കോണ്‍ഗ്രസ്- ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിന് കളമൊരുങ്ങുന്നു –പിണറായി
text_fieldsതിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍ മുഖേന കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലെ അവിശുദ്ധ കൂട്ടുകെട്ടിന് കളമൊരുങ്ങുന്നതായി സി.പി.എം പി.ബി അംഗം പിണറായി വിജയന്‍. ആര്‍.എസ്.പി (എല്‍) സംസ്ഥാന കണ്‍വെന്‍ഷന്‍െറ ഭാഗമായി ‘മതേതരത്വം നേരിടുന്ന വെല്ലുവിളി’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം കണ്ട ഏറ്റവും വലിയ ജനകീയ മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞത് വെറുതെയാണെന്ന് തെറ്റിദ്ധരിക്കേണ്ട. ആര്‍.എസ്.എസിനെ പ്രീണിപ്പിക്കാന്‍ കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വലിയ ശ്രമമാണ് നടത്തുന്നത്. ഉമ്മന്‍ ചാണ്ടിതന്നെയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ആ ബാന്ധവത്തിനു മുന്നില്‍ നില്‍ക്കാന്‍ തയാറാണെന്നാണ് വെള്ളാപ്പളളി പ്രഖ്യാപിക്കുന്നത്.
ഓണാഘോഷത്തെ ബി.ജെ.പി തള്ളിപ്പറയുന്ന ദിവസം വിദൂരമായിരിക്കില്ളെന്ന് ശങ്കിക്കേണ്ടിയിരിക്കുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി പാര്‍ലമെന്‍റില്‍ പറഞ്ഞത് മഹിഷാസുരന്‍ എന്ന അസുരനെ അംഗീകരിക്കുന്നവരാണ് ജെ.എന്‍.യു വിദ്യാര്‍ഥികളെന്നാണ്. അസുര രാജാക്കന്മാരെ അംഗീകരിക്കുന്നത് രാജ്യവിരുദ്ധമെന്ന വ്യാഖ്യാനം വന്നാല്‍ നമ്മള്‍ എങ്ങനെ ഓണം ആഘോഷിക്കും. സമൂഹത്തില്‍ നിലവിലുണ്ടായിരുന്ന സവര്‍ണ മേധാവിത്വം തിരികെ കൊണ്ടുവരാനാണ് ശ്രമം. സന്യാസിവര്യനായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസന്‍ മത്സ്യം കഴിക്കുന്ന ആളായിരുന്നു. പരമഹംസന്‍ മത്സ്യം കഴിച്ചുവെന്ന് പറഞ്ഞ് സന്യാസിവര്യനല്ളെന്ന് പറഞ്ഞ് തള്ളാന്‍ ആര്‍.എസ്.എസിന് കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
ഇശ്റത് ജഹാന്‍െറയും പ്രാണേഷ് കുമാറിന്‍െറയും വ്യാജഏറ്റുമുട്ടല്‍ കൊലയെ ന്യായീകരിക്കാന്‍ ലശ്കറെ ത്വയ്യിബയുടെയും സി.ഐ.എയുടെയും ഇരട്ട ഏജന്‍റായ ഡേവിഡ് ഹെഡ്ലിയെ നരേന്ദ്ര മോദി കൂട്ടുപിടിച്ചിരിക്കുകയാണ്. ഗുജറാത്തില്‍ നടത്തിയ ഭീകരതയെ ന്യായീകരിക്കാനുള്ള സാക്ഷിയായാണ് ഹെഡ്ലിലെ രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതെന്നും പിണറായി പറഞ്ഞു. ആര്‍.എസ്.പി (എല്‍) നേതാവ് കോവൂര്‍ കുഞ്ഞുമോന്‍, സി.പി.ഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി കെ. പ്രകാശ് ബാബു, പൂവച്ചല്‍ നാസര്‍, അമ്പലത്തറ ശ്രീധരന്‍നായര്‍ തുടങ്ങിയവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.