അന്താരാഷ്ട്ര പഠന കോണ്‍ഗ്രസില്‍ പിണറായിയുടെ ‘നയപ്രഖ്യാപനം’
text_fieldsതിരുവനന്തപുരം: കേരള വികസനവുമായി ബന്ധപ്പെട്ട് പുതിയ സമീപനം അവതരിപ്പിച്ച് അന്താരാഷ്ട്ര പഠന കോണ്‍ഗ്രസില്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍െറ ‘നയപ്രഖ്യാപനം’. സി.പി.എമ്മിന്‍െറ ഇതുവരെയുള്ള പല വികസന കാഴ്ചപ്പാടുള്‍ക്കും ‘തിരുത്ത്’ എന്ന നിലക്ക് അവതരിപ്പിച്ച നിര്‍ദേശങ്ങള്‍ക്ക് നിയമസഭാതെരഞ്ഞെടുപ്പിന്‍െറ പാശ്ചാത്തലത്തില്‍ രാഷ്ട്രീയകേന്ദ്രങ്ങള്‍ അതീവപ്രാധാന്യമാണ് കല്‍പ്പിക്കുന്നത്.
അതിവേഗം വളരുന്ന കേരളമാണ് ലക്ഷ്യമെന്നുപറഞ്ഞാണ് പഠന കോണ്‍ഗ്രസ് ഉദ്ഘാടന സമ്മേളനത്തിന്‍െറ അധ്യക്ഷ പ്രസംഗം പിണറായി തുടങ്ങിയത്. കേരളത്തിന്‍െറ വികസനരംഗത്ത് ബഹുമുഖ സമീപനമുണ്ടാവണം. ഭാവനാപൂര്‍ണമായ ആസൂത്രണവും രാഷ്ട്രീയ ഇച്ഛാശക്തിയും പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനവുമാണ് പ്രതിസന്ധി മുറിച്ചു കടക്കാനുള്ള വഴി. ആധുനിക കാലത്തിന് ആവശ്യമായ വ്യവസായ വികസനമാണ് കേരളത്തിന് ആവശ്യം. അത്തരം വ്യവസായങ്ങള്‍ക്കും സംരംഭകര്‍ക്കും ആവേശപൂര്‍വം കടന്നുവരാനുള്ള ഇടമായി കേരളത്തെ മാറ്റണം. ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാകുന്ന വിധം ഉദ്യോഗസ്ഥ ഭരണ സംവിധാനത്തെ അടിമുടി പരിഷ്കരിക്കണം. ചുവപ്പുനാടയുടെയും സാങ്കേതിക നടപടികളുടെയും കുരുക്കില്‍ ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ കുരുങ്ങിക്കിടക്കരുത്. വ്യവസായങ്ങള്‍ക്കും വ്യവസായ സംരംഭകര്‍ക്കും പ്രയോജനകരമാകുന്ന വിധത്തില്‍ ഏകജാലക സംവിധാനം വേണം -പിണറായി പറഞ്ഞു.
കാര്‍ഷികമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതില്‍ കേരളം ഏറെ പിറകിലാണ്. നികുതി പിരിവുകാരന്‍ എന്ന നിലയില്‍നിന്ന് മാര്‍ഗദര്‍ശിയെന്ന തലത്തിലേക്ക് സര്‍ക്കാര്‍ ഉയരണം. ഏറ്റവും കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വിളവ് എന്നതാകണം ലക്ഷ്യം. അതിന് കൃഷിയില്‍ ആധുനീകരണം നടപ്പാക്കണം. കേരളം വികസനത്തില്‍ പിന്നിലാവുന്നതിന്‍െറ പ്രധാന കാരണം അടിസ്ഥാനസൗകര്യങ്ങളുടെ കുറവാണ്. സംരംഭകരുടെ കടന്നുവരവിന് റോഡുകളുടെ ശോച്യാവസ്ഥ തടസ്സമാവുന്നുണ്ട്. തിരുവനന്തപുരത്തുനിന്ന് ആറുമണിക്കൂര്‍കൊണ്ട് കാസര്‍കോട്ട് എത്താന്‍ കഴിയുന്ന റോഡ് ആവശ്യമാണ്. വന്‍തുക ചെലവഴിച്ച് മെട്രോ പദ്ധതികള്‍ ഒരുക്കുന്നതിന് പകരം നഗരങ്ങളില്‍ കുറഞ്ഞ മുതല്‍മുടക്കില്‍ പൊതുഗതാഗത സംവിധാനം ആരംഭിക്കണം. സംസ്ഥാനത്തിന്‍െറ സര്‍വ മേഖലയിലും അഴിമതി വ്യാപകമാണ്. ജീവിച്ചിരിക്കുന്നുവെന്ന് തെളിക്കാന്‍പോലും കൈക്കൂലി നല്‍കേണ്ട അവസ്ഥയാണ്.
അഴിമതി തടയാന്‍ എസ്തോണിയ പോലുള്ള രാജ്യങ്ങള്‍ നടപ്പാക്കിയ മികച്ച ഇ- ഗവേണന്‍സ് ഇവിടെയും നടപ്പാക്കണം. സംസ്ഥാനത്ത് കഴിഞ്ഞ 15 വര്‍ഷത്തിനകം കടന്നുവന്ന വിദേശ നിക്ഷേപം 102 കോടി ഡോളറാണ്.
അതേസമയം തമിഴ്നാട്ടിലും കര്‍ണാടകത്തിലും 27000 കോടി ഡോളറിന്‍െറ നിക്ഷേപമുണ്ടായി. കേരളത്തിന്‍െറ നില 0.5 ശതമാനമായി ഒതുങ്ങി. 300 രൂപ ഭൂനികുതി പിരിക്കുന്നതിന് 3000 ചെലവഴിക്കുന്ന രീതി അവസാനിപ്പിക്കണം.
1000 ചതുരശ്ര അടിവരെയുള്ള വീടുകള്‍ക്ക് നികുതി വേണ്ടെന്നുവെക്കണമെന്നും പിണറായി നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.