വിഴിഞ്ഞം കേസിന് നാടകീയ പരിണാമം; വാദത്തിനിടെ ബെഞ്ച് പിന്മാറി
text_fieldsന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കാര്യത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനായിരിക്കും മുന്‍ഗണനയെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ബെഞ്ച് ബുധനാഴ്ച വാദം കേള്‍ക്കലിനൊടുവില്‍ കേസില്‍നിന്ന് നാടകീയമായി പിന്മാറി. വാദം കഴിഞ്ഞ് ഉത്തരവ് പുറപ്പെടുവിക്കാനിരിക്കെയാണ് കേസ് കേള്‍ക്കാന്‍ താല്‍പര്യമില്ളെന്ന് ബെഞ്ചിന് നേതൃത്വം നല്‍കുന്ന ജസ്റ്റിസ് ജെ.എസ്. ഖേഹാര്‍ വ്യക്തമാക്കിയത്. ഇതുവരെ നടന്ന വാദംകേള്‍ക്കലിന്‍െറ രേഖകള്‍ പുതിയ ബെഞ്ചിന് കൈമാറാനും ജസ്റ്റിസ് ഖേഹാര്‍ നിര്‍ദേശിച്ചു.
കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോള്‍ പരിസ്ഥിതി സംരക്ഷണത്തിനാണ് മുന്‍ഗണനയെന്ന് വ്യക്തമാക്കിയ ജെ.എസ്. ഖേഹാര്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച്, പരിസ്ഥിതി അനുമതി ചോദ്യം ചെയ്യപ്പെട്ടാല്‍ വിഴിഞ്ഞം പൂര്‍വസ്ഥിതിയിലാക്കുമോയെന്ന് സംസ്ഥാന സര്‍ക്കാറിനോട് ചോദിച്ചിരുന്നു. തുടര്‍ന്ന് പരിസ്ഥിതി അനുമതി നിഷേധിച്ചാല്‍ വിഴിഞ്ഞം പൂര്‍വസ്ഥിതിയിലാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് നിര്‍മാണ പ്രവര്‍ത്തനം തുടരാന്‍ ജസ്റ്റിസ് ജെ.എസ്. ഖേഹാര്‍ അനുമതി നല്‍കിയത്.
ബുധനാഴ്ച വാദം കേള്‍ക്കുന്നതിനിടയിലും കര്‍ശന നിലപാട് ആവര്‍ത്തിച്ച ജസ്റ്റിസ് ജെ.എസ്. ഖേഹാര്‍ വിഴിഞ്ഞം ആശങ്കയുയര്‍ത്തുന്ന വിഷയമാണെന്ന് അഭിപ്രായപ്പെട്ടു. ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷണ്‍, താന്‍ വിഴിഞ്ഞത്ത് പോയിരുന്നുവെന്ന് ബോധിപ്പിച്ചു. സര്‍ക്കാര്‍ പറഞ്ഞതിന് വിരുദ്ധമാണ് അവിടെ കണ്ട കാര്യങ്ങള്‍. കീഴ്ക്കാംതൂക്കായ നിരവധി ഭാഗങ്ങള്‍ ഇടിച്ചുനിരത്തിയിരിക്കുകയാണ്. ഇതൊന്നും പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിയില്ല. ചിത്രങ്ങള്‍ കോടതിയില്‍ കാണിക്കാമെന്ന് പറഞ്ഞപ്പോള്‍ കമ്പനിക്കുള്ള മറുപടി സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ഖേഹാര്‍ നിര്‍ദേശം നല്‍കി. കമ്പനി നല്‍കിയ സത്യവാങ്മൂലത്തിനുള്ള മറുപടി രണ്ടു ദിവസത്തിനകം നല്‍കാമെന്നും ഭൂഷണ്‍ കോടതിയെ അറിയിച്ചു. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് ഹരിത ട്രൈബ്യൂണല്‍ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതെന്നും ഹരജിക്കാരുടെ അഭിഭാഷകര്‍ വാദിച്ചു. വിശദവാദം ഇന്നുതന്നെ തുടങ്ങട്ടെയെന്നും തങ്ങള്‍ തയാറാണെന്നും അഡ്വ. കെ.കെ. വേണുഗോപാല്‍ പറഞ്ഞപ്പോള്‍ ധൃതിയില്‍ കേള്‍ക്കാവുന്ന വിഷയമല്ളെന്ന് കോടതി പ്രതികരിച്ചു. ഇതെല്ലാം കഴിഞ്ഞാണ് ഒപ്പമുണ്ടായിരുന്ന ജസ്റ്റിസ് നാഗപ്പനോട് സംസാരിച്ച ശേഷം കേസ് കേള്‍ക്കുന്നതില്‍ താല്‍പര്യമില്ളെന്ന് ജസ്റ്റിസ് ജെ.എസ്. ഖേഹാര്‍ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.