വര്‍ഗീയതക്കെതിരെ ഇടതുപക്ഷവും മതസംഘടനകളും ഒന്നിക്കണം –എം.എ. ബേബി
text_fieldsതിരുവനന്തപുരം: വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ മതസംഘടനകളും ഇടതുപക്ഷവും ഒന്നിക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ഇക്കാര്യത്തില്‍ പ്രത്യയശാസ്ത്ര നിലപാടുള്ള ഇടതുപാര്‍ട്ടികളെയും വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരെ ചിന്തിക്കുന്ന ഗ്രൂപ്പുകളെയും മതസംഘടനകളെയും വിശ്വാസികളെയും സഹകരിപ്പിക്കുന്നതിനെക്കുറിച്ച് ഗൗരവമായ ചര്‍ച്ച വേണം. അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസില്‍ ‘വര്‍ഗീയതക്കെതിരെ സാംസ്കാരിക ഐക്യം’ സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതവിശ്വാസികളോട് പുലര്‍ത്തേണ്ട സമീപനം സംബന്ധിച്ച് കമ്യൂണിസ്റ്റുകാരും സ്വയംവിമര്‍ശം നടത്തണം. കമ്യൂണിസ്റ്റുകാരടക്കം ഇടതുപാര്‍ട്ടികളോട് തുടരുന്ന ശത്രുതയോ അകല്‍ച്ചയോ ന്യായീകരിക്കാവുന്നതാണോയെന്ന പരിശോധന മതാധ്യക്ഷന്മാരും നടത്തേണ്ടതുണ്ട്. വ്യത്യസ്ത വീക്ഷണമുള്ളവര്‍ ഒന്നിച്ചുനില്‍ക്കണമെന്ന കാഴ്ചപ്പാടാണ് ഇടതുപക്ഷത്തിനുള്ളത്.
ഇന്ത്യയില്‍ വര്‍ഗീയത ആഴത്തില്‍ വേരൂന്നിക്കഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയമായി തോല്‍പിക്കപ്പെട്ടാലും അത് നിലനില്‍ക്കും. അതിനെ തുടച്ചുനീക്കാന്‍ സംസ്കാരത്തില്‍ നമുക്ക് ഇടപെടാന്‍ കഴിയണം. വര്‍ഗീയതയെ പ്രതിരോധിക്കാനുള്ള ബലിഷ്ഠമായ അടിത്തറ വര്‍ഗസമരമാണ്.
വര്‍ഗീയതയെ മറികടക്കാന്‍ ഓരോ വിഭാഗം ജനങ്ങളുടെയും ജീവല്‍പ്രശ്നങ്ങള്‍ ആസ്പദമാക്കിയുള്ള കൂട്ടായ ഇടപെടല്‍ ഉണ്ടാവണം. കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നാല്‍ വര്‍ഗീയതക്കെതിരെ പുതിയ കര്‍മപദ്ധതി നടപ്പാക്കും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബിജോണ്‍ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.