രണ്ടു വര്‍ഷത്തിനിടെ മരിച്ചത് 196 ആദിവാസികള്‍
text_fieldsപാലക്കാട്: മദ്യനിരോധിത മേഖലയായി പ്രഖ്യാപിച്ച അട്ടപ്പാടിയില്‍ മദ്യപാനവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ മൂലം കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 196 പേര്‍ മരിച്ചതായി സര്‍വേ റിപ്പോര്‍ട്ട്. കേന്ദ്ര ഗ്രാമവികസന വകുപ്പിന് കീഴിലെ ദേശീയ ഉപജീവന മിഷന്‍െറ സാമ്പത്തിക സഹായത്തോടെ കുടുംബശ്രീ മിഷന്‍ നടത്തിയ സര്‍വേയിലാണ് ഞെട്ടിക്കുന്ന കണ്ടത്തെല്‍. 18നും 45നും ഇടയിലുള്ള ആദിവാസികളാണ് മരിച്ചവരില്‍ ഭൂരിപക്ഷവും. മദ്യപാനം, കഞ്ചാവ്, പാന്‍മസാല എന്നിവയുടെ ഉപയോഗംമൂലം നിത്യരോഗികളായവരുടെ എണ്ണവും കുതിച്ചുയര്‍ന്നിട്ടുണ്ട്. മാനസിക വൈകല്യത്തിനും മാനസിക രോഗത്തിനും അടിമപ്പെട്ടവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. കോട്ടത്തറ ഗവ. ട്രൈബല്‍ ആശുപത്രിയില്‍ ഈയിടെ നടത്തിയ പ്രത്യേക പരിശോധന ക്യാമ്പില്‍ 350 പേര്‍ മാനസിക വൈകല്യമുള്ളവരാണെന്ന് കണ്ടത്തെി.
ശിശുമരണത്തിനുള്ള കാരണങ്ങളിലൊന്നായ, അമ്മമാര്‍ക്കിടയിലെ പോഷകാഹാരക്കുറവിന് പിന്നിലെ പ്രധാന വില്ലനും മദ്യപാനമാണ്. ചില ഊരുകളില്‍ പുരുഷന്മാരും സ്ത്രീകളും ഒരുപോലെ മദ്യത്തിന് അടിമകളാണ്. അധ്വാനത്തിന്‍െറ നല്ളൊരു പങ്കും ഇവര്‍ മദ്യത്തിന് ചെലവിടുന്നു.
ഭക്ഷ്യസാധനങ്ങള്‍ വാങ്ങാന്‍ പണം തികയാറില്ല. യുവാക്കള്‍ക്കിടയിലെ ആത്മഹത്യക്ക് ഒരുപരിധി വരെ കാരണം മദ്യത്തിന്‍െറ ഉപയോഗമാണെന്ന് ദേശീയ ഉപജീവന മിഷന്‍ കോഓഡിനേറ്റര്‍ സീമ ഭാസ്കര്‍ പറഞ്ഞു.
മദ്യപാനംമൂലം കുടുംബങ്ങള്‍ നശിക്കുന്നതിലുള്ള പ്രതിഷേധമാണ് ആനക്കട്ടിയില്‍ ഒരാഴ്ച മുമ്പ് ആരംഭിച്ച ആദിവാസി അമ്മമാരുടെ സത്യഗ്രഹ സമരത്തിലേക്ക് നയിച്ചത്. അതിര്‍ത്തിക്കപ്പുറത്ത് തമിഴ്നാട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാര്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടാണ് അമ്മമാര്‍ ‘ഉസിരുസമരം’ നടത്തുന്നത്. തായ്ക്കുലം സംഘത്തിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന സമരം പത്തുനാള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ കണ്ണുതുറന്നിട്ടില്ല.
സമ്പൂര്‍ണ മദ്യനിരോധിത മേഖലയായിട്ടും അട്ടപ്പാടിയില്‍ മദ്യം സുലഭമാണ്. ജില്ലാ കലക്ടറാണ് അട്ടപ്പാടിയെ മദ്യനിരോധിത മേഖലയായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, തമിഴ്നാട് അതിര്‍ത്തിയില്‍നിന്ന് ചില്ലറയായും മൊത്തമായും വിദേശമദ്യം കൊണ്ടുവന്ന് ഊരുകളില്‍ വില്‍ക്കുന്നുണ്ട്. ഊടുവഴികളിലൂടെയാണ് അട്ടപ്പാടിയുടെ ഉള്ളറകളിലത്തെുന്നത്. അതിര്‍ത്തിക്കപ്പുറത്ത് ആനക്കട്ടിയില്‍ ആദിവാസികള്‍ക്കായി വീര്യമേറിയ രണ്ടാംതരം മദ്യം പരസ്യമായി വില്‍പനക്ക് വെച്ചിട്ടുണ്ട്.
സര്‍ക്കാറിന്‍െറ വികല നയങ്ങളും ഉദ്യോഗസ്ഥരുടെ നിഷ്ക്രിയത്വവുമാണ് ഊരുകളില്‍ മദ്യവും മയക്കുമരുന്നും വ്യാപകമാകാന്‍ കാരണം. തമിഴ്നാട് സര്‍ക്കാര്‍ മദ്യലോബിക്ക് പരസ്യമായി കൂട്ടുനില്‍ക്കുകയാണെന്ന് തായ്ക്കുലസംഘം ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.