എൻ എസ് എസിനെ കാവി പുതപ്പിക്കാൻ നോക്കേണ്ട-ജി.സുകുമാരൻ നായർ
text_fieldsചങ്ങനാശ്ശേരി: എൻ.എസ്.എസിനെ കണ്ണുരുട്ടി പേടിപ്പിക്കാനോ കാവി പുതപ്പിക്കാനോ ആരും ശ്രമിക്കേണ്ടെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മന്നം സമാധി ദിനത്തിൽ പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് നായർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.എസ്.എസിന് രാഷ്ട്രീയമില്ല. ഏതെങ്കിലും പാർട്ടി ഉണ്ടാക്കാൻ പോകുന്നുമില്ല. ഇടതു വലതു പാർട്ടികളിലും ബി ജെ പിയിലും പ്രവർത്തിക്കുന്നവർ സംഘടനയിലുണ്ട്. അംഗങ്ങൾക്ക് ഇഷ്ടമുള്ള പാർട്ടിയിൽ പ്രവർത്തിക്കാം. എൻ.എസ്.എസിൽ വരുമ്പോൾ നായർ ആയിരിക്കണം.
ചങ്കു വിരിച്ചു കാണിച്ച് പേടിപ്പിക്കാൻ ശ്രമിക്കാതെ സൌമ്യമായി സംസാരിച്ചാൽ ബി.ജെ.പി അടക്കം പാർട്ടികൾക്ക് എൻ.എസ്.എസിന്‍റെ ആനുകൂല്യം ലഭിക്കും. ബി.ജെ.പി നേതൃത്വം എൻ.എസ്.എസിന്‍റെ ശത്രുക്കളല്ല. എന്നാൽ അവരിൽ ഒരു ചെറിയ വിഭാഗം സംഘടനയെ അലോസരപ്പെടുത്തുന്നുണ്ട്. ബഹുഭൂരിപക്ഷം എൻ.എസ്.എസിനെ അംഗീകരിക്കുന്നു. ഒരു വിഭാഗം മാന്തുന്നു. അതിൽ എൻ.എസ്.എസ് വീഴില്ല. അകന്നു നിന്നിരുന്ന ഇടതു പക്ഷത്തിന്‍റെ മാറിയ സമീപനം ബി.ജെ.പി കണ്ടു പഠിക്കണം. ആരുടേയും വാലാകാൻ ഞങ്ങളെ കിട്ടില്ല. ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെടാതെ സൌമ്യമായി സമീപിച്ചാൽ ഫലം കൊയ്യാം. അല്ലാതെ വിരട്ടി കാര്യം സാധിക്കാമെന്ന് കരുതേണ്ട. ഒരു കാവി ഉടുത്ത് മറ്റൊരു കാവിയുമായി വന്നു പുതപ്പിക്കാമെന്ന് കരുതേണ്ട. ബി.ജെ.പി യിലെ ഒരു വിഭാഗത്തിൽ നിന്ന് എൻ.എസ്.എസിനെതിരെ തരം താണ എതിർപ്പുകൾ വരുന്നുണ്ട്. അവരെ നേതൃത്വം നിലക്ക് നിർത്തണമെന്നും സുകുമാരൻ നായർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.