ അയണോസ്ഫിയറിനെക്കുറിച്ച പഠനത്തിലാണ് ഡോക്ടറേറ്റ് എടുത്തത്. വി.എസ്.എസ്.സിയിലെ സ്പേസ് ഫിസിക്സ് ലബോറട്ടറിയിലായിരുന്നു പഠനം. പഠനത്തിലെ ഉള്ളടക്കം മനസ്സിലാക്കി കാനഡയിലെ സാസ്ച്യുവന്‍ സര്‍വകലാശാല അമ്പിളിക്ക് പരിശീലനവും ഫെലോഷിപ്പും നല്‍കിയിരുന്നു. ഇതിനുശേഷമാണ് അമ്പിളി ചന്ദ്രയാന്‍ പദ്ധതിക്കൊപ്പം ചേരുന്നത്.
ശാസ്ത്രത്തിന്‍െറ ഉയരങ്ങളിലേക്ക് കുതിക്കുമ്പോഴും കലാമേഖലയിലും അമ്പിളി തന്‍േറതായ ഫോര്‍മുല സൃഷ്ടിക്കുകയാണ്. പഠനകാലത്തുതന്നെ നൃത്തത്തിലും സംഗീതത്തിലും കഴിവുതെളിയിച്ച അമ്പിളി, 2005ല്‍ കണ്ണൂര്‍ യൂനിവേഴ്സിറ്റിയിലെ കലാപ്രതിഭയും 2006ല്‍ നാട്യപ്രതിഭയുമായിരുന്നു. എട്ടുവയസ്സുമുതല്‍ കഥകളി പഠിക്കുകയും വേദികളില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന ഈ മിടുക്കിക്ക് കഥകളിയില്‍ കേന്ദ്രസാംസ്കാരിക വകുപ്പിന്‍െറ യുവപ്രതിഭ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ നീനപ്രസാദിന് കീഴിലാണ് മോഹിനിയാട്ടം അഭ്യസിക്കുന്നത്. ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞനായ കെ.ജെ. ജയേഷാണ് ഭര്‍ത്താവ്. കണ്ണൂര്‍ അരുവഞ്ചാല്‍ ജി.യു.പി സ്കൂളിലെ പ്രധാനാധ്യാപകന്‍ കെ.എം. സദാശിവന്‍െറയും ഞെക്ളി എ.എല്‍.പി സ്കൂളിലെ അധ്യാപിക രമാദേവിയുടെയും മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.