‘സ്നേഹപൂര്‍വം സഹപാഠിക്ക്’ പദ്ധതി കൊച്ചിയില്‍ തുടങ്ങി
text_fieldsകലാലയങ്ങളില്‍ ദുരിതമനുഭവിക്കുന്ന സഹപാഠികള്‍ക്കായി വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെ സാമൂഹികനീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതിക്ക് എറണാകുളം മഹാരാജാസ് കോളജിലാണ് തുടക്കമായത്. വെള്ളിയാഴ്ച രാവിലെ നടന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് മന്ത്രി എം.കെ. മുനീര്‍ നിര്‍വഹിച്ചു. മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ നഷ്ടപ്പെട്ട എല്‍.പി. സ്കൂള്‍ മുതല്‍ കോളജ് വരെ വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം ബാങ്ക് വഴി നിശ്ചിത തുക സാമ്പത്തികസഹായം നല്‍കുന്നതാണ് ‘സ്നേഹപൂര്‍വം സഹപാഠിക്ക്’ പദ്ധതി. വിദ്യാര്‍ഥികളില്‍നിന്ന് സമാഹരിക്കുന്ന തുകയും സര്‍ക്കാര്‍ വിഹിതവും ഉപയോഗിച്ചാണ് പദ്ധതി പ്രാവര്‍ത്തികമാക്കുക.
350 മുതല്‍ 1000 രൂപവരെയാണ് പദ്ധതിയുടെ ഭാഗമായി എല്‍.പി, യു.പി, ഹൈസ്കൂള്‍, കോളജ് തലങ്ങളിലുള്ള വിദ്യാര്‍ഥിള്‍ക്ക് വിതരണം ചെയ്യുക. ഇത്തരത്തിലുള്ള അരലക്ഷത്തിലധികം കുട്ടികള്‍ക്ക് പ്രജോജനപ്പെടുന്ന പദ്ധതിക്കാണ് സംസ്ഥാനത്ത് തുടക്കം കുറിച്ചത്. സാമൂഹികനീതി മറ്റുള്ളവര്‍ക്ക് ഉറപ്പാക്കാന്‍ താല്‍പര്യം കാണിക്കുന്നവരില്‍ എന്നും മുന്‍പന്തിയില്‍ യുവാക്കളാണെന്ന് മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു. വാട്ട്സാപ്, ഫേസ്ബുക് എന്നീ സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള യുവാക്കളുടെ ഇടപെടലിന്‍െറ ഫലമാണ് ഈ പദ്ധതിയെന്നും മന്ത്രി പറഞ്ഞു. മറ്റുള്ളവര്‍ക്കുവേണ്ടി എന്തുചെയ്യാനാകുമെന്ന നിരവധി അന്വേഷണങ്ങള്‍ യുവാക്കളില്‍നിന്ന് സാമൂഹികനീതി വകുപ്പിന് കിട്ടിയിരുന്നെന്നും ഇതില്‍നിന്നാണ് ആശയം ഉടലെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
സഹപാഠി വേദന കടിച്ചുപിടിച്ച് ഉള്ളില്‍ നീറുന്ന ദു$ഖവുമായി ഇരിക്കുമ്പോള്‍ അത് തിരിച്ചറിയാല്‍ കൂട്ടുകാര്‍ക്ക് സാധിക്കണം. ലോകം മുഴുവന്‍ സുഖം പകരാന്‍ നമ്മുടെ അകക്കണ്ണ് തുറക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. പദ്ധതിയില്‍ ഇപ്പോള്‍ നിശ്ചയിച്ച തുക വരുന്ന ദിവസങ്ങളില്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എറണാകുളം എം.എല്‍.എ ഹൈബി ഈഡന്‍ അധ്യക്ഷത വഹിച്ചു. കൊച്ചി നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ. പൂര്‍ണിമ നാരായണന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിനിമ-സീരിയല്‍ താരങ്ങളായ പ്രേമി വിശ്വനാഥ്, മിനോണ്‍, മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ എന്‍.എല്‍. ബീന, യൂനിയന്‍ ചെയര്‍മാന്‍ രോഹിത് അജയ്, കെ.എസ്.എസ്.എം എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. ടി.പി. അഷ്റഫ്, കെ.എസ്.എസ്.എം റീജനല്‍ ഡയറക്ടര്‍ ഡോ. ആര്‍. രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.