മരുന്ന് വിപണിയുടെ കോര്‍പറേറ്റ് വത്കരണം: ഇറക്കുമതി ഫീസിലും കുറവ്
text_fieldsകോഴിക്കോട്: ചില്ലറ മരുന്ന് വ്യാപാര രംഗത്തെ വിവിധ ലൈസന്‍സ് ഫീസുകള്‍ കുത്തനെ വര്‍ധിപ്പിക്കാനുള്ള നീക്കത്തിനുപിന്നാലെ വിദേശ മരുന്ന് ഇറക്കുമതി ഫീസ് ഗണ്യമായി കുറക്കാനും കേന്ദ്ര ശിപാര്‍ശ. രാജ്യത്തെ ചില്ലറ മരുന്നുവില്‍പന മേഖല കോര്‍പറേറ്റുകള്‍ക്ക് തുറന്നു കൊടുക്കുന്നതിന്‍െറ ഭാഗമായാണ് നടപടിയെന്നാണ് ആക്ഷേപം. വിദേശ മരുന്ന് ഇറക്കുമതി ചെയ്യാനുള്ള ലൈസന്‍സ് ഫീസ് 10,000 ഡോളറില്‍നിന്ന് 1500 ആയാണ് കുറച്ചത്. രാജ്യത്ത് മരുന്ന് ഉല്‍പാദനത്തിനുള്ള വിവിധ ലൈസന്‍സുകളുടെ ഫീസ് വര്‍ധിപ്പിക്കുമ്പോഴാണ് വിദേശ മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നതിന് ഇളവ്. ആഭ്യന്തര മരുന്ന് ഉല്‍പാദനവും വിതരണവും പൂര്‍ണമായും കുത്തക കമ്പനികള്‍ക്ക് തുറന്നുകൊടുക്കുന്നതിന് മുന്നോടിയായാണ് ഇതെന്നാണ് ആക്ഷേപം.
പുതിയ മരുന്ന് ഉല്‍പാദിപ്പിക്കുന്നതിനുള്ള ലൈസന്‍സിന് അരലക്ഷം രൂപയില്‍ നിന്ന് രണ്ടര ലക്ഷമായി വര്‍ധിപ്പിക്കാനാണ് ശിപാര്‍ശ. ഡിസംബര്‍ 29ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലാണ് ഫീസ് വര്‍ധനക്കുള്ള ശിപാര്‍ശ. 45 ദിവസത്തിനുള്ളില്‍ ഇതിനെതിരെയുള്ള ആക്ഷേപങ്ങളും പരാതികളും സമര്‍പ്പിക്കാം.
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് തിരിച്ചടിയാകുന്ന വിധത്തില്‍ ലൈസന്‍സ് ഫീസുകള്‍ കുത്തനെ ഉയര്‍ത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. മരുന്ന് പരീക്ഷണത്തിനും ഉല്‍പാദനത്തിനും വിതരണത്തിനുമുള്ള ലൈസന്‍സുകളുടെ ഫീസ് വര്‍ധനക്കെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ 13ന് സംയുക്ത യോഗം ചേരും. ഓള്‍ കേരള കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന്‍, പ്രഫഷനല്‍ ഫാര്‍മസിസ്റ്റ് ഫോറം, കേരള ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചറിങ് അസോസിയേഷന്‍, സ്മാള്‍ സ്കേല്‍ മാനുഫാക്ചേഴ്സ്, ലോണ്‍ ലൈസന്‍സീസ് തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം.
ഡ്രഗ് ഇന്‍സ്പെക്ടര്‍മാരുടെ ജില്ലാ ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തുന്നതോടൊപ്പം കരട് വിജ്ഞാപനത്തിനെതിരെ കേന്ദ്ര, സംസ്ഥാന ആരോഗ്യ സെക്രട്ടറിക്ക് നിവേദനം നല്‍കും. രാജ്യത്തെ ഒൗഷധവ്യാപാരത്തിന്‍െറ ഗുണനിലവാരം മെച്ചപ്പെടുത്താനാണ് ലൈസന്‍സ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതെന്നും അതത് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന ഈ തുക മരുന്ന് സുരക്ഷാ ക്രമീകരണങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുമെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍െറ വിശദീകരണം.
അതേസമയം, മരുന്ന് കമ്പനികളുടെയും വ്യാപാരികളുടെയും രൂക്ഷമായ എതിര്‍പ്പ് കാരണം ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം നടപ്പാക്കാനുള്ള തീരുമാനം തല്‍ക്കാലത്തേക്ക് റദ്ദ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഡ്രഗ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.