കാളപൂട്ട് കണ്ടങ്ങള്‍ വീണ്ടും ആവേശത്തിലേക്ക്
text_fieldsമലപ്പുറം: ജെല്ലിക്കെട്ടിനും കാളപൂട്ടിനും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതിന്‍െറ ആവേശത്തില്‍ കാളപൂട്ട് കമ്പക്കാര്‍. ജെല്ലിക്കെട്ട് നിരോധത്തെ തുടര്‍ന്നാണ് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കാളപൂട്ട് മത്സരത്തിനും താഴ് വീണത്. 2015 ജനുവരിയില്‍ മലപ്പുറം മുതുവല്ലൂര്‍ പൊറ്റയില്‍ കാളപൂട്ട് കണ്ടത്തിലാണ് സംസ്ഥാനത്ത് അവസാനമായി കാളപൂട്ട് മത്സരം നടന്നത്. അന്ന് ഇതിന് നേതൃത്വം നല്‍കിയ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തതിനെ തുടര്‍ന്ന് മറ്റെവിടെയും കാളപൂട്ട് നടന്നില്ല. സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നതോടെ ആവേശത്തിലാണ് കാളപൂട്ടുകാര്‍. കലക്ടര്‍ അനുമതി നല്‍കിയാല്‍ ബുധനാഴ്ച എടപ്പാള്‍ അയിലക്കാട് കാളപൂട്ട് മത്സരം നടത്തി ആഹ്ളാദപ്രകടനം നടത്താന്‍ തയാറെടുക്കുകയാണ് അവര്‍.
14ന് വളാഞ്ചേരി കണ്ടത്തില്‍ പോത്തുപൂട്ട് മത്സരം നടത്താനും പദ്ധതിയുണ്ടെന്ന് കാര്‍ഷികോത്സവ കാളപൂട്ട്, പോത്തുപൂട്ട് സംരക്ഷണ സിമിതി ഭാരവാഹികള്‍ പറഞ്ഞു.
മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ അമ്പതോളം കാളപൂട്ട് ഗ്രൗണ്ടുകളുണ്ട്. മത്സരത്തിന് ഇറക്കുന്ന കാളകളെ വെറ്ററിനറി ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ശുചിയോടെയും സൂക്ഷ്മതയോടെയുമാണ് വളര്‍ത്തുന്നതെന്ന് സമിതിയുടെ ചെയര്‍മാന്‍ വളപ്പന്‍ ബാവ വ്യക്തമാക്കി. മത്സരത്തിനിടയില്‍ വടി ഉപയോഗിച്ച് അടിക്കുന്നതും വാലില്‍ കടിക്കുന്നതുമെല്ലാം ഒഴിവാക്കിയിട്ടുണ്ട്. മൃഗസംരക്ഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തില്‍ മത്സരം നടത്താനാണ് ആഗ്രഹിക്കുന്നത്. നിയമത്തില്‍ പറയുന്ന എല്ലാ നിബന്ധനകളും പാലിക്കുമെന്നും ബാവ കൂട്ടിച്ചേര്‍ത്തു.
‘കാളപൂട്ട് നടന്നില്ളെങ്കില്‍ അറവുശാലയിലേക്ക് നയിക്കപ്പെടും’
കാര്‍ഷികോത്സവം എന്ന നിലയിലാണ് കാളപൂട്ട് മത്സരം നടത്തുന്നതെന്നും നിരോധം എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്നും കാര്‍ഷികോത്സവ കാളപൂട്ട്-പോത്തുപൂട്ട് സംരക്ഷണ സമിതി ഭാരവാഹികള്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തിയ ബി.ജെ.പി ദേശീയ സമിതി അംഗം ജനചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു.
കൃഷിയുമായി ബന്ധപ്പെട്ട വിനോദമാണ് കാളപൂട്ട്. ഇതിനായി വളര്‍ത്തിയ കാളകളെ മത്സരത്തിന് ഉപയോഗിച്ചില്ളെങ്കില്‍ അറവു ശാലകളിലേക്കാണ് ആനയിക്കുക. ഇതുസംബന്ധിച്ച് മന്ത്രി പ്രകാശ് ജാവേദ്കറിന് നിവേദനം നല്‍കിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ വളപ്പന്‍ ബാവ, കുരുണിയന്‍ മോന്‍, വി.കെ. അബ്ദുല്‍ കരീം, മൊയ്തുട്ടി ഹാജി, അബ്ദുസ്സമദ് അമ്പലഞ്ചേരി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.