സംസ്ഥാന സ്കൂള്‍ കലോത്സവം: ഊട്ടുപുരയില്‍ മത്സരിക്കാന്‍ ജയില്‍ ചപ്പാത്തിയും
text_fieldsതിരുവനന്തപുരം: വിപണിയില്‍ ‘എ-ഗ്രേഡ്’ നേടിയ ജയില്‍ ചപ്പാത്തി ആദ്യമായി സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍െറ ഊട്ടുപുരയില്‍ ‘മത്സര’ത്തിനത്തെുന്നു. ഒരുദിവസത്തെ പ്രാതല്‍ വിഭവമായാണ് ജയില്‍ ചപ്പാത്തി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജയില്‍ വകുപ്പിനെക്കൂടി മേളയുടെ നടത്തിപ്പില്‍ പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചപ്പാത്തികൂടി വിഭവങ്ങളില്‍ ഉള്‍പ്പെടുത്തിയത്.
ജയില്‍ ചപ്പാത്തിക്കുപുറമെ ഇടിയപ്പം, പൂരിമസാല, ഉപ്പുമാവ് - പഴം, ഇഡ്ഡലി - സാമ്പാര്‍, പുട്ട് - കടല, ഉപ്പുമാവ്-ചെറുപയര്‍ എന്നിവയാണ് പ്രഭാത ഭക്ഷണമായി വിളമ്പുക. ഉച്ചക്ക് സാമ്പാര്‍, അവിയല്‍, കിച്ചടി, തോരന്‍ തുടങ്ങിയ വിഭവങ്ങള്‍ അടങ്ങിയ സദ്യയും പായസവും വിളമ്പും. പാല്‍പ്പായസം, ഗോതമ്പ് പായസം, ഉണക്കലരി പായസം, ചെറുപയര്‍ പായസം, വെജിറ്റബ്ള്‍ പായസം, നെയ്പ്പായസം തുടങ്ങിയവയാണ് ഓരോ ദിവസവും വിളമ്പുക. ഒരുദിവസം പഴയിടം മോഹനന്‍ നമ്പൂതിരിയുടെ വക സ്പെഷല്‍ പായസവും വിളമ്പും. പാചകത്തിന് ഗ്യാസ്, വിറകടുപ്പുകള്‍ തയാറാക്കും. 8000 മുതല്‍ 9000പേരെയാണ് ഉച്ചയൂണിന് പ്രതീക്ഷിക്കുന്നത്. പ്രതിദിനം 25000 പേര്‍ ഭക്ഷണപ്പന്തലില്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍.
കലോത്സവസദ്യ മികവുറ്റതാക്കാന്‍ സ്പെഷല്‍ മെനുവുമായാണ് പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള 100 അംഗ സംഘം എത്തുന്നത്. തുടര്‍ച്ചയായി 11ാം തവണയാണ് കോട്ടയം കുറിച്ചിത്താനം സ്വദേശി പഴയിടം മോഹനന്‍ നമ്പൂതിരി സംസ്ഥാന കലോത്സവത്തിന്‍െറ രുചിക്കൂട്ട് ഒരുക്കുന്നത്.
തൈക്കാട് പൊലീസ് ഗ്രൗണ്ടില്‍ 30000 ചതുരശ്ര അടിയില്‍ സജ്ജമാകുന്ന ഭക്ഷണ പ്പന്തലില്‍ ഒരേസമയം 3000 പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ സൗകര്യമുണ്ടാകും. ‘ഭക്ഷണവിതരണത്തിനുമാത്രം 600 പേരെ സജ്ജമാക്കും. അധ്യാപകര്‍ക്കാണ് വിതരണത്തിന്‍െറ പ്രധാന ചുമതല.
ഭക്ഷണപ്പന്തലും പരിസരവും പൂര്‍ണമായും പ്ളാസ്റ്റിക് മുക്തമായിരിക്കും. പന്തലിന്‍െറയും ഊട്ടുപുരയുടെയും നിര്‍മാണം പൊലീസ് ഗ്രൗണ്ടില്‍ പുരോഗമിക്കുകയാണ്. നിര്‍മാണം 12ന് പൂര്‍ത്തിയാക്കുമെന്ന് സംഘാടകസമിതി കണ്‍വീനര്‍ വട്ടപ്പാറ അനില്‍കുമാര്‍ അറിയിച്ചു. ഊട്ടുപുരയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ 12ന് പഴയിടം മോഹന്‍ നമ്പൂതിരിയും എത്തും. 18നാണ് ഊട്ടുപുരയില്‍ പാലുകാച്ചല്‍ ചടങ്ങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.