നന്ദിഗ്രാം: അടിമുടി തൃണമൂല്‍ പാര്‍ട്ടി ഗ്രാമം
text_fieldsനന്ദിഗ്രാം (ബംഗാള്‍): ബംഗാളില്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ നന്ദിഗ്രാം, സിംഗൂര്‍ വിഷയങ്ങള്‍ വീണ്ടും ചൂടുപിടിക്കുന്നു. മൂന്നു പതിറ്റാണ്ടുകാലത്തെ സി.പി.എം ഭരണത്തിന് അന്ത്യംകുറിച്ച് മമത ബാനര്‍ജിയെ അധികാരത്തിലത്തെിക്കുന്നതില്‍ മുഖ്യപങ്ക് സിംഗൂരിനും നന്ദിഗ്രാമിനുമുണ്ട്. സി.പി.എമ്മിന് വീണ്ടും അധികാരം നല്‍കിയാല്‍ സിംഗൂരിലും നന്ദിഗ്രാമിലും വ്യവസായം കൊണ്ടുവരുമെന്ന് പ്ളീനം ഉദ്ഘാടന റാലിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര പ്രഖ്യാപിച്ചതാണ് വിവാദത്തിന് പുതുജീവന്‍ നല്‍കിയത്.
ബലംപ്രയോഗിച്ചുള്ള ഭൂമി ഏറ്റെടുക്കലിന്‍െറ പേരില്‍ കേരളത്തിലടക്കം പാര്‍ട്ടി മറുപടി പറഞ്ഞ് വലഞ്ഞ വിഷയത്തിലാണ് സി.പി.എം നിലപാടില്‍ മാറ്റമില്ലാതെ വീണ്ടും രംഗത്തുവരുന്നത്. നന്ദിഗ്രാം മേഖല ഇപ്പോള്‍ അക്ഷരാര്‍ഥത്തില്‍ തൃണമൂല്‍ പാര്‍ട്ടി ഗ്രാമമാണ്. കേരളത്തില്‍നിന്നുള്ള പത്രക്കാരെന്ന് പരിചയപ്പെടുത്തിയിട്ടും തുറന്നു സംസാരിക്കാന്‍ പലര്‍ക്കും മടി. എന്തെങ്കിലും സംസാരിക്കാന്‍ തയാറായവര്‍ വെടിവെപ്പ് നടന്ന സ്ഥലം കാണിച്ചുതരാന്‍ കൂടെ പോരാന്‍ വിളിച്ചപ്പോള്‍ പിന്‍വലിഞ്ഞു. കച്ചഗവഡി എന്നിടത്ത് സി.പി.എം ഓഫിസായിരുന്ന ക്ളബില്‍ മമതയുടെ ചിത്രവും തൃണമൂലിന്‍െറ കൊടിയുമാണ്. ഫോട്ടോ എടുക്കാനൊരുങ്ങിയപ്പോള്‍ വിലക്ക് വന്നു.
മേഖലയിലെ സി.പി.എം ഓഫിസുകളുടെയെല്ലാം അവസ്ഥ ഇതുതന്നെയാണെന്നും സി.പി.എമ്മുകാരൊക്കെ ഗ്രാമം വിട്ട് ജീവനുംകൊണ്ട് ഓടിപ്പോയെന്നും ഗ്രാമവാസി ഇല്യാസ് മുഹമ്മദ് പറഞ്ഞു. ബാക്കിയുള്ള പാര്‍ട്ടിക്കാര്‍ക്ക് ചുവപ്പിനോടുള്ള അനുഭാവം പ്രകടിപ്പിക്കാന്‍പോലും പേടിയാണ്.
നാരായണ ദേവ് അത്തരക്കാരില്‍ ഒരാളാണ്. പാര്‍ട്ടിയെക്കുറിച്ചൊന്നും ചോദിക്കല്ളേ... നാരായണ ദേവ് കൈകൂപ്പി പറഞ്ഞ് ഒഴിഞ്ഞുമാറി. ഇയാളുടെ കൊച്ചു പലചരക്കുകട പലകുറി തൃണമൂലുകാര്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്. സി.പി.എം ആധിപത്യത്തില്‍ ആയിരുന്നപ്പോഴും ഇതൊക്കെതന്നെയായിരുന്നു അവസ്ഥയെന്ന് സ്കൂള്‍ അധ്യാപകനായ മുഹമ്മദ് റസൂല്‍ഖാന്‍ പറഞ്ഞു. അവര്‍ക്ക് അല്‍പം ഒളിയും മറയുമൊക്കെ ഉണ്ടായിരുന്നുവെന്ന് മാത്രം.
