അന്ത്യോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി
text_fieldsബംഗളൂരു/പാലക്കാട്: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാതാവളത്തിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട മലയാളി ലഫ്. കേണല്‍ ഇ.കെ. നിരഞ്ജന്‍ കുമാറിന് ബംഗളൂരുവിലും പാലക്കാട്ടും ആയിരങ്ങളുടെ അന്ത്യാഞ്ജലി. ബംഗളൂരു ജാലഹള്ളിയിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് സ്കൂള്‍ മൈതാനത്ത് തിങ്കളാഴ്ച പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ ആയിരങ്ങളാണ് അന്ത്യോപചാരമര്‍പ്പിക്കാനത്തെിയത്. തിങ്കളാഴ്ച രാവിലെതന്നെ ബി.ഇ.എല്‍ മൈതാനത്ത് സഹപാഠികളും നാട്ടുകാരും ഉള്‍പ്പെടെ വന്‍ജനാവലി എത്തിയിരുന്നു. പഠിച്ചതും വളര്‍ന്നതും ബംഗളൂരുവിലായതിനാല്‍ വലിയ സുഹൃദ്വലയമാണ് ഇവിടെയുള്ളത്. ബി.ഇ.എല്‍ ജീവനക്കാരനായിരുന്ന അച്ഛന്‍ ഇ.കെ. ശിവരാജന്‍െറ സുഹൃത്തുക്കളും യാത്രാമൊഴി നല്‍കി.
ഞായറാഴ്ച അര്‍ധരാത്രി ബംഗളൂരു എച്ച്.എ.എല്‍ വിമാനത്താവളത്തിലത്തെിച്ച മൃതദേഹം മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ് ഏറ്റുവാങ്ങിയിരുന്നു. കമാന്‍ഡോ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടി പൂര്‍ത്തിയാക്കി തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് ബന്ധുക്കള്‍ക്ക് കൈമാറിയത്. ദൊഡ്ഡബൊമ്മസന്ദ്ര സുബ്രഹ്മണ്യ ലേ ഒൗട്ടിലെ നാലാം നമ്പര്‍ വീട്ടിലേക്ക് കൊണ്ടുവന്ന മൃതദേഹം കാണാന്‍ സുഹൃത്തുക്കളും അയല്‍വാസികളും ഉള്‍പ്പെടെ ആയിരത്തോളം പേരത്തെി. രാവിലെ ഒമ്പതിന് പൊതുദര്‍ശനത്തിന് വെക്കാന്‍ വന്‍ജനാവലിയുടെ അകമ്പടിയോടെയാണ് മൃതദേഹം ബി.ഇ.എല്‍ സ്കൂള്‍ മൈതാനത്തേക്ക് കൊണ്ടുവന്നത്.
ജാലഹള്ളി വ്യോമതാവളത്തില്‍നിന്ന് നിരഞ്ജന്‍െറ ഭൗതികദേഹം വഹിച്ച് ഹെലികോപ്ടര്‍ പറന്നുയര്‍ന്നയുടന്‍ അശ്രുപൂജ അര്‍പ്പിക്കാന്‍ വിക്ടോറിയ കോളജ് മൈതാനത്തേക്ക് ജനമൊഴുകുകയായിരുന്നു. ജനങ്ങളുടെ കുത്തൊഴുക്കില്‍ സൈന്യത്തിന് മൈതാനത്തിന്‍െറ നിയന്ത്രണത്തില്‍ അയവ് വരുത്തേണ്ടിവന്നു. കോയമ്പത്തൂര്‍ മധുക്കരയിലെ അര്‍ട്ടിലറി റജിമെന്‍റിനായിരുന്നു മൈതാനത്തിന്‍െറ സുരക്ഷ. വൈകീട്ട് 3.55ന് ആദ്യ ഹെലികോപ്ടര്‍ പറന്നിറങ്ങി. എന്‍.എസ്.ജി, കര-വ്യോമസേന ഉദ്യോഗസ്ഥരായിരുന്നു ആദ്യ ഹെലികോപ്ടറില്‍. 4.05നാണ് കുടുംബാംഗങ്ങളോടൊപ്പം നിരഞ്ജന്‍ കുമാറിന്‍െറ ഭൗതികദേഹം വഹിച്ച രണ്ടാമത്തെ ഹെലികോപ്ടര്‍ എത്തിയത്. എന്‍.എസ്.ജി കമാന്‍ഡോകളുടെ അകമ്പടിയില്‍ ആദ്യമിറങ്ങിയത് നിരഞ്ജന്‍െറ പിതാവ് ശിവരാജനാണ്. എം.എല്‍.എമാരായ എ.കെ. ബാലന്‍, എം. ഹംസ, കെ. അച്യുതന്‍, പാലക്കാട് നഗരസഭ ചെയര്‍പേഴ്സന്‍ പ്രമീള ശശിധരന്‍, എ.ഡി.എം യു. നാരായണന്‍കുട്ടി, സബ്കലക്ടര്‍ പി.ബി. നൂഹ്, ജില്ലാ സൈനിക വെല്‍ഫെയര്‍ ഓഫിസര്‍ വി.കെ. കുട്ടപ്പന്‍, രാജ്യസൈനിക് ബോര്‍ഡംഗം കേണല്‍ പി. ശിവശങ്കരന്‍, ഡിവൈ.എസ്.പിമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരും അന്ത്യോപചാരമര്‍പ്പിക്കാനത്തെി.
വിക്ടോറിയ കോളജ് മൈതാനത്ത് പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ മുന്‍ എം.പി വി.എസ്. വിജയരാഘവന്‍, മുന്‍മന്ത്രി വി.സി. കബീര്‍ തുടങ്ങിയവരും ആദരാഞ്ജലി അര്‍പ്പിച്ചു. എന്‍.എസ്.ജി മേജര്‍ ജനറല്‍ തുഷാര്‍ മേനോന്‍, എയര്‍ഫോഴ്സ് ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ എ.ആര്‍. ശ്രീനിവാസ്, കരസേന സ്റ്റേഷന്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ശൈലേന്ദ്ര ആര്യ എന്നിവരാണ് മൃതദേഹത്തെ മണ്ണാര്‍ക്കാട്ടേക്ക് അനുഗമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.