പ്രിയപുത്രനെയോര്‍ത്ത് അഭിമാനത്തോടെ എലമ്പുലാശ്ശേരി
text_fieldsമണ്ണാര്‍ക്കാട്: പഞ്ചാബിലെ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ലെഫ്റ്റനന്‍റ് കേണല്‍ നിരഞ്ജന്‍കുമാറിന്‍െറ വിയോഗത്തില്‍ വിതുമ്പുമ്പോഴും പ്രിയപുത്രനെയോര്‍ത്ത് അഭിമാനം കൊള്ളുകയാണ് എലമ്പുലാശ്ശേരി. വീരമൃത്യുവറിഞ്ഞ് നിരവധി പേരാണ് കരിമ്പുഴ എലമ്പുലാശ്ശേരിയിലെ കളരിക്കല്‍ തറവാട്ടിലത്തെിയത്. ജനിച്ചതും പഠിച്ചതും വളര്‍ന്നതുമെല്ലാം ബംഗളൂരുവിലായിട്ടും അവധിദിനങ്ങളും നാട്ടിലെ ഉത്സവകാലവും എല്ലായ്പ്പോഴും നിരഞ്ജന്‍ ഒത്തുചേരലിനുള്ള സന്ദര്‍ഭങ്ങളാക്കി.
അടച്ചിട്ടിരിക്കുന്ന കളരിക്കല്‍ തറവാട്ടിലെയും കളരിത്തറയുടെയും പിതൃക്കളുറങ്ങുന്ന കുടുംബശ്മശാനത്തിലെയും മൂകത മരണവാര്‍ത്തയത്തെിയതോടെ ദു$ഖനിമിഷങ്ങള്‍ക്ക് വഴിമാറി. അച്ഛന്‍െറ അമ്മ പത്മാവതിയും പിതൃസഹോദരനുമാണ് തറവാട് വീടിനോട് ചേര്‍ന്ന പുതിയ വീട്ടിലുള്ളത്. മാതാവ് രാജേശ്വരി നിരഞ്ജന്‍െറ മൂന്നാം വയസ്സില്‍ തന്നെ മരിച്ചു. പിന്നീട് രണ്ടാനമ്മ രാധയാണ് വളര്‍ത്തിയത്.
കഴിഞ്ഞ ഓണത്തിന് ഡല്‍ഹിയില്‍നിന്ന് ഭാര്യ ഡോ. രാധികക്കും മകള്‍ വിസ്മയക്കുമൊപ്പം നിരഞ്ജന്‍ തറവാട്ടുവീട്ടിലത്തെിയിരുന്നു. ബന്ധുക്കളെയും പുലാമന്തോളിലെ ഭാര്യവീടും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രവും ബംഗളൂരുവില്‍ മാതാപിതാക്കളെയും സന്ദര്‍ശിച്ചാണ് മടങ്ങിയത്. ബംഗളൂരുവിലെ പഠനത്തിനുശേഷം 26ാം വയസ്സില്‍ മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പില്‍ (എം.ഇ.ജി) ചേര്‍ന്ന നിരഞ്ജന്‍ എന്നും സാഹസികതയെ ഇഷ്ടപ്പെട്ടിരുന്നു.
നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ ബോംബ് നിര്‍വീര്യമാക്കല്‍ സംഘത്തിലത്തൊനും ഈ സ്വഭാവസവിശേഷത കാരണമായി. ജനിച്ചതും വളര്‍ന്നതും കേരളത്തിന് പുറത്തായിട്ടും മലയാളത്തെയേറെ സ്നേഹിച്ചു.
ദന്തഡോക്ടറായ രാധികയുമായുള്ള വിവാഹചടങ്ങുകള്‍ നടന്നതും എലമ്പുലാശ്ശേരിയിലായിരുന്നു.
രാജ്യസുരക്ഷക്കായി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാനെ അഭിമാനത്തോടെയാണ് തങ്ങള്‍ ഓര്‍ക്കുന്നതെന്ന് എലമ്പുലാശ്ശേരിയിലെ നാട്ടുകാര്‍ പറഞ്ഞു.
നിരഞ്ജന്‍െറ ബംഗളൂരുവിലെ വീട്ടിലേക്ക് ജനപ്രവാഹം
ബംഗളൂരു: എന്‍.എസ്.ജി ലെഫ് കേണല്‍ പാലക്കാട് സ്വദേശി നിരഞ്ജന്‍കുമാറിന്‍െറ മരണം ഉദ്യാനനഗരിയെയും ദു$ഖത്തിലാക്കി. പഞ്ചാബിലെ പത്താന്‍കോട്ടില്‍ ശനിയാഴ്ച ഭീകരാക്രമണത്തില്‍ മരിച്ച നിരഞ്ജന്‍െറ കുടുംബം വര്‍ഷങ്ങളായി ബംഗളൂരുവിലാണ് താമസം. സംഭവമറിഞ്ഞ് ദൊഡ്ഡബൊമ്മസാന്ദ്ര സുബ്രഹ്മണ്യ ലേ ഒൗട്ടിലെ നാലാംനമ്പര്‍ വീട്ടിലേക്ക് ജനപ്രവാഹമായിരുന്നു. ഡല്‍ഹിയില്‍നിന്ന് പ്രത്യേക വ്യോമസേനാ വിമാനത്തില്‍ രാത്രി ബംഗളൂരുവിലത്തെിച്ച മൃതദേഹം മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ് ഏറ്റുവാങ്ങി. വ്യോമസേനാ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം തിങ്കളാഴ്ച രാവിലെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. തുടര്‍ന്ന് വീട്ടിലത്തെിച്ചശേഷം വിമാനപുര എന്‍.ടി.ഐ മൈതാനത്ത് പൊതുദര്‍ശനത്തിനുവെക്കും. പിന്നീട് റോഡുമാര്‍ഗം സ്വദേശമായ പാലക്കാട്ടേക്ക് കൊണ്ടുപോകും. അച്ഛന്‍ ശിവരാജന്‍ ബംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്നു. മല്ളേശ്വരത്തെ ബി.പി ഇന്ത്യന്‍ ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയശേഷം 2003ലാണ് മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പില്‍ അംഗമായത്.
പിന്നീട് ഡെപ്യൂട്ടേഷനില്‍ എന്‍.എസ്.ജിയില്‍ എത്തുകയായിരുന്നു. സൈന്യത്തില്‍ ചേരണമെന്നത് നിരഞ്ജന്‍െറ ചെറുപ്പംമുതലുള്ള ആഗ്രഹമായിരുന്നുവെന്ന് ബന്ധുക്കളും, അടുപ്പക്കാരും ഓര്‍ക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.