ചില്ലറ മരുന്നു വ്യാപാരവും കോര്‍പറേറ്റുകള്‍ക്ക്
text_fieldsകോഴിക്കോട്: അവശ്യ മരുന്ന് വിപണി ഓണ്‍ലൈന്‍ വ്യാപാരത്തിന് തുറന്നുകൊടുക്കാനുള്ള ശ്രമത്തിന് പിന്നാലെ ചെറുകിട മരുന്നുവില്‍പന മേഖല കോര്‍പറേറ്റ് കമ്പനികള്‍ക്ക് തുറന്നുകൊടുക്കാന്‍ കേന്ദ്രം നീക്കം. മരുന്നു കട നടത്താനും ഉല്‍പാദിപ്പിക്കാനുമടക്കമുള്ള വിവിധ ലൈസന്‍സുകളുടെ ഫീസ് പത്തിരട്ടി മുതല്‍ വര്‍ധിപ്പിക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍െറ നീക്കം. മരുന്നുവില കുത്തനെ ഉയരുന്നതോടൊപ്പം സംസ്ഥാനത്തെ കാല്‍ ലക്ഷത്തോളം വരുന്ന അംഗീകൃത ഫാര്‍മസിസ്റ്റുകളും ജീവനക്കാരും വഴിയാധാരമാകുന്നതാണ് നിരക്ക് വര്‍ധന. രാജ്യത്തെ ഒൗഷധ വിപണനം കോര്‍പറേറ്റ് കമ്പനികള്‍ക്ക് നല്‍കാനാണ് മോദി സര്‍ക്കാറിന്‍െറ ശ്രമമെന്ന് ആക്ഷേപമുണ്ട്. ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് വിഭാഗത്തിലെ 29 ഇനങ്ങളിലാണ് ഭീമമായ വര്‍ധന. ഡിസംബര്‍ 29ന് പുറത്തിറങ്ങിയ കേന്ദ്ര മന്ത്രാലയത്തിന്‍െറ അസാധാരണ ഗസറ്റിലെ നിര്‍ദേശങ്ങള്‍ക്കെതിരെ 45 ദിവസത്തിനുള്ളില്‍ പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം.
സാധാരണ മരുന്നുകട തുറക്കാന്‍ ആവശ്യമായ അഞ്ചുവര്‍ഷ കാലാവധിയുള്ള രണ്ട് ലൈസന്‍സുകള്‍ക്ക് 1500 രൂപ വീതമാണ് നിലവില്‍ സര്‍ക്കാര്‍ ഈടാക്കുന്നത്. ഗുളിക, സിറപ്പ് എന്നിവയുടെ വില്‍പനക്കുള്ള ബയോളജിക്കല്‍ ലൈസന്‍സ്, കുത്തിവെപ്പുള്‍പ്പെടെ അകത്തേക്ക് നല്‍കുന്ന മരുന്ന് വില്‍പനക്കുള്ള ലൈസന്‍സ് എന്നിവക്കാണത്. ഈ ലൈസന്‍സുകള്‍ക്കുള്ള ഫീസ് 30,000 രൂപയായി ഉയര്‍ത്താനാണ് ശിപാര്‍ശ.
ഇരു ലൈസന്‍സുകളുടെയും കാലാവധി പുതുക്കാന്‍ വൈകുന്നതിന് ഒരു മാസത്തിന് 500 രൂപ വീതമുള്ള പിഴ 5000 രൂപ വീതമായി ഉയര്‍ത്തും. ലൈസന്‍സ് പുതുക്കല്‍ ആറുമാസം വൈകിയാല്‍ പിഴയായി 60,000 രൂപയും റദ്ദാവുന്ന ലൈസന്‍സ് പുതുക്കാന്‍ 30,000 രൂപയും കൂടി 90,000 രൂപയും വേണ്ടി വരും. ഒൗഷധ നിര്‍മാണ കമ്പനികള്‍ക്ക് പുതിയ ലൈസന്‍സ് എടുക്കുന്നതിനും പുതുക്കുന്നതിനും 15,000ത്തില്‍നിന്നും 1.30 ലക്ഷം രൂപയായി ഉയരും. ഒരു ലൈസന്‍സില്‍ 10 മരുന്നുവരെ നിര്‍മിക്കാം. അധികമുള്ള മരുന്നിന് ഓരോന്നിനും 300 രൂപയുള്ളത് 1500 രൂപയായി മാറും. പുതുതായി കണ്ടത്തെിയ ഒരു മരുന്ന് നിര്‍മിക്കാനുള്ള 15000 രൂപയെന്ന നിരക്ക് ഒരു ലക്ഷമാവും.
ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം മരുന്നുകട നടത്താന്‍ 18 ഇനം ലൈസന്‍സ് വേണം. നിലവില്‍ ഉല്‍പാദന മേഖലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന കോര്‍പറേറ്റ് കമ്പനികള്‍ വിപണന രംഗത്തേക്ക് വരുന്നതോടെ വില കുത്തനെ ഉയരുന്നത് സാധാരണക്കാരെ സാരമായി ബാധിക്കും. കൂടാതെ മരുന്നിന്‍െറ സുരക്ഷയും അവതാളത്തിലാകും.
ഡ്രഗ് ഇന്‍സ്പെക്ടര്‍മാരുള്‍പ്പെടെ ജീവനക്കാരുടെ കുറവുകാരണം മരുന്നു വിതരണത്തിലെ സുരക്ഷ ഉറപ്പുവരുത്താന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.