രാജേഷ് പിള്ളക്ക് ചലച്ചിത്ര ലോകം വിട നൽകി
text_fieldsകൊച്ചി: ചുരുങ്ങിയ കാലത്തിനിടെ മികച്ച സിനിമയിലൂടെ മലയാള സിനിമാ രംഗത്ത് ശ്രദ്ധേയനാവുകയും പ്രേക്ഷക മനസ്സില്‍ ഇടം നേടുകയും ചെയ്ത സംവിധായകന്‍ രാജേഷ് പിള്ളക്ക് സാംസ്കാരിക കേരളത്തിന്‍െറ വിട. കൊച്ചിയിലെ ഫ്ളാറ്റില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം രവിപുരം ശ്മശാനത്തില്‍ സംസ്കരിച്ചു. നിരവധി സിനിമാ പ്രവര്‍ത്തകരെയും മറ്റു സാംസ്കാരിക, രാഷ്ട്രീയ പ്രവര്‍ത്തകരെയും സാക്ഷി നിര്‍ത്തി അമ്മാവന്‍െറ മകന്‍ മിഥുന്‍ ചിതക്ക് തീ കൊളുത്തി. രാജേഷ് താമസിച്ചിരുന്ന മറൈന്‍ഡ്രൈവിലെ അബാദ് മറൈന്‍ പ്ളാസയില്‍ രാവിലെ മുതല്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ ചലച്ചിത്ര ലോകത്തെ പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സംവിധായകരായ സിബി മലയില്‍, സിദ്ദീഖ്, മേജര്‍ രവി, തമ്പി കണ്ണന്താനം, ലാല്‍ ജോസ്, ഷാഫി, റാഫി, രഞ്ജിത് ശങ്കര്‍, ഫാസില്‍ കാട്ടുങ്കല്‍, വിനോദ് വിജയന്‍, ഷാജി അസീസ്, ലിയോ തദേവൂസ്, രഞ്ജന്‍ പ്രമോദ്, ജയന്‍ മുളങ്ങാട് എന്നിവരും അഭിനേതാക്കളായ കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, ജയസൂര്യ, ഇന്ദ്രജിത്ത്, ആസിഫലി, കോട്ടയം നസീര്‍, നമിതാ പ്രമോദ്, പൂര്‍ണിമ ഇന്ദ്രജിത്, അമല പോള്‍, സനൂഷ, ബിനീഷ് കോടിയേരി, തിരക്കഥാകൃത്തുക്കളായ എസ്.എന്‍. സ്വാമി, ആര്‍. ഉണ്ണി, കലവൂര്‍ രവികുമാര്‍, സച്ചി, നിര്‍മാതാക്കളായ ഹനീഷ് മുഹമ്മദ് (വേട്ട), വി.പി.കെ. മേനോന്‍, ആന്‍റണി പെരുമ്പാവൂര്‍, ആന്‍േറാ ജോസഫ്, സംഗീത സംവിധായകരായ ഷാന്‍ റഹ്മാന്‍, ഗോപി സുന്ദര്‍, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സിയാദ് കോക്കര്‍, കെ.വി. തോമസ് എം.പി, മേയര്‍ സൗമിനി ജയിന്‍, ഹൈബി ഈഡന്‍ എം.എല്‍.എ തുടങ്ങി നിരവധി പേര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
നടന്‍ മമ്മൂട്ടി ശനിയാഴ്ച ആശുപത്രിയില്‍ എത്തിയിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്മാരായ കുഞ്ചാക്കോ ബോബനും നിവിന്‍ പോളിയും സജീവസാന്നിധ്യമായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച രാവിലെ 11.45നായിരുന്നു രാജേഷ് പിള്ളയുടെ അന്ത്യം. കരള്‍ രോഗം ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. കരള്‍ മാറ്റിവെക്കാന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും സിനിമാ തിരക്കുകള്‍ കാരണം സാധിച്ചിരുന്നില്ല. ഇതിനിടയില്‍ രോഗം മൂര്‍ച്ഛിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.