മുന്‍ഗണനാ മേഖലയില്‍ 1.19 ലക്ഷം കോടിയുടെ വായ്പാ പദ്ധതി
text_fieldsതിരുവനന്തപുരം: മുന്‍ഗണനാ മേഖലകളില്‍ ബാങ്കുകള്‍ അടുത്ത വര്‍ഷം 1,19,391.95 കോടി രൂപ വായ്പാ നല്‍കാന്‍ ലക്ഷ്യമിടുന്ന പദ്ധതി നബാര്‍ഡ് തയാറാക്കി. നടപ്പു വര്‍ഷത്തെ 1,07,833.37 കോടിയെക്കാള്‍ 11 ശതമാനമാണ് വര്‍ധന. കാര്‍ഷിക-അനുബന്ധ മേഖലക്ക് 46 ശതമാനവും ചെറുകിട സംരംഭങ്ങള്‍ക്ക് 30 ശതമാനവും സേവന മേഖലക്ക് 24 ശതമാനവുമാണ് വായ്പ നല്‍കുക. വായ്പാ പദ്ധതി വിഭാവനം ചെയ്യുന്ന സംസ്ഥാന തല ഫോക്കസ് പേപ്പര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രകാശനം ചെയ്തു.
കൃഷി -അനുബന്ധ മേഖലക്ക് 55,030.87 കോടിയും ചെറുകിട മേഖലക്ക് 36,703.88 കോടിയും സേവന മേഖലക്ക് 27,657 കോടിയും ആണ് വായ്പ നല്‍കാന്‍ ലക്ഷ്യമിടുന്നത്. ജില്ലാ തല വായ്പാ പദ്ധതിക്കും രൂപം നല്‍കിയിട്ടുണ്ട്. കൃഷിക്ക് 38,798 കോടിയും കാര്‍ഷിക അനുബന്ധ മേഖലക്ക് 10,376.79 കോടിയും കാര്‍ഷിക അടിസ്ഥാന സൗകര്യ വികസനത്തിന് 1715.13 കോടിയുമാണ് നീക്കിവെച്ചിരിക്കുന്നത്. കയറ്റുമതിക്ക് 1278.98 കോടി, വിദ്യാഭ്യാസം 3786.63 കോടി, ഭവന നിര്‍മാണം 16,220.33 കോടി, പരമ്പര്യേതര ഊര്‍ജം 183.70 കോടി, സാമൂഹിക അടിസ്ഥാന സൗകര്യം 544.02 കോടി, മറ്റു വിഭാഗത്തില്‍ 5643.54 കോടിയും വായ്പ നല്‍കുമെന്ന് ഫോക്കസ് പേപ്പറില്‍ പറയുന്നു. ഓരാ പ്രദേശത്തിന്‍െറയും ആവശ്യകത കണക്കാക്കിയായിരിക്കും വായ്പ.
കൃഷിക്കും അനുബന്ധ മേഖലക്കും കൂടുതല്‍ മൂലധന നിക്ഷേപം ലക്ഷ്യമിടുന്നതായി നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ രമേശ് തെങ്കില്‍ അറിയിച്ചു. കുടുംബശ്രീയുടെ സഹായത്തോടെ 17000ത്തോളം സംയുക്ത തൊഴില്‍ ഗ്രൂപ്പുകളെ ബാങ്കുകളുമായി ബന്ധിപ്പിക്കും. ജലക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ അനുയോജ്യ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാക്കണം. കാര്‍ഷിക ഉല്‍പാദക സംഘങ്ങളെ നബാര്‍ഡ് പ്രോത്സാഹിപ്പിക്കും. ഇവ കമ്പനികളാക്കി മാറ്റിയാല്‍ ബാങ്കുകള്‍ക്ക് വായ്പ ലഭ്യമാക്കാനാവും. സംസ്ഥാനത്തെ മെഗാ ഭക്ഷ്യപാര്‍ക്കുകള്‍ക്ക് നബാര്‍ഡ് സഹായം നല്‍കും. പാലക്കാട് ഭക്ഷ്യപാര്‍ക്കിന് അടിസ്ഥാന സൗകര്യമുണ്ടാക്കാന്‍ 28.3 കോടി നബാര്‍ഡ് അനുവദിച്ചു.
തീരദേശത്തെ നീര്‍ത്തട മേഖലകളില്‍ സംയോജിത കാര്‍ഷിക സംവിധാനം ശക്തിപ്പെടുത്താനുള്ള പദ്ധതിക്ക് 25 കോടിയും അനുവദിച്ചിട്ടുണ്ട്. മന്ത്രി കെ.പി. മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.ബി.ടി മാനേജിങ് ഡയറക്ടര്‍ ജീവന്‍ദാസ് നാരായണ്‍, സഹകരണ സ്പെഷല്‍ സെക്രട്ടറി പി. വേണുഗോപാല്‍, എസ്.എല്‍.ബി.സി കണ്‍വീനര്‍ എന്‍. ശിവശങ്കരന്‍ എന്നിവര്‍ സംബന്ധിച്ചു. കര്‍ഷകമിത്ര അവാര്‍ഡ് വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.