ജെ.എസ്.എസിനെ പുറത്താക്കൽ: നിലപാട് കടുപ്പിച്ച് വി.എം സുധീരൻ
text_fieldsകോഴിക്കോട്: ജെ.എസ്.എസിനെ യു.ഡി.എഫിൽ നിന്ന് പുറത്താക്കുന്ന കാര്യത്തിൽ നിലപാട് കടുപ്പിച്ച് കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ. മുന്നണിയുടെ നയങ്ങൾക്കും പരിപാടിക്കും വിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് യു.ഡി.എഫിൽ സ്ഥാനമില്ലെന്ന് സുധീരൻ പറഞ്ഞു. ജനരക്ഷായാത്രയുടെ ഭാഗമായി കോഴിക്കോട് എത്തിയ സുധീരൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
യു.ഡി.എഫിന് കൃത്യമായ നയങ്ങളും തീരുമാനങ്ങളും ഉണ്ട്. ഇതിൽ നിന്ന് വ്യതിചലിക്കാൻ ആർക്കും സാധിക്കില്ല. അങ്ങനെ വ്യതിചലിക്കുന്നവർ മുന്നണിക്ക് പുറത്താണെന്നും സുധീരൻ വ്യക്തമാക്കി.
യു.ഡി.എഫിൽ നിന്ന് ഘടകകക്ഷികൾ പൊഴിഞ്ഞു പോകുമെന്ന് ആശങ്കയില്ല. യു.ഡി.എഫ് ഒറ്റക്കെട്ടാണ് മുന്നണിയിൽ നിന്ന് ആരെയും അടർത്തിമാറ്റാൻ സാധിക്കില്ല. ജനപിന്തുണ ആർജിച്ച് യു.ഡി.എഫ് മുന്നോട്ടു പോകും. സി.പി.എമ്മിന് ആത്മവിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണ് അവർ യു.ഡി.എഫ് കക്ഷികളെ ലക്ഷ്യമിടുന്നതെന്നും സുധീരൻ ആരോപിച്ചു.
മന്ത്രിമാരും നേതാക്കളും മാധ്യമ പ്രവർത്തകർ അടക്കമുള്ളവരോട് നല്ലരീതിയിൽ പെരുമാറണമെന്നും സുധീരൻ കൂട്ടിച്ചേർത്തു. മന്ത്രി കെ.പി മോഹനൻ മോശമായി പെരുമാറിയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജൻ ബാബുവിന്‍റെ നടപടികളെ ന്യായീകരിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് എം.എം ഹസൻ മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയത്തിൽ യു.ഡി.എഫ് ചൊവ്വാഴ്ച തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.