ഇതരസംസ്ഥാന ലോട്ടറി: സി.ബി.ഐ നടപടി കോടതി അംഗീകരിച്ചു
text_fieldsകൊച്ചി: ഇതരസംസ്ഥാന ലോട്ടറി തട്ടിപ്പ് കേസില്‍ സര്‍ക്കാറിന് വന്‍ തിരിച്ചടി. സര്‍ക്കാര്‍ ഉയര്‍ത്തിയ മുഴുവന്‍ വാദങ്ങളും തള്ളിയ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി, 24 കേസുകളില്‍ അന്വേഷണം നിര്‍ത്തിയ സി.ബി.ഐയുടെ നടപടി അംഗീകരിച്ചു. ഇതോടെ ഒരു വര്‍ഷത്തിലേറെ സി.ബി.ഐക്കെതിരെ സര്‍ക്കാര്‍ കോടതിക്ക് അകത്തും പുറത്തും ഉയര്‍ത്തിയ വാദങ്ങള്‍ക്കാണ് വന്‍ തിരിച്ചടി നേരിട്ടത്.
സി.ബി.ഐയുടെ വാദഗതികള്‍ അംഗീകരിച്ച കോടതി അന്വേഷണം അവസാനിപ്പിച്ച മുഴുവന്‍ കേസുകളിലെയും തുടര്‍നടപടികള്‍ അവസാനിപ്പിച്ചു.
സി.ബി.ഐയുടെ റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കാതിരിക്കാന്‍ തക്ക കാരണങ്ങള്‍ സര്‍ക്കാര്‍ ഉയര്‍ത്തിയ വാദങ്ങളിലില്ളെന്ന നിരീക്ഷണത്തോടെയാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ. കമനീസിന്‍െറ ഉത്തരവ്. ഇതരസംസ്ഥാന ലോട്ടറി ടിക്കറ്റുകള്‍ വില്‍പന നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത് മുന്‍കൂര്‍ നികുതി വാങ്ങിയശേഷമാണെന്നും വില്‍പന നിയമവിരുദ്ധമായിരുന്നില്ളെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സി.ബി.ഐ കേസ് അവസാനിപ്പിച്ചത്.
മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് ഉടമ ജോണ്‍ കെന്നഡിക്ക് സംസ്ഥാന സര്‍ക്കാര്‍ കേരള ടാക്സ് ഓണ്‍ പേപ്പര്‍ ലോട്ടറീസ് ആക്ട് -2005 പ്രകാരം 2005ല്‍ വില്‍പനക്ക് അനുമതി നല്‍കിയിരുന്നു.
ഇതിന്‍െറ അടിസ്ഥാനത്തില്‍ നിയമവിധേയമായ പ്രിന്‍റ് ഓര്‍ഡറുകളുടെ അടിസ്ഥാനത്തില്‍ അച്ചടിച്ച ലോട്ടറികളാണ് സംസ്ഥാനത്തുടനീളം വില്‍പന നടത്തിയത്. സംസ്ഥാന സര്‍ക്കാറിലേക്ക് അടക്കേണ്ട മുന്‍കൂര്‍ നികുതി ഇതില്‍ മുന്‍കൂറായി അടച്ചിട്ടുമുണ്ടായിരുന്നു. ലോട്ടറികള്‍ വ്യാജമാണെന്നും വില്‍പനയിലൂടെ സര്‍ക്കാറിനെയും ജനങ്ങളെയും പ്രതികള്‍ വഞ്ചിച്ചുവെന്നുമുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമായിരുന്നു സി.ബി.ഐയുടെ വാദം.
എന്നാല്‍, സി.ബി.ഐ പുറന്തോടിന്മേലുള്ള അന്വേഷണമാണ് നടത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കരുതെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍, സര്‍ക്കാര്‍ ഉയര്‍ത്തിയ കാരണങ്ങള്‍ റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കാതിരിക്കാന്‍ തക്കതല്ളെന്ന് കോടതി ചൂണ്ടിക്കാട്ടി.
ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന്‍െറയും ജോണ്‍ കെന്നഡി അടക്കമുള്ളവര്‍ ഉള്‍പ്പെട്ട കേസുകളും അവസാനിപ്പിച്ചവയില്‍ ഉള്‍പ്പെടുന്നുണ്ട്. കോടതി റിപ്പോര്‍ട്ടുകള്‍ സ്വീകരിച്ചതോടെ ലോട്ടറി കേസുകളുടെ എണ്ണം ഏഴായി ചുരുങ്ങും. ഈ കേസുകളില്‍ കഴിഞ്ഞയാഴ്ച സാന്‍റിയാഗോ മാര്‍ട്ടിന്‍ അടക്കമുള്ളവര്‍ ജാമ്യം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.