കോണ്‍ഗ്രസിനെതിരെ വീരേന്ദ്രകുമാര്‍; മുന്നണി മാറേണ്ടതില്ലെന്ന് കെ.പി മോഹനൻ
text_fieldsകോഴിക്കോട്: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശവുമായി ജനതാദള്‍ (യു) സംസ്ഥാന പ്രസിഡൻറ് എം.പി വീരേന്ദ്രകുമാര്‍. കോൺഗ്രസ് വഞ്ചിച്ചെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ വിമതരെ നിർത്തി പാർട്ടിയെ പരാജയപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. മുന്നണി മാറ്റം ചർച്ചക്കെടുത്ത ജനതാദള്‍ (യു) കോഴിക്കോട് ജില്ലാ കൗണ്‍സില്‍ യോഗത്തിലായിരുന്നു വീരേന്ദ്രകുമാറിൻെറ വിമർശം. മുന്നണി മാറ്റത്തെ അനുകൂലിച്ചും എതിർത്തും നേതാക്കൾ രണ്ട് തട്ടിലായതോടെ ജില്ലാ കൗണ്‍സില്‍ യോഗം വാക്കേറ്റം വരെയെത്തി. യു.ഡി.എഫില്‍ നിന്ന് പാർട്ടിക്ക് നീതി ലഭിക്കുന്നില്ലെന്ന പൊതുവികാരം പ്രവര്‍ത്തകര്‍ക്കുണ്ടെന്ന് വീരേന്ദ്രകുമാര്‍ യോഗത്തില്‍ വ്യക്തമാക്കി. യു.ഡി.എഫിൽ ചേർന്നതോടെ പാർട്ടി ശോഷിച്ചതായും യോഗത്തിൽ അഭിപ്രായമുയർന്നു.
എന്നാല്‍ മുന്നണി മാറേണ്ട സാഹചര്യമില്ലെന്നായിരുന്നു മന്ത്രി കെ.പി.മോഹനനടക്കമുള്ളവരുടെ നിലപാട്. തദ്ദേശതിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ പാര്‍ട്ടി ആത്മപരിശോധന നടത്തണം. സി.പി.എമ്മിൻെറ മനോഭാവത്തില്‍ മാറ്റം വന്നെന്ന് താന്‍ കരുതുന്നില്ലെന്നും കെ.പി.മോഹനന്‍ വ്യക്തമാക്കി. അതേസമയം, തദ്ദേശതിരഞ്ഞെടുപ്പ് വിലയിരുത്തല്‍ മാത്രമാണ് യോഗത്തിൽ നടന്നതെന്നും മറ്റൊന്നും ചര്‍ച്ചചെയ്തിട്ടില്ലെന്നും വീരേന്ദ്ര കുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.