പുതിയ അഴിമതി ആരോപണങ്ങളുമായി കീര്‍ത്തി ആസാദ്
text_fieldsകൊച്ചി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതി സംബന്ധിച്ച വെളിപ്പെടുത്തലിനു പുറമെ ഡല്‍ഹി സ്റ്റേഡിയം നിര്‍മാണത്തില്‍ കോടികളുടെ അഴിമതി നടന്നെന്ന ആരോപണവുമായി ബി.ജെ.പി എം.പി കീര്‍ത്തി ആസാദ്. ഇത് താന്‍ പുതുതായി വെളിപ്പെടുത്തുകയാണെന്നും കൊച്ചിയില്‍ മീറ്റ ദ പ്രസില്‍ അദേഹം പറഞ്ഞു. 25 കോടിക്കാണ് ഡല്‍ഹി സ്റ്റേഡിയത്തിന് നിര്‍മാണാനുമതി നല്‍കിയത്. എന്നാല്‍, മൊത്തം 58 കോടി രൂപ ചെലവായി. അധിക ചെലവായ തുകക്ക് ആരാണ് അനുമതി നല്‍കിയത്. ഇത് യാതൊരു തെളിവുമില്ളെന്നും ഈ വന്‍ അഴിമതി പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എം.പി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ഗ്രാമീണ പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനായുള്ള സമിതിയുടെ ഭാഗമായി കൊച്ചിയില്‍ എത്തിയതായിരുന്നു അദ്ദേഹം.
സമാനമായ അഴിമതിയാണ് ഹോക്കി ഇന്ത്യയിലും നടക്കുന്നത്. അതും താന്‍ വെറുതെ വിടില്ല. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍റെ അഴിമതി സംബന്ധിച്ച കാര്യത്തില്‍ വിശദീകരണം നല്‍കുന്നതിന് പ്രധാനമന്ത്രിയോട് സമയം തേടിയിട്ടുണ്ട്. അദ്ദേഹം പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ തിരക്കിലാണ്. അതു കഴിഞ്ഞാല്‍ പ്രധാനമന്ത്രിയെ കാണുമെന്നും കീര്‍ത്തി ആസാദ് പറഞ്ഞു.
തനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയതിലൂടെ അഴിമതി തുറന്നുകാട്ടാനുള്ള ഒരു പ്ളാറ്റ്ഫോം ഒരുക്കിത്തരികയാണ് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ചെയ്തത്. പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍റ് ചെയ്തതില്‍ വിഷമമില്ല. അഴിമതിക്കെതിരായ തന്‍റെ പോരാട്ടത്തെ പിന്തിരിപ്പിക്കാന്‍ പാര്‍ട്ടിക്കെന്നല്ല, ആര്‍ക്കും കഴിയില്ളെന്നും കീര്‍ത്തി ആസാദ് പറഞ്ഞു. തന്‍റെ കാര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്‍ററി സമിതി ചേരുന്നുണ്ടെങ്കില്‍ അത് അംഗീകാരമായാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡി.ഡി.സി.എയിലെയും ഡല്‍ഹി സ്റ്റേഡിയം നിര്‍മാണത്തിലെയും അഴിമതിക്കെതിരെയാണ് എന്‍റെ പോരാട്ടം. അത് ജെയ്റ്റ്ലിക്കെതിരെയല്ല. എന്നാല്‍, ഈ അഴിമതികള്‍ എല്ലാം നടന്നത് ജെയ്റ്റ്ലി ഇരുന്ന സമയത്ത് ആണെന്നും ഒരു ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.