അധികാരത്തിലിരിക്കുന്നവരുടെ ഗുണ്ടായിസത്തിന് കുടപിടിക്കുന്നവരാണ് ബംഗാള്‍ പൊലീസ്. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സമരംചെയ്തവരെ നേരിടാന്‍ വന്ന പൊലീസിനൊപ്പം സി.പി.എം ഗുണ്ടകളുമുണ്ടായിരുന്നു. ഇപ്പോള്‍ തൃണമൂല്‍ ഗുണ്ടകള്‍ക്കും പൊലീസിന്‍െറ സഹായം വേണ്ടുവോളമുണ്ട്. ബൂത്തുപിടിത്തമൊക്കെ പരസ്യമായി തന്നെയാണ് നടക്കുന്നതെന്നും റസൂല്‍ ഖാന്‍ പറഞ്ഞു.
കെമിക്കല്‍ ഫാക്ടറി വരുന്നതില്‍ എതിര്‍പ്പില്ളെന്നുപറയുന്ന ഗ്രാമീണര്‍ തങ്ങളുടെ കൃഷി ഭൂമി വിട്ടുകൊടുക്കാന്‍ തയാറല്ളെന്ന ഉറച്ച നിലപാടിലാണ്. അതുകൊണ്ടുതന്നെ, അധികാരത്തിലേറിയാല്‍ വ്യവസായം കൊണ്ടുവരുമെന്ന സി.പി.എം പ്രഖ്യാപനം നന്ദിഗ്രാം നിവാസികളുടെ ഭീതി ഏറ്റുകയാണ്. ബുദ്ധദേവ് ഭട്ടാചാര്യ മുഖ്യമന്ത്രിയായിരിക്കെ, സിംഗൂരില്‍ ടാറ്റയുടെ നാനോ കാര്‍ ഫാക്ടറിക്കായാണ് ഭൂമി ഏറ്റെടുത്തത്. സമരത്തിനിടെ സിംഗൂരില്‍ തപസി മാലിക് എന്ന 13കാരി തീവെപ്പില്‍ കൊല്ലപ്പെട്ടത് ജനവികാരമിളക്കി. നന്ദിഗ്രാമില്‍ ബഹുരാഷ്ട്ര കമ്പനി സലിം അസോസിയേറ്റ്സിന്‍െറ കെമിക്കല്‍ ഫാക്ടറിക്ക് 10,000 ഏക്കര്‍ ഏറ്റെടുക്കാനൊരുങ്ങിയപ്പോള്‍ 2007 മാര്‍ച്ചിലുണ്ടായ വെടിവെപ്പില്‍ 14 പേര്‍ മരിച്ചു.
ജനകീയ പ്രതിരോധത്തിന് മുന്നില്‍ നന്ദിഗ്രാമില്‍ ഒരിഞ്ചു ഭൂമിപോലും ഏറ്റെടുക്കാനാകാതെ സി.പി.എം സര്‍ക്കാറിന് പിന്‍വാങ്ങേണ്ടി വന്നു. സിംഗൂരില്‍ ഭൂമി ഏറ്റെടുത്തുവെങ്കിലും സമരക്കാരുടെ ശല്യംപറഞ്ഞ് നാനോ ഫാക്ടറിയുമായി ടാറ്റ ഗുജറാത്തിലേക്ക് പറന്നു. എല്ലാംകൊണ്ടും സി.പി.എമ്മിന് നഷ്ടക്കച്ചവടം മാത്രമായ സിംഗൂരിലും നന്ദിഗ്രാമിലും ഇപ്പോള്‍ ചെങ്കൊടി കണികാണാന്‍ പോലുമില്ല. എങ്കിലും, പാര്‍ട്ടിക്ക് പിഴച്ചിട്ടില്ളെന്ന് വിലയിരുത്തിയാണ് സി.പി.എം പുതിയ പ്രഖ്യാപനങ്ങള്‍ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.