നവകേരള മാര്‍ച്ച്: കെ.ടി. ജലീലും സ്ഥിരാംഗം
text_fieldsതിരുവനന്തപുരം: സി.പി.എം പി.ബി അംഗം പിണറായി വിജയന്‍ നയിക്കുന്ന ‘നവകേരള മാര്‍ച്ചി’ന്‍െറ സ്ഥിരാംഗമായി കെ.ടി. ജലീല്‍ എം.എല്‍.എയെക്കൂടി ഉള്‍പ്പെടുത്തി. എം.വി. ഗോവിന്ദന്‍, കെ.ജെ. തോമസ്, പി.കെ. സൈനബ, എം.ബി. രാജേഷ്, പി.കെ. ബിജു, എ. സമ്പത്ത് എന്നിവരെയാണ് നേരത്തേ അംഗങ്ങളായി നിശ്ചയിച്ചിരുന്നത്. ഈമാസം 15ന് കാസര്‍കോട്ടെ ഉപ്പളയിലാണ് ജാഥ ആരംഭിക്കുന്നത്. വൈകീട്ട് നാലിന് പി.ബി അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എന്നിവര്‍ സംബന്ധിക്കും. ‘മതനിരപേക്ഷ, അഴിമതി വിമുക്ത, വികസിത കേരളം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഫെബ്രുവരി 14 വരെയാണ് ജാഥ. തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് നേട്ടമുണ്ടായ ന്യൂനപക്ഷ ജില്ലകളില്‍ അടക്കം കേന്ദ്രീകരിക്കുന്ന ജാഥയിലെ അംഗങ്ങളെയും വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. മലപ്പുറം ജില്ലക്കാരിയായ പി.കെ. സൈനബയെക്കൂടാതെ കെ.ടി. ജലീലിനെക്കൂടി ഉള്‍പ്പെടുത്തിയത് മുസ്ലിം വിഭാഗത്തെ ലക്ഷ്യമിട്ടാണെന്ന് ചൂണ്ടിക്കാട്ടുന്നു. യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍ എന്നിവരെ പ്രതിനിധാനംചെയ്താണ് എം.ബി. രാജേഷിനെയും പി.കെ. ബിജുവിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